ലണ്ടന്‍: പന്ത്രണ്ടാമത് ലൊറെയ്‌സ്‌ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ലണ്ടന്‍ സിരാകേന്ദ്രമായ വെസ്റ്റ് മിനിസ്റ്റര്‍ സെന്റര്‍ ഹാളില്‍ ഇന്ത്യന്‍ സമയം രാത്രി രണ്ടുമണിയ്ക്കായിരുന്നു അവാര്‍ഡ് പ്രഖ്യാപനം നടന്നത്.

മികച്ച പുരുഷ കായിക താരമായി മൂന്നു വട്ടം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമുള്‍പ്പെടെ അഞ്ചു ഗ്രാന്‍സ്ലാം കിരീടങ്ങള്‍ക്കുടമയായ നൊവാക് ദ്യോക്കോവിച്ച് അര്‍ഹനായി. ദീര്‍ഘദൂര ഓട്ട മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച വിവിയന്‍ ചെറുയോട്ടിനെ മികച്ച വനിതാ താരമായും തിരഞ്ഞെടുത്തു.

മികച്ച ടീമിനുള്ള ലോറെയ്‌സ് ബഹുമതിയ്ക്ക് ബാഴ്‌സലോണ ഫുട്‌ബോള്‍ ടീം അര്‍ഹരായി. നവാഗത പ്രതിഭയ്ക്കുള്ള അവാര്‍ഡ് വടക്കന്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ഗോള്‍ഫ് താരം റോറി മക്കള്‍റോയ് നേടി.

കായിക രംഗത്തേക്കുള്ള അത്ഭുതകരമായ തിരിച്ചുവരവിന് 42കാരനായ ഗോള്‍ഫര്‍ ഡാരന്‍ ക്ലാര്‍ക്ക അര്‍ഹനായി. ദ്യോക്കോവിച്ചിനു പുറമേ ഫുട്‌ബോള്‍ സൂപ്പര്‍ താരം അര്‍ജ്ജന്റീനയുടെ ലയണല്‍ മെസ്സി, ജമൈക്കന്‍ സ്പ്രിന്റര്‍ ഉസെയ്ന്‍ ബോള്‍ട്ട്, ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ എന്നിവരാണ് മികച്ച പുരുഷ താരങ്ങള്‍ക്കുള്ള അന്തിമ ചുരുക്കപ്പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നത്.

വനിതാ വിഭാഗത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ പെട്ര ക്വിറ്റോവ, മികച്ച ലോക വനിതാ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ട ജപ്പാനീസ് താരം ഹോമാരി സാവ എന്നിവരും സ്ഥാനം പിടിച്ചിരുന്നു.

മികച്ച ടീമുകളുടെ പട്ടികയില്‍ ന്യൂസിലന്‍ഡിന്റെ റഗ്ബി ടീമിനെ പിന്തള്ളിയാണ് ലോക ക്ലബ് കപ്പ് ജേതാക്കളായ ബാഴ്‌സലോണ ഫുട്‌ബോള്‍ ടീം ബഹുമതി നേടിയത്.

Malayalam News

Kerala News In English