ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരുടെ വിലക്കിനെതിരെ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമിതി രംഗത്ത്. മാധവന്‍ നായര്‍ക്കെതിരെയുള്ള നടപടി ഞെട്ടിക്കുന്നതാണെന്ന് സമിതി അധ്യക്ഷന്‍ സി.എന്‍.ആര്‍ റാവു പറഞ്ഞു.
ഏറ്റവും ബഹുമാന്യനായ വ്യക്തിക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. പദ്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ചവര്‍ക്കെതിരെയുള്ള നടപടി തെറ്റായിപ്പോയി. ഇദ്ദേഹത്തിനെതിരെയുള്ള നടപടി രാജ്യത്തെ ആധുനിക സാങ്കേതിക വിദ്യകളുടെ പുരോഗതിയ്ക്ക് തടസ്സമാണെന്നും ഉപദേശക സമിതി അംഗങ്ങള്‍ പറഞ്ഞു.
വിവാദമായ ആന്‍ട്രിക്‌സ് – ദേവാസ് എസ് ബാന്‍ഡ് ഇടപാടിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം മാധവന്‍നായര്‍ ഉള്‍പ്പെടെ നാലു പ്രമുഖ ശാസ്ത്രജ്ഞര്‍ക്ക് സര്‍ക്കാര്‍ പദവികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
മാധവന്‍ നായര്‍ക്കു പുറമെ ഐ.എസ്.ആര്‍.ഒ മുന്‍ സയന്റിഫിക് സെക്രട്ടറി ഭാസ്‌ക്കര നാരായണന്‍, ആന്‍ട്രിക്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍.ശ്രീധര മൂര്‍ത്തി, ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ.എന്‍.ശങ്കര എന്നിവര്‍ക്കെതിരെയാണു നടപടി.
ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സും ദേവാസ് മള്‍ട്ടി മീഡിയയും 2005 ജനുവരി 28ന് ഒപ്പുവച്ച കരാറാണു വിവാദമായത്. സ്വകാര്യ കമ്പനിക്ക് 70 മെഗാഹെട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രം 1000 കോടി രൂപയ്ക്കു നല്‍കാനുള്ളതായിരുന്നു കരാര്‍. ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കാനിരിക്കുന്ന രണ്ട് ഉപഗ്രഹങ്ങളിലെ 90% ട്രാന്‍സ്‌പോണ്ടറുകള്‍ ദേവാസിനു നല്‍കാനായിരുന്നു വ്യവസ്ഥ.
കരാര്‍ റദ്ദാക്കിയതിനെതിരെ ദേവാസിന്റെ ഹര്‍ജി പരിഗണിക്കാനിരിക്കെ മാധവന്‍ നായരുടെ വിലക്ക് നിയമയുദ്ധത്തില്‍ ദേവാസിന് അനുകൂലമാകുമെന്നും ഉപദേശക സമിതി വ്യക്തമാക്കി.
