Administrator
Administrator
ബാബുരാജ് ദോശ ചുട്ട കഥ
Administrator
Thursday 21st July 2011 5:14pm
Thursday 21st July 2011 5:14pm

baburaj film actor

അടിമുടി ഗുണ്ട ലുക്ക്, പ്രേക്ഷകന് കാത് പൊത്താന്‍ തോന്നിക്കുന്ന നാല് ഡയലോഗ്, നായകന്റെ അടി നെഞ്ചും വിരിച്ച് കൊള്ളുക. ഇതായിരുന്നു സിനിമയില്‍ ബാബുരാജ്. ആഷിക് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പറില്‍ ബാബുരാജ് അടിക്കൊള്ളുന്നില്ല. തെറിവിളിക്കുന്നുമില്ല. നെറ്റിയില്‍ ഭസ്മക്കുറി, മുടി രണ്ടുവശത്തേക്കും ചീകിയൊതുക്കി, ബാബുരാജ് പറയുന്നു രണ്ട് രാധാസ്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ബാബുരാജിന്റെ ഭാവമാണിത്.

ചിത്രം പുറത്തിറങ്ങിയശേഷം അനുമോദനങ്ങളുടെ പ്രവാഹമാണ്. എല്ലാവര്‍ക്കും ഒന്നേ പറയാനുള്ളൂ ‘കലക്കിയിട്ടുണ്ട്’.

സോള്‍ട്ട് ആന്റ് പെപ്പറിലെ ബാബുവിന്റെ വിശേഷങ്ങളും ‘മനുഷ്യമൃഗ’ത്തിന്റെ അനുഭവങ്ങളും ബാബുരാജ് ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍ ജിന്‍സി ബാലകൃഷ്ണനോട് സംസാരിച്ചന്റെ പ്രസക്ത ഭാഗങ്ങള്‍:

സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തില്‍ ബാബു ആവുന്നത് എങ്ങനെയാണ്?

salt-and-pepperസംവിധായകനായ ആഷിക് അബുവിന്റെ ഡാഡികൂള്‍ എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതില്‍ അല്‍പം ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രമാണ് ചെയ്തത്. ആഷിക് സാള്‍ട്ട് ആന്റ് പെപ്പര്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ബാബുവിന്റെ വേഷം ചെയ്യാന്‍ എന്നെയാണ് മനസില്‍ കണ്ടത്. അങ്ങനെ അദ്ദേഹം എന്നെ ക്ഷണിക്കുകയായിരുന്നു.

ഇതുപോലുള്ള കഥാപാത്രം മുന്‍പ് ചെയ്തിട്ടില്ലാത്തതിനാല്‍ എനിക്കിത് പറ്റുമോ എന്ന കാര്യത്തില്‍ നടന്‍ ലാലുള്‍പ്പെടെയുള്ളവര്‍ക്ക് സംശയമുണ്ടായിരുന്നു. ലാല്‍ പിന്നീട് ഇക്കാര്യം എന്നോട് തുറന്നുപറഞ്ഞിട്ടുമുണ്ട്. പക്ഷെ ആഷിക്കിന് എന്നില്‍ വിശ്വാസമായിരുന്നു.

ഇത്രയും കാലം ചലച്ചിത്രരംഗത്ത് വില്ലന്‍കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ബാബുരാജിന് ഇതുപോലൊരു കഥാപാത്രം ചെയ്യാനാവുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നോ?

ഞാന്‍ എന്റെ അഭിനയജീവിതം തുടങ്ങിയത് ഇത്തരം കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ്. സിനിമയിലെത്തുന്നതിന് മുമ്പ് നാടകങ്ങളിലും മറ്റും അഭിനയിക്കാറുണ്ടായിരുന്നു. സ്‌കൂള്‍ കോളേജ് നാടകങ്ങളില്‍ എനിക്ക് ലഭിക്കാറുണ്ടായിരുന്ന സ്ഥിരം വേഷം ഇതുപോലെ ഹ്യൂമര്‍ടച്ചുള്ള വേലക്കാരന്റെയോ, പുറംപണിക്കാരന്റെയോ ആയിരുന്നു. ഇതിനെക്കുറിച്ച് എന്റെ കൂട്ടുകാര്‍ ഇപ്പോഴും പറയും.

സിനിമ പുറത്തിറങ്ങിയപ്പോള്‍ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടേയും പ്രതികരണം എങ്ങനെയായിരുന്നു?

baburaj as villeinസഹപ്രവര്‍ത്തകരെല്ലാം വിളിച്ചഭിനന്ദിച്ചു. മിക്കവാറും എല്ലാ മിമിക്രിതാരങ്ങളും എന്നെ വിളിച്ചിട്ടുണ്ട്. കലക്കി എന്നാണ് എല്ലാവരും പറഞ്ഞത്.

