മാലി: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നശീദ് രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് രാജിവെച്ചു. ദേശീയ ടെലിവിഷനിലൂടെയാണ് നശീദ് രാജിപ്രഖ്യാപനം നടത്തിയത്. സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ ഒരാളെ സര്‍ക്കാര്‍ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാളെ മോചിപ്പിക്കാന്‍ മുതിര്‍ന്ന ക്രിമിനില്‍ കോടതി ജഡ്ജിയായ അബ്ദുള്ള മുഹമ്മദ് നിര്‍ദേശിച്ചപ്പോള്‍, ജഡ്ജിയെ അറസ്റ്റു ചെയ്യാന്‍ നശീദ് ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മാലിദ്വീപില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നാണ് പ്രസിഡന്റ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

നശീദിന്റെ രാജിയെത്തുടര്‍ന്ന് പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് മുഹമ്മദ് വഹീദ് ഹസനെ ഏല്പിച്ചതായി ബ്രിഗേഡിയര്‍ അഹമ്മദ് ഷിയാം അറിയിച്ചു. സൈന്യവും പോലീസുമാണ് ഭരണമേറ്റെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വാര്‍ത്താ മാധ്യമങ്ങളുടെയും വിമാനത്താവളത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടുണ്ട്.

Subscribe Us:

‘ഒരു മാലിദ്വീപുകാരനെയും വേദനിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. ഞാന്‍ അധികാരത്തില്‍ തുടരുന്നത് പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് തോന്നുന്നു. അതിനാല്‍ ഞാന്‍ സ്ഥാനം ഒഴിയുകയാണ്. മാലിദ്വീപിന്റെ ഈ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യുന്നതാണ്’സ്ഥാനമൊഴിഞ്ഞു കൊണ്ടുള്ള പ്രസംഗത്തില്‍ നശീദ് പറഞ്ഞു.


അഴിമതിക്കാരനാണെന്നും പക്ഷപാതപരമായി പെരുമാറുകയാണെന്നും ആരോപിച്ചാണ് നശീദ് ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ജനങ്ങള്‍ തെരുവിലിറങ്ങിയത് രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തെ തകര്‍ത്തിരിക്കുകയാണെന്നും പ്രശ്‌ന പരിഹാരത്തിന് യു.എന്‍ ഇടപെടണമെന്നും നശീദ് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാരെ ചെറുക്കാന്‍ ആദ്യം പോലീസ് പ്രസിഡന്റിന് കൂടെയായിരുന്നെങ്കിലും പിന്നീട് സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. തുടര്‍ന്ന് സെന്യവും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു.

ദേശീയ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ മുഹമ്മദ് നശീദ് തീരുമാനിച്ചിരുന്നെങ്കിലും പോലീസ് അനുവദിച്ചിരുന്നില്ല. സര്‍ക്കാന്‍ പ്രക്ഷേപണ നിലയങ്ങളുടെ നിയന്ത്രണം പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. മാലിദ്വീപില്‍ നടന്നത് സൈനിക അട്ടിമറിയാണെന്നും രാജിവെച്ച നശീദ് ഇപ്പോള്‍ പോലീസിന്റെ നിയന്ത്രണത്തിലാണെന്നുമുള്ള വാര്‍ത്തകള്‍ സര്‍ക്കാര്‍ വൃത്തങ്ങല്‍ നിഷേധിക്കുന്നുണ്ട്. നശീദ് രാജ്യം വിട്ടു പോയിട്ടുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തകനും പരിസ്ഥിതി വാദിയും രാഷ്ട്രീയ തടവുകാരനുമായിരുന്ന മുഹമ്മദ് നശീദ് 30 വര്‍ഷത്തെ മുഹമ്മദ് ഖയ്യൂമിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് 2008 ലാണ് അധികാരമേറ്റത്. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിന്റെ ഭാഗമായി കടലിനടിയില്‍ മന്ത്രിസഭായോഗം ചേരുകയും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ബോധവത്കരിക്കാന്‍ വേണ്ടി ലോകരാജ്യങ്ങളില്‍ നശീദ് യാത്രകള്‍ നടത്തുകയും ചെയ്തിരുന്നു.

Malayalam News

Kerala News in English