ഗുജറാത്ത്: അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ട സ്ത്രീയുടെ മൃതശരീരം അച്ഛനും മകളും ചേര്‍ന്ന് വെട്ടിനുറുക്കിയതിനു ശേഷം ബാല്‍ക്കണിയിലിട്ടു കത്തിച്ചു.

വാല്‍സാദ് ജില്ലയിലെ മാളവ്യാജി റോഡിലെ വീട്ടില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മഗ്ന റാണ(72)യും മകള്‍ കുശാല്‍ (44)കൂടിയാണ് മരിച്ച സവിതയുടെ (70) മൃതദേഹം വെട്ടിനുറക്കിയതിനു ശേഷം കത്തിച്ചത്.

വീട്ടില്‍ നിന്നും തീയുയരുന്നതുകണ്ട് അയല്‍ക്കാര്‍ കാര്യം അന്വേഷിച്ചപ്പോള്‍ വീട്ടിലെ വളര്‍ത്തുപൂച്ച ചത്തെന്നും അതിനെ കത്തിച്ചതാണെന്നുമാണ് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്യം വെളിച്ചത്തായത്. മഗ്ന റാണയും അദ്ദേഹത്തിന്റെ ഭാര്യ സവിതയും മകള്‍ കുശാലും മാത്രമാണ് ആ വീട്ടില്‍ താമസിച്ചിരുന്നത്.

രോഗിയായ തന്റെ ഭാര്യ കഴിഞ്ഞ മാസം 29 ാം തിയ്യതി മരിച്ചതായി മഗ്ന റാണ പോലീസിന് മൊഴി നല്‍കി. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ നടത്തിയ തെളിവെടുപ്പിലാണ് കത്തിച്ച ശരീരം മനുഷ്യന്റേതുതന്നെയാണെന്ന് തെളിഞ്ഞത്.

സ്വാഭാവിക മരണം തന്നെയാണോ നടന്നതെന്ന് സ്ഥിരീകരിക്കാനായി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Malayalam News

Kerala News In English