Categories

വാക്കുകള്‍ക്ക് വെടിമരുന്നിന്റെ ശക്തി

എന്‍ എന്‍ കക്കാടിന്റെ കവിതകള്‍ / ബവിന്‍ദാസ്. പി.വി
‘ഒരുകവിത ഉരുണ്ടുകൂടുകയോ പുറത്തേക്ക് സംസാരിക്കുകയോ ചെയ്യാത്തപ്പോള്‍ ഞാന്‍ നിലനില്‍ക്കുന്നില്ല – അതുകൊണ്ടു കവിത എഴുതുന്നത് എനിക്ക് പ്രധാനമാണ്. അതില്‍ , അതിനുവേണ്ടി മാത്രം ഞാന്‍ ജീവിക്കുന്നു’.
എന്റെ കവിതയെക്കുറിച്ച് – എന്നെക്കുറിച്ച്
എന്‍ എന്‍ കക്കാട്

അതിജീവനത്തിന്റെ വഴിയില്‍ കവിത കൊടുംങ്കാറ്റാവുന്നത് ചരിത്രവീഥികളില്‍ നാം ഏറെ കണ്ടിട്ടുണ്ട്. സൗന്ദര്യാനുഭൂതികളുടെ മധുരവും ഗാനാത്മകതയുടെ പരിലാളനങ്ങളുമായി ആകാശങ്ങളില്‍ – സ്വപ്നാടനങ്ങളില്‍ മാത്രം ജീവിച്ചിരുന്ന നമ്മുടെ കവിതയെ മണ്ണിന്റെ ചൂടിലും ചൂരിലേക്കും വലിച്ചിറക്കിയ മഹാനുഭവരായ ഒട്ടേറെ കവികള്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു. ഇടശ്ശേരി, എന്‍ വി കൃഷ്ണവാര്യര്‍ , എന്‍ എന്‍ കക്കാട്, കടമ്മനിട്ട തുടങ്ങിയവരെല്ലാം ഈ നിരയില്‍ നില്‍ക്കുന്നവരാണ്. എഴുതിയതും ജീവിച്ചതുമായ കാലഘട്ടത്തിന്റെ സവിശേഷതകള്‍ പരിശോധിക്കുമമ്പോള്‍ എന്‍ എന്‍ കക്കാട് എന്ന കവി എല്ലാവരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത് കാണാം.

കവിതാരംഭം

Ads By Google

പഴയകാല കവികളെപോലെതന്നെ ശ്ലോകമെഴുത്തില്‍ തന്നെയാണ് കക്കാടിന്റെയും തുടക്കം; ഒരു മനോരാജ്യക്കാരന്റെ നിഗൂഢഭാവനകള്‍ ..സ്വപ്‌നാടനങ്ങള്‍ ..വിപുലമായ വായനാശീലം കാവ്യലോകത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടു. മഹാഭാരതേതിഹാസം ഭാവനക്കും ജീവിതചിന്തകള്‍ക്കും പുതിയ ചിറകുകള്‍ നല്‍കി. പിന്നീട് ജീവിതാനുഭവങ്ങളിലേക്ക്്്, സ്വാതന്ത്ര്യസമരവും ഗാന്ധിജിയും കോണ്‍ഗ്രസുമെല്ലാം കടന്നുവന്നു. എന്‍ വി. കൃഷ്ണ വാര്യരുമായുള്ള ബന്ധം സാമൂഹ്യ സാഹിത്യമണ്ഡലങ്ങളില്‍ കക്കാടിന്റെ ദിശ നിര്‍ണ്ണയിച്ച ഒന്നായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ മനം മടുപ്പിക്കുന്ന കാഴ്്്ചകളാണ് കക്കാടിന്റെ കവിതകളെ മുനകൂര്‍ത്ത ആയുധമാക്കി പരിണമിപ്പിച്ചത്. അധികാരത്തിന്റെ സിംഹാസന ലഹരി നമ്മുടെ നാടിന്റെ ഭരണസംവിധാനത്തെ നിരര്‍ത്ഥകവും ഉദാസീനവും ആക്കിതീര്‍ത്തപ്പോള്‍ അതിനു മുകളിലേക്ക് ഒരഗ്നിപര്‍വ്വതമായി പൊട്ടിതെറിക്കുകയായിരുന്നു കക്കാട്.