വാണിയും കുട്ടികളും സിനിമ കണ്ടിട്ടില്ല. അവര്‍ മദ്രാസിലാണുള്ളത്.

സിനിമയില്‍ വന്നപ്പോള്‍ വില്ലന്‍വേഷം ചെയ്യേണ്ടിവന്നു. ഒരു പക്ഷെ എന്റെ രൂപം കൊണ്ടാവാം എനിക്ക് ലഭിച്ചതെല്ലാം അത്തരം വേഷങ്ങളായിരുന്നു.

സോള്‍ട്ട് ആന്റ് പെപ്പറിലെ കഥാപാത്രം ഒരു പാചകക്കാരന്റെതാണ്. ചന്ദനക്കുറിയും മുടി രണ്ട് സൈഡിലേക്ക് ചീകിയൊതുക്കി അല്‍പം സ്‌്രൈതണതയുള്ള കഥാപാത്രമാണ്. സ്‌്രൈതണത കലര്‍ന്ന കഥാപാത്രത്തിന്റെ മാക്‌സിമം ചാന്ത്‌പൊട്ട് എന്ന ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ചിരുന്നു. ഇത് പിന്നീട് മിമിക്രിതാരങ്ങളും മറ്റും വ്യപകമായി അനുകരിച്ചതാണ്. അതുകൊണ്ടുതന്നെ അതുപോലൊന്ന് ആവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഈ ‘പെണ്ണിഷ്’ ഭാവം പുറത്തുവരികയും വേണം. അതുകൊണ്ടാവണം പോടാ പട്ടി എന്ന ഡയലോഗ് ആളുകളെ പൊട്ടിച്ചിരിപ്പിച്ചത്.

ഈ ഡയലോഗ് കണ്ട് പലരും കൊച്ചിന്‍ ഹനീഫ സ്‌റ്റൈല്‍ എന്നൊക്കെ പറഞ്ഞിരുന്നു. അതില്‍ അഭിമാനമേയുള്ളൂ. കൊച്ചിന്‍ ഹനീഫയുടെ ഭീഷ്മാചാര്യ എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമാ രംഗത്ത് വന്നതുതന്നെ. അദ്ദേഹത്തിന്റെ അനുജന്‍ നൗഷാദ് എന്റെ സുഹൃത്താണ്. ഞങ്ങളൊരുമിച്ച് പഠിച്ചതാണ്. നൗഷാദ് വഴിയാണ് ഞാന്‍ സിനിമയിലെത്തിയത്.

നടന്‍മാര്‍ കൊമേഡിയന്‍, വില്ലന്‍, സഹനടന്‍ തുടങ്ങി എതെങ്കിലും കാറ്റഗറിയിലേക്ക് നടന്മാരെ ബ്രാന്റ് ചെയ്യപ്പെടുന്നു. കലാകാരന്‍മാരെ ഇങ്ങനെ ബ്രാന്റ് ചെയ്യുന്നതില്‍ സംവിധായകര്‍ക്ക് പങ്കുണ്ടോ? സൂപ്പര്‍താരങ്ങളുടെ മേധാവിത്വം ഇതിന് കാരണമായിട്ടുണ്ടോ?

baburaj-as villainസിനിമയില്‍ ഒരു നടന്റെ മാര്‍ക്കറ്റാണ് പ്രധാനം. ഇതൊരു വ്യവസായമാണ്. ഇറക്കുന്ന പണം തിരിച്ചു പിടിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക.

ഒരു സംവിധായകന്‍ തന്റെ ഭാഗം സെയ്ഫ് ആക്കാനാണ് ശ്രമിക്കുന്നത്. ഹാസ്യ കഥാപാത്രമാണെങ്കില്‍ സലിംകുമാറിനെയോ ജഗതിയെയോ തേടി പോകും. വില്ലന്‍ കഥാപാത്രമാണെങ്കില്‍ ഞങ്ങളെപോലുള്ളവരെ തേടിയെത്തും. ആരും റിസ്‌ക് ഏറ്റെടുക്കാന്‍ തയ്യാറാവില്ല. അത് ഞാന്‍ സംവിധാനം ചെയ്യുമ്പോഴും അങ്ങനെതന്നെയാണ്.

പുതിയൊരാളെവച്ച് ഒരു പരീക്ഷണം നടത്താനുള്ള ധൈര്യം ആഷിക് അബുവിനെപ്പോലെ ചുരുക്കം ചിലര്‍ക്കേ ഉണ്ടാവൂ. അത് ചിലപ്പോള്‍ വിജയിക്കാം. മറ്റുചിലപ്പോള്‍ പരാജയപ്പെടാം.

