എഡിറ്റര്‍
എഡിറ്റര്‍
കുട്ടികളെ മാവോയിസ്റ്റുകള്‍ എന്നുവിളിച്ച് ടി.വി ഷോയ്ക്കിടെ മമത ബാനര്‍ജിയുടെ വാക്ക് ഔട്ട്
എഡിറ്റര്‍
Saturday 19th May 2012 9:00am

കൊല്‍ക്കത്ത: ടി.വി സംവാദത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇറങ്ങിപ്പോയി. ഐ.ബി.എന്‍ ചാനല്‍ സംഘടിപ്പിച്ച സംവാദത്തിനിടേയാണ് മമത ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയത്.

സംവാദത്തില്‍ ചോദ്യം ചോദിച്ചവരെ മാവോയിസ്റ്റുകള്‍ എന്ന് വിളിച്ചാണ് മമത ഇറങ്ങിപ്പോയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണവിലയിരുത്തലുമായി ബന്ധപ്പെട്ട നടത്തിയ ഷോയില്‍ കുട്ടികളുടെ ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.

ജാദവ് പൂര്‍ യൂണിവേഴ്‌സിറ്റിയിലെ അഭിഷേക് മഹാപത്രയുടെ അറസ്‌ററുമായി ബന്ധപ്പെട്ട ചോദ്യവും സംസ്ഥാനത്ത് സ്ത്രീകള്‍ക്കുനേരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളെ കുറിച്ചുള്ള ചോദ്യവും സംവാദത്തില്‍ ഉയര്‍ന്നിരുന്നു.

അഭിഷേക് മഹാപത്ര ഒരു സി.പി.എം പ്രവര്‍ത്തകനായിരുന്നുവെന്നും അദ്ദേഹം ഇമെയില്‍ ദുരുപയോഗപ്പെടുത്തുകയും സമ്മതം കൂടാതെ അത് 60 പേര്‍ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇതൊന്നും ഒരു കാര്‍ട്ടൂണ്‍ അല്ലെന്നും, കാര്‍ട്ടൂണുകളെ ഞങ്ങളെല്ലാവരും ഇഷ്ടപ്പെടുന്നവരാണെന്നും മമത വ്യക്തമാക്കി.

കാര്‍ട്ടൂണ്‍ വിവാദത്തെ കുറിച്ചുള്ള ചോദ്യം ഓഡിയന്‍സിന്റെ ഭാഗത്തു നിന്നും വന്നപ്പോള്‍ ഇക്കൂട്ടത്തില്‍ ഇരിക്കുന്ന പലരും മാവോയിസ്റ്റുകളാണെന്നായിരുന്നു മമതയുടെ പ്രതികരണം. ചോദ്യം ചോദിച്ച പെണ്‍കുട്ടിയെ മാവോയിസ്റ്റ് എന്ന് വിളിച്ച് ദേഷ്യപ്പെടുകയും ചെയ്തു. ജാദവ് പൂര്‍ യൂണിവേഴ്‌സിറ്റിയ്ക്ക് പുറത്തുള്ള ഒരു കുട്ടി പോലും ഈ സംവാദത്തില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്നും മമത ചോദിച്ചു.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ദിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോള്‍, സ്ത്രീകള്‍ക്ക് നേരെ ഒരു അക്രമവും നടക്കുന്നില്ലെന്നും മാവോയിസ്‌ററുകളെ പോലെ ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കണമെന്ന് പറയുകയും ചെയ്തു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് മാവോയിസ്റ്റ് അനുകൂലികളും സി.പി.എം ഗ്രൂപ്പുകളുമാണെന്നായിരുന്നു മമതയുടെ പ്രധാന പരാതി.

Advertisement