പുതുവഴിവെട്ടും ഞങ്ങള്‍

കാച്ചിക്കുറുക്കി മധുരം ചേര്‍ത്ത ഒന്നായിരുന്നില്ല കക്കാടിന്റെ കവിത. പ്രമേഹരോഗം പിടിപ്പെട്ട നമ്മുടെ സമൂഹത്തിന് ഔഷധം മധുരമല്ല കയ്‌പേറിയ കഷായം തന്നെയാണെന്ന തിരിച്ചറിവാണ് കവിയെ നയിച്ചത്. ഈ ചിന്ത തന്നെയാണ് നിലവിലുള്ള കവിതാ രീതികളെ – വ്യവസ്ഥകളെ – മുഴുവന്‍ വെല്ലുവിളിച്ചു കൊണ്ടു രചനയില്‍ പുതുവഴികളിലേക്ക് കവിയെ നയിച്ചതും. പ്രതിഷേധത്തിന്റെ ചൂടും ചൂരും കക്കാടിന്റെ കവിതയില്‍ നാം അറിയുന്നു. കാലില്‍ മുള്ള് കയറുമ്പോളുള്ള വേദന നാം അനുഭവിച്ചറിയുന്നു.

വൃത്ത താളങ്ങളെല്ലാം കൈമുതലായിരുന്നിട്ടും പലപ്പോഴും പരുഷ ഗദ്യത്തെ കൂട്ടുപിടിച്ചാണ് കവി കവിതയുടെ ലക്ഷ്യം നിറവേറ്റുന്നത്. ശക്തിയുടെ കവിയായ ഇടശ്ശേരിയെപോലെ തന്നെ കവിതയില്‍ കരുത്ത് കോരി നിറച്ചിരിക്കുന്നു കക്കാട്. മനുഷ്യന്‍ നിര്‍വ്വികാരനാകുന്ന സ്ഥിതിയിലേക്ക് നാട് ചിന്തിക്കുമ്പോള്‍ വാക്ക് മൗനമായി വേദനയായി പൊട്ടിത്തെറിക്കുന്നതും നാം കക്കാടിന്റെ കവിതയില്‍ അറിയുന്നു.

തോന്ന്യാക്ഷരകവിതകള്‍

മധുരോദാരങ്ങളായ പദങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കണം കവിത എന്ന വ്യവസ്ഥയേയോ തോന്നലുകളെയോ ആകെകൂടെ തകിടം മറിച്ചു കൊണ്ടാണ് ചെറ്റയും പട്ടിയും പുലയാടിപ്പെണ്ണും പോത്തും കഴുവേറിപ്പാച്ചനും മലയാളകവിതയിലേക്ക് കടന്നുവരുന്നത്. ഒട്ടനവധി മനുഷ്യാത്മാക്കള്‍ ജീവന്‍ കൊടുത്തും ത്യാഗം സഹിച്ചും നേടിയെടുത്ത സ്വാതന്ത്ര്യം മുഴുവന്‍ ഒരു ദിനത്തില്‍ ഇല്ലാതായപ്പോഴും അതിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാതിരുന്ന ഭാരതീയ യുവത്വത്തിന്റെ മുഖത്ത് നോക്കി തെറി വിളിക്കുകയായിരുന്നു കക്കാട്. പ്രതികരണശേഷി നഷ്ടം വന്ന സ്വതന്ത്രഭാരത പൗരന്റെ ദീനജീവിതം കത്തിയുടെ വായ്തല പോലെ തിളങ്ങുന്ന വാക്കുകളിലാണ് കക്കാട് പകര്‍ത്തുന്നത്.

