ആദ്യം തല്ലിയത് ഇക്ബാല്‍; സെയ്ഫ് പോലീസില്‍ പരാതി നല്‍കി
മുംബൈ: മദ്യപിച്ച് ബാറില്‍ തല്ലുണ്ടാക്കിയതിന് കഴിഞ്ഞദിവസം അറസ്റ്റിലായ ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ എതിര്‍പരാതി നല്‍കി.താനാണ് ആദ്യം ആക്രമിക്കപ്പെട്ടതെന്നും പ്രതിരോധിക്കാന്‍ വേണ്ടിയാണ് തിരിച്ചുതല്ലിയതെന്നുമാണ് സെയ്ഫ് പരാതിയില്‍ പറയുന്നത്.
സെയ്ഫും നേരത്തെ പരാതി നല്‍കിയയാളും സ്വന്തം നിലപാടില്‍ ഉറച്ചുനിന്നതോടെ സാക്ഷികളെ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ സത്യാവസ്ഥ മനസിലാക്കാനാവൂയെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടുതന്നെ താജിലെ ജോലിക്കാരെയും പരാതിക്കാരനായ ഇക്ബാല്‍ ശര്‍മയുടെ കുടുംബാംഗങ്ങളെയും പോലീസ് ചോദ്യം ചെയ്തു. ആരാണ് ആദ്യം വഴക്ക് തുടങ്ങിയതെന്നറിയാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഏജന്റ് വിനോദ് എന്ന ചിത്രത്തിന്റെ പബ്ലിസിറ്റിക്കുവേണ്ടിയാണോ ഈ പ്രശ്‌നമുണ്ടാക്കിയതെന്ന ചോദ്യത്തിന് സെയ്ഫ് ഇങ്ങനെ മറുപടി നല്‍കി- ‘ ആരും നെഗറ്റീവ് പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് അത് ആവശ്യമില്ല. താരങ്ങളെ മാതൃകാപുരുഷന്മാരാണ് കാണുന്നതെന്നറിയാമെങ്കിലും ഞങ്ങളും മനുഷ്യരാണെന്ന് ആളുകള്‍ മനസിലാക്കണം.’
‘ ഈ പ്രശ്‌നം ഒഴിവാക്കാന്‍ ഞാന്‍ കഴിയുന്നത്ര ശ്രമിച്ചതാണ്. എന്റെ ദേഷ്യം ഞാന്‍ നിയന്ത്രിക്കാന്‍ നന്നായി ശ്രമിച്ചു. ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ടലില്‍ വച്ച് സെയ്ഫ് തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഇക്ബാല്‍ ശര്‍മ കഴിഞ്ഞദിവസം പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് സെയ്ഫിനെ പോലീസ് അറസ്റ്റു ചെയ്തു. അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടുണ്ട്.
വാര്‍ത്ത പുറത്തായതോടെ തന്നെയാണ് അയാള്‍ ആദ്യം അടിച്ചതെന്ന് പറഞ്ഞ് സെയ്ഫ് ശക്തമായി രംഗത്തെത്തുകയായിരുന്നു. പ്രായത്തില്‍ മൂത്തയാള്‍ എന്നെ തല്ലിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അയാളെ എന്താണ് പ്രകോപിപ്പിച്ചതെന്ന് തനിക്കറിയില്ലെന്നും സെയ്ഫ് വ്യക്തമാക്കിയിരുന്നു.