പിന്നെ ഒരാള്‍ക്ക് കഴിവുണ്ടെങ്കില്‍ അയാളുടെ വളര്‍ച്ച തടയാന്‍ ഒരു സൂപ്പര്‍താരം വിചാരിച്ചാലും കഴിയില്ല. ആരും ആരെയും തഴയാന്‍ പാടില്ല. എല്ലാവരും കിംഗാണ്..

ഒരു നടനെ ഏതെങ്കിലുമൊരു ഇമേജിനുള്ളില്‍ തളച്ചിടുന്നതാരാണ്?

ഇമേജ് ഓഡിയന്‍സ് ഉണ്ടാക്കുന്നതാണ്. അവര്‍ സിനിമയില്‍ ഒരു വില്ലന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പൊട്ടിച്ചിരിക്കുകയോ കരയുകയോ അല്ല ചെയ്യുന്നത്. ഒരു സൈലന്‍സാണ് അവിടെ ഉണ്ടാവുക. അത് ആ നടനെ വില്ലനായി പ്രേക്ഷകര്‍ അംഗീകരിച്ചതിന്റെ സൂചനയാണ്. പിന്നെ നിങ്ങള്‍ ഇതുവരെ കണ്ടതല്ല ഞാന്‍, എന്ന് പ്രൂവ് ചെയ്യണം. അതിന് നടന് അവസരം ലഭിക്കണം.

കൊച്ചിന്‍ ഹനീഫയുടെ കാര്യം തന്നെയെടുക്കാം. നല്ലൊരു വില്ലനായാണ് അദ്ദേഹം തുടങ്ങിയത്. കിരീടത്തിലൂടെ താന്‍ നല്ല ഹാസ്യതാരമാണെന്ന് ഹനീഫ തെളിയിച്ചു. സ്വാഭാവികമായും പിന്നീട് അദ്ദേഹത്തെ തേടി അവസരങ്ങളെത്തി.

നല്ല കഥാപാത്രം കിട്ടിയാലും ചിലപ്പോള്‍ സിനിമ ശ്രദ്ധിക്കപ്പെടണമെന്നില്ല. ഓടുന്ന സിനിമയിലെ നടന്‍ മാത്രമേ ശ്രദ്ധിക്കപ്പെടൂ.

പിന്നെ ഓരോന്നിനും ഓരോ സമയമുണ്ട്. സിനിമയില്‍ ഭാഗ്യത്തിനും സമയത്തിനും ഏറെ പ്രാധാന്യമുണ്ട്.

manushyamrugam baburaj as director

മനുഷ്യമൃഗം എന്ന ചിത്രത്തെക്കുറിച്ച്?

മനുഷ്യമൃഗം സമകാലീന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പറവൂര്‍ പീഡനം പോലുള്ള വാര്‍ത്തകള്‍ നമ്മള്‍ ദിവസവും കാണുന്നതാണ്. സ്വന്തം അച്ഛന്‍ തന്നെ മകളെ മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കുന്നു. ബന്ധങ്ങള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ലാതായിരിക്കുന്നു. ഭര്‍ത്താക്കന്‍മാരെ അടുപ്പിക്കാത്ത ഭാര്യമാര്‍ അത് പിന്നീടുണ്ടാക്കുന്ന വലിയ പ്രശ്‌നങ്ങള്‍ തുടങ്ങി നമ്മള്‍ കടന്നുപോകുന്ന അപകടമായ സാഹചര്യത്തെ ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചിരിക്കുകയാണ്. പച്ചയായ ജീവിതം മാത്രമേ മനുഷ്യമൃഗം വരച്ചുകാട്ടിയിട്ടുള്ളൂ.

നമ്മുക്ക് ചുറ്റും കാണുന്ന ഞരമ്പുരോഗികള്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്നവര്‍, റോഡിലേക്ക് ഇറങ്ങുന്ന പെണ്ണിനെ കയറി പിടിക്കുകയും, ബസില്‍ നിന്ന് പെണ്‍കുട്ടികളെ തോണ്ടുകയും ചെയ്യുന്നവര്‍. മനുഷ്യന്‍ പതുക്കെ പതുക്കെ മൃഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പേര് തന്നെ ഇതാണ് സൂചിപ്പിക്കുന്നത്.

manushyamrugamചിത്രത്തിലെ താങ്കളുടെ കഥാപാത്രം

ടിപ്പര്‍ ജോണിയെന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ജോണിയും കുടുംബവും ആ ഗ്രാമത്തിലേക്ക് വരുന്നു. പിന്നീട് അവിടെയൊരു കൊലപാതകം നടക്കുന്നു. അതിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കുകയാണ് ഈ ചിത്രം. ശരിക്കും ഇന്‍വെസ്റ്റിഗേഷന്‍ സ്‌റ്റോറി എന്നുവേണമെങ്കില്‍ പറയാം. പക്ഷെ ഇതിന് ജീവിതവുമായി അടുത്ത ബന്ധമുണ്ട്.

സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണോ സംവിധായകരംഗത്തേക്ക് കടന്നത്?

അങ്ങനെ വേണമെങ്കില്‍ പറയാം. ക്യാപ്‌സ്യൂള്‍ വേഷങ്ങള്‍ ചെയ്തുമടുത്തു. ഞാനവസാനം ചെയ്തത് താന്തോന്നി എന്ന ചിത്രത്തിലെ ക്യാപ്‌സ്യൂള്‍ വേഷമാണ്.

പിന്നീട് വിളിച്ചവരില്‍ നിന്നും എന്റെ സിനിമയുടെ കാര്യം പറഞ്ഞ് മനപൂര്‍വ്വം ഒഴിവാകുകയായിരുന്നു. സിനിമയിലങ്ങനെയാണ് പറ്റില്ല എന്ന് പറഞ്ഞാല്‍ അവന്‍ നായക വേഷങ്ങള്‍ ലഭിച്ചാലേ വരൂ, അവന് ജാടയാണ് എന്നൊക്കെ പറയും.

സിനിമയുടെ എല്ലാ ഭാഗത്തും ഞാന്‍ കൈവെച്ചിട്ടുണ്ട്. മുന്‍പ് ചില സിനിമകള്‍ നിര്‍മ്മിച്ചു, കഥയെഴുതി, തിരക്കഥയെഴുതി ബ്ലാക്ക് ഡാലിയ എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. ആ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല. ആ സമയത്തുതന്നെ മനുഷ്യമൃഗത്തിന്റെ കഥ എന്റെ മനസിലുണ്ടായിരുന്നു.

ചിത്രം നിര്‍മ്മിക്കാന്‍ വേറെ പ്രൊഡ്യൂസറെ നോക്കാമെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ സമരം കാരണം സിനിമ വൈകുമെന്ന ഘട്ടം വന്നപ്പോള്‍ വാണി നിര്‍മ്മാണച്ചുമതല ഏറ്റെടുക്കുകയായിരുന്നു.

ഇനി ബാബുരാജ് പഴയ വില്ലനിലേക്ക് മടങ്ങുമോ?

baburaj-as-villainഎല്ലാവരേയും പോലെ എനിക്കും നല്ല വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. പക്ഷെ സിനിമ എന്ന വ്യവസായത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ചിലപ്പോള്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യേണ്ടിവരും. അല്ലെങ്കില്‍ ഞാന്‍ സിനിമയില്‍ നിന്നും പുറത്താകും. ബാബുരാജ് ‘പഴയ’ ബാബുരാജായി മാറും.

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിനുശേഷം അശോകന്‍ പഴയ അശോകനായിരുന്നു. അദ്ദേഹത്തിനെ സിനിമാനടന്‍ അശോകനാക്കാന്‍ ടു ഹരിഹര്‍ നഗര്‍ വേണ്ടിവന്നു. അശോകന്‍ വന്നപ്പോള്‍ ഹരിശ്രീ അശോകന്‍ ‘പഴയ’ അശോകനായി. സിനിമയില്‍ പഴയ എന്ന വാക്ക് പെട്ടെന്ന് വരും.

എങ്കിലും ഇനി വെറുതെ അടികൊള്ളാനില്ല. ശക്തമായ വില്ലന്‍ വേഷങ്ങളാണെങ്കില്‍ ചെയ്യും.

പുതിയ പ്രോജക്ടുകള്‍ ഏതൊക്കെയാണ്?

രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയിലേക്ക് വിളിച്ചിട്ടുണ്ട്. പിന്നെ പലരും ഡേറ്റ് ചോദിക്കുന്നുമുണ്ട്. കുറച്ചുകാലം വെറുതെയിരിക്കാനാണ് തീരുമാനം. എന്റെ ചിത്രം പുറത്തിറങ്ങുകയാണ്. കുറച്ചുകാലമായി അതിന്റെ ടെന്‍ഷനിലായിരുന്നു. ഇനി മൂന്നാല് മാസം വെറുതെയിരിക്കണം.

സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ടെന്‍ഷനുള്ള പണിയാണ് സംവിധാനം. അഭിനയിക്കുന്നയാള്‍ക്ക് അവരുടെ ഭാഗം കഴിഞ്ഞാല്‍ പിന്നെയൊന്നും നോക്കേണ്ട. സംവിധായകന്റെ കാര്യം അങ്ങനെയല്ല. സിനിമയുടെ ഉത്തരവാദിത്തം മുഴുവന്‍ അയാള്‍ക്കാണ്.