‘ആടെട ചെറ്റേ ആട്, മറ്റെന്തുണ്ടീ
നാണം കെട്ട ജഗത്തില്‍ ചെയ്യാന്‍’
(ചെറ്റകളുടെ പാട്ട്)

എന്ന്, കാല്‍ കീഴിലെ മണ്ണ് മുഴുവന്‍ ഒലിച്ചുപോയിട്ടും സ്വന്തം നിലയെക്കുറിച്ചറിയാതെ മറ്റുള്ളവന്റെ കുറ്റങ്ങളും കുറവുകളും കണ്ട് രസിച്ച് നുണപറഞ്ഞിരിക്കുന്ന ചെറ്റകളോട് മുഖത്തടിച്ചപോലെ കവി പറയുന്നുണ്ട്. അടിയന്തരാവസ്ഥ കാലത്തെഴുതിയ മറ്റ് കവിതകളിലെല്ലാം തന്നെ ഇത്തരത്തിലുള്ള അതി രൂക്ഷമായ പദപ്രയോഗങ്ങള്‍ക്ക് കവി തുനിയുന്നു.

‘പടിക്കലുണ്ടൊരു പട്ടി അളിഞ്ഞു നാറുന്ന പട്ടി’ (പട്ടിപ്പാട്ട്)

ചെറ്റകളുടെ പാട്ടും, പട്ടിപാട്ടും, കഴുവേറിപാച്ചന്റെ പാട്ടുകഥകയും എല്ലാം കവിയുടെ രൂക്ഷ പ്രതികരണങ്ങള്‍ എന്ന രീതിയില്‍ വിലയിരുത്തുമ്പോള്‍ അതിനു പുറകിലെ വസ്തുത, ഈ കാലത്തിന് വേണ്ടത് മിനു മിനുത്ത വാക്കുകളുടെ സൗന്ദര്യമല്ല എന്ന കവിയുടെ ഉത്തമ ബോധ്യം തന്നെ ആണ്. പദഘടനയില്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങള്‍ പോലെ തന്നെ ആക്ഷേപസാഹിത്യത്തിന്റെ തീവ്രതയും നമ്മെ പലപ്പോഴും അനുഭവപ്പെടുത്തുന്നുണ്ട് കക്കാട്. അദ്ദേഹത്തിന്റെ ‘പോത്ത്’ എന്ന കവിത ഇതിന് ഉത്തമ ഉദാഹരണമാണ്.

‘ചത്ത കാലം പോല്‍
തളം കെട്ടിയ ചളിക്കുണ്ടില്‍
ശവംനാറിപ്പുല്ലുതിന്നാവോളവും
കൊഴുത്തമെയ് ആകവെ താഴ്ത്തി നീ
തൃപ്തനായ് കിടക്കുന്നു.
വട്ടച്ചുകൊമ്പുകളുടെ കീഴെ
തുറിച്ചു മന്തന്‍ കണ്ണാല്‍ നോക്കി നീ
കണ്ടതും കാണാത്തതുമറിയാതെ
എത്ര തൃപ്തനായ് കിടക്കുന്നു.
നിന്റെ ജീവനിലഴുകിയ ഭാഗ്യം
എന്തൊരു ഭാഗ്യം ‘
(പോത്ത്)

താന്‍ നേരിടുന്ന പ്രശ്‌നങ്ങളോട് പ്രതികരണത്തിന്റെയോ പ്രതിഷേധത്തിന്റെയോ ഒരു ചെറുവിരല്‍ പോലുമനക്കാതെ അലസതയുടെ ചളിക്കുണ്ടില്‍ കഴിയുന്ന ഒരു ജനതയെ ‘പോത്ത്’ എന്നല്ലാതെ കവി മറ്റെന്ത് വിളിക്കും? യഥാര്‍ത്ഥത്തില്‍ തന്റെ തൂലികയിലൂടെ പ്രതിഷേധത്തിന്റെയും അതിജീവനത്തിന്റെയും പുതിയ വഴികള്‍ ഒരു ജനസമൂഹത്തിനു മുന്നില്‍ വെട്ടിത്തെളിച്ച്്് മാര്‍ഗദര്‍ശനം നല്‍കുകയായിരുന്നു കവി, സാംസ്കാരിക പ്രക്ഷോഭത്തിനുള്ള ആയുധമാക്കി തന്റെ കവിതയെ മാറ്റുകയായിരുന്നു. 1987 ജനുവരി ഏഴിനായിരുന്നു എന്‍ എന്‍ കക്കാടിന്റെ അന്ത്യം.

