തിരുവനന്തപുരത്തുകാരുടെ അണ്ണന്‍
Discourse
തിരുവനന്തപുരത്തുകാരുടെ അണ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th April 2010, 10:53 am


ദല്‍ഹിക്കാരുടെ ഭയ്യ


മന്ത്രി എം വിജയകുമാര്‍

ഉത്തമ കമ്യൂണിസ്റ്റ്കാരന്‍, പ്രഗത്ഭനായ അഭിഭാഷകന്‍, കേരളം കണ്ടിട്ടുള്ള സ്പീക്കര്‍മാരില്‍ പ്രധാനി, നല്ല പാര്‍ലമെന്റേറിയന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വര്‍ക്കല രാധാകൃഷ്ണന്റെ നിര്യാണത്തില്‍ ഞാന്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയാണ്. വിദ്യാര്‍ഥി-യുവജനപ്രസ്ഥാനങ്ങളിലൂടെ കടന്നുവന്ന ഞങ്ങള്‍ക്ക് ഒരു സംരക്ഷകനായിരുന്നു വര്‍ക്കല. അണ്ണന്‍ എന്ന് ഓമനപ്പേരിട്ടായിരുന്നു അദ്ദേഹത്തെ ഞങ്ങള്‍ അഭിസംബോധന ചെയ്തിരുന്നത്. സഖാക്കള്‍ എം എ ബേബി, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കു പുറമെ ഞാനും പൊലീസന്റെ കടുത്ത മര്‍ദ്ദനങ്ങളില്‍ നിന്നും ജയിലുകളിലെ പീഡനങ്ങളില്‍ നിന്നും രക്ഷനേടുന്നതിനു കണ്ട രക്ഷകനായിരുന്നു വര്‍ക്കല. കള്ളക്കേസുകളില്‍ പെടുത്തി സഖാക്കളെ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും ഹാജരാക്കുമ്പോള്‍ വര്‍ക്കല രക്ഷകനായി എത്തും. ഈ സംരക്ഷണം വ്യക്തിപരമായി അനുഭവിച്ചയാളാണ് ഞാന്‍.

നിയമസഭാ സാമാജികന്‍, സ്പീക്കര്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. വര്‍ക്കലക്കു പിന്നാലെ നിയമസഭാ അംഗവും സ്പീക്കറുമായ എനിക്ക് വ്യക്തിപരമായി സ്മരിക്കേണ്ട ഒരു ഗുരുസ്ഥാനീയനാണ് അദ്ദേഹം. നിയമനിര്‍മ്മാണസഭയുടെ ഗൗരവം ബോധ്യപ്പെടുത്തിത്തരുന്നതിനും നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തിത്തരുന്നതിനും അദ്ദേഹത്തിന്റെ സ്വീധീനം വളരെയേറെ ഉപകരിച്ചിട്ടുണ്ട്. നിയമസഭയില്‍ ആരേയും പേരെടുത്ത് വിളിക്കുന്നതിന് സ്വാതന്ത്ര്യമുള്ള ചുരുക്കം ചിലയാളുകളില്‍ ഒരാളായിരുന്നു അദ്ദേഹം. വര്‍ക്കലയുടെ രോഷപ്രകടനത്തിന് പാത്രമാകാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ തൊട്ടടുത്ത നിമിഷം ചിരിച്ച് കൊണ്ട് തോളില്‍ തട്ടുന്ന ജ്യേഷ്ഠ സഹോദരനെ അവര്‍ക്ക് കാണാന്‍ കഴിയും. പാര്‍ലമെന്റില്‍ സജീവ സാന്നിദ്ധ്യമായിരുന്നു വര്‍ക്കല. നമുക്കദ്ദേഹം അണ്ണനായിരുന്നെങ്കില്‍ ഉത്തരക്കാര്‍ക്ക് അദ്ദേഹം ഭയ്യയായിരുന്നു. കേന്ദ്രമന്ത്രിമാര്‍ ഉപദേശം തേടുന്ന ഒരു പാര്‍ലമെന്റേറിയനായിരുന്നു അദ്ദേഹം. അതുവഴി കേന്ദ്രമന്ത്രിമാരുമായി ഉണ്ടാക്കിയ സൗഹൃദം കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പലപ്പോഴും സഹായകരമായിട്ടുണ്ട്.

തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നത് സംബന്ധിച്ചും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം സംബന്ധിച്ചും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നവീകരണം സംബന്ധിച്ചും റെയില്‍വേയുടെ നവീകരണംസംബന്ധിച്ചും ഞാന്‍ കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ച അവസരങ്ങളിലെല്ലാം വര്‍ക്കല കൂടെയുണ്ടായിരുന്നു. മുന്‍കൂര്‍ അനുമതി വാങ്ങിക്കാതെ കേന്ദ്രമന്ത്രിമാരെ കാണാന്‍ അനുവാദമുള്ള എം പിയായിരുന്നു വര്‍ക്കല. വിഷയങ്ങള്‍ കേന്ദ്രമന്ത്രിമാരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനും അംഗീകരിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ പാടവം ഞാന്‍ പലപ്പോഴും നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. പാര്‍ലമെന്റിലെ പാനല്‍ ചെയര്‍മാനായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ലോക്‌സഭാ സ്പീക്കര്‍മാര്‍ക്കുപോലും മാതൃകയായിരുന്നു. വെട്ടിത്തുറന്ന് പറയുന്ന പ്രകൃതത്തിലൂടെ ആര്‍ക്കെങ്കിലും ഉണ്ടാകുന്ന പരിഭവം നിഷ്‌കളങ്കമായ ഒരു ചിരിയിലൂടെയും എടാ എന്നുള്ള സ്‌നേഹപൂര്‍ണമായ വിളിയിലൂടെയും അദ്ദേഹം പരിഹരിച്ചു. ഒരു യഥാര്‍ത്ഥ പാര്‍ലമെന്റേറിയന്‍ എന്താണെന്ന് വര്‍ക്കലയില്‍ നിന്ന് കണ്ടു പടിക്കണമെന്ന് എതിരാളികള്‍ പോലും പറയുന്നത് അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥക്കുള്ള തെളിവാണ്.

14 ാം ലോക്‌സഭയില്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്കുശേഷം ഏറ്റവും കൂടുതല്‍ സമയം സ്പീക്കര്‍ കസേരയിലിരുന്നത് വര്‍ക്കലയാണ്. സഭാ നടപടികളിലും ഭരണ വിഷയങ്ങളിലും അദ്ദേഹത്തിനുള്ള അഗാധ ജ്ഞാനമാണ് സ്പീക്കര്‍ പാനലിലേക്ക് അദ്ദേഹത്തെ പരിഗണിക്കാന്‍ കാരണം. ലോക്‌സഭയില്‍ സ്പീക്കറുടെ കസേരയില്‍ ഇരിക്കുമ്പോള്‍ അണ്ണന്‍ തങ്ങളെ പോലും സംസാരിക്കാന്‍ അനുവദിക്കാറില്ലെന്ന് കേരളത്തില്‍നിന്നു തന്നെയുള്ള ചില എം പിമാര്‍ പരാതിപ്പെടുകയുണ്ടായിരുന്നു. എന്നാല്‍ നിഷ്‌കളങ്കമായ ചിരിയൊന്നിലൂടെ അദ്ദേഹം പരിഭവമെല്ലാം നീക്കും. 1927 ഓഗസ്റ്റ് 21 ന് വര്‍ക്കലയില്‍ ആര്‍ വാസുദേവന്റെയും ജി ദാക്ഷായണിയുടെയും മകനായി ജനിച്ച രാധാകൃഷ്ണന്‍ നിയമപഠനം പൂര്‍ത്തിയാക്കി അറിയപ്പെടുന്ന അഭിഭാഷകനായ ശേഷമാണ് രാഷ്ട്രീയത്തിലേയ്ക്ക് തിരിഞ്ഞത്. അടിയന്തരാവസ്ഥക്കാലത്ത് വിചാരണയില്ലാതെ തടവില്‍ കഴിഞ്ഞവര്‍ക്ക് വേണ്ടി വര്‍ക്കല രാധാകൃഷ്ണന്‍ നടത്തിയ നിയമ പോരാട്ടങ്ങള്‍ ശ്രദ്ധേയമായി. 1967 ല്‍ ഇ എം എസ് രണ്ടാമത് മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിതനായത് വര്‍ക്കല രാധാകൃഷ്ണനായിരുന്നു. 87 മുതല്‍ 91 വരെ നിയമസഭാസ്പീക്കറായി പ്രവര്‍ത്തിച്ച കാലഘട്ടം കേരളത്തിന്റെ നിയമനിര്‍മാണ ചരിത്രത്തിലും വര്‍ക്കലയുടെ വ്യക്തിജീവിത്തതിലും ഒരുപോലെ പ്രധാനപ്പെട്ട കാലയളവായിരുന്നു. നിയമനിര്‍മാണങ്ങളുടെ കാര്യത്തില്‍ സ്പീക്കര്‍ എന്ന നിലയില്‍ വര്‍ക്കല നടത്തിയ ഇടപെടലുകളും സഭ നിയന്ത്രിച്ചു കൊണ്ടുപോകുന്നതില്‍ പുലര്‍ത്തിയ കാര്യക്ഷമതയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ആര്‍ ബാലകൃഷ്ണപിളളയെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കിയതും വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കറായിരുന്ന സമയത്താണ്. എല്ലാ നിയമ വശങ്ങളും പരിഗണിച്ച് എടുത്ത തീരുമാനം ശരിയെന്ന് അവസാനംവരെ അദ്ദേഹം വിശ്വസിച്ചു. പൊതുപ്രവര്‍ത്തക അഴിമതി നിരോധന നിയമം പാസാക്കുന്നതിന് വേണ്ടി 1987 ഡിസംബര്‍ 12 ന് തുടങ്ങിയ നിയമസഭാ നടപടികള്‍ പിറ്റെ ദിവസം പുലര്‍ച്ചെ 4.30 വരെ നീണ്ടതും വര്‍ക്കല സ്പീക്കറായിരുന്ന കാലത്തെ മറ്റൊരു ചരിത്രസംഭവമാണ്. കേരളത്തിനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും സംഭവിച്ച ഈ വലിയ നഷ്ടം വ്യക്തിപരമായി എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.