കവിതയില്‍ വെടിമരുന്ന് നിറക്കേണ്ട കാലം

അധികാരത്തിനോടും പണത്തിനോടുമുള്ള ആര്‍ത്തി മുന്‍പെന്നതിനേക്കാളും പെരുകിയിരിക്കുന്ന പുതിയകാലത്ത്, ചങ്കൂറ്റമില്ലാത്ത ഭരണവര്‍ഗ്ഗം നമ്മുടെ നാടിന്റെ സത്വത്തെ തന്നെ നവ മുതലാളിത്ത ശക്തികള്‍ക്ക് പണയപ്പെടുത്തുന്ന ഈ കാലത്ത് ഈ കാഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കുന്നവരാവരുത് പുതിയ കാലത്തിന്റെ കവികള്‍. തരള വികാരങ്ങളെ പുല്‍കി സമയം കളയുവാനില്ല. പുതിയ ലോകത്ത് സുഖസൗകര്യങ്ങളില്‍ മുഴുകി അലസതയിലേക്ക് ആണ്ടു പോകുന്ന ജനതയെ വിളിച്ചുണര്‍ത്താനുള്ള ബാധ്യതയുണ്ട് കവിക്ക്. സമൂഹത്തിന്റെ പ്രശ്‌നങ്ങളോട് പുറം തിരിഞ്ഞ് തന്റെ ഉള്ളിലേക്ക് മാത്രം നോക്കുന്ന കവിയേയല്ല കാലം ആവശ്യപ്പെടുന്നത് സമൂഹത്തിന്റെ പ്രശ്‌നങ്ങളോട് അഭിമുഖമായി നിന്ന്, അത് തന്റെ കൂടെ പ്രശ്‌നമായി കണ്ട്, അതിനെതിരെ ആളുകളെ പ്രതികരിക്കാന്‍ പഠിപ്പിക്കുന്ന കവിയെയാണ്. ഇത് കവിതയില്‍ വെടിമരുന്ന് നിറക്കേണ്ട കാലം…കക്കാടിനെ പോലുള്ള കവികള്‍ കവിതയിലൂടെ കാണിച്ചു തന്ന രൂക്ഷ പ്രതികരണങ്ങളുടെ വിസ്‌ഫോടനങ്ങള്‍ പുതിയ തലമുറയിലെ കവികള്‍ക്കും പ്രചോദനമേകുമെന്ന് വിശ്വസിക്കാം.

14 Responses to “വാക്കുകള്‍ക്ക് വെടിമരുന്നിന്റെ ശക്തി”

 1. mily

  നല്ല കിടിലന്‍ ആര്‍ട്ടിക്കിള്‍ . സുപെര്‍ ആണ് .!!! നന്ദി . എന്നെ ഇതു വളരെ സഹായിച്ചു .

 2. sofia

  gud ,thank you sir .xpecting more valuable articles like this ……

 3. nanda

  വെരി ഗൂഊദ്!!!

 4. albin

  പുരേ മണ്ടത്തരം

 5. albin

  മറ മറ മറ മണ്ടത്തരം

 6. harikrishna

  ഇതെന്നെ വ്ലരെയടികം സഹായിച്ചു നന്തി

 7. oooooooooooo

  സൂപ്പര്‍…….ADIPOLY

 8. all

  വെരി ഉസെഫുല്‍ ആര്‍ട്ടിക്കിള്‍

 9. me

  ഇത് കൊള്ളാം…ബട്ട്‌ ഈ ആള്‍ ഫേമസ് അല്ലലോ!!!!endayalum എന്‍റെ അസ്സിഗ്ന്മേന്റ്റ്‌ ഇന് ഹെല്പ് ചെയ്യ്തു

 10. roby a

  (പട്കലുണ്ടൊരു പട്ടി
  അളിഞ്ഞു നാറുന്ന പട്ടി’ (പട്ടിപ്പാട്ട്)
  extraordinary

 11. jisna

  താങ്ക്സ് ഫോര്‍ ദിസ്‌ ഇന്‍ഫര്‍മേഷന്‍

 12. chithra

  very gud…….it helped me with my assignment..
  thanks a lot

 13. itsme...

  thanz sir for publishing this information……

 14. das

  njan vayichathil aetavum valippan

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.