കേരളത്തില്‍ നഗരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യ പ്രശ്‌നം ഭരണകൂടത്തിന് വലിയ തലവേദനയാവുകയാണ്. മാലിന്യത്തിന്റെ ഇരകള്‍ തങ്ങളുടെ ജീവിതം തിരിച്ചുപിടിക്കാനായി രംഗത്തിറങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം വിളപ്പില്‍ ശാലയില്‍ കഴിഞ്ഞ ദിവസം നടന്ന ഐതിഹാസികമായ ഉപരോധ സമരത്തില്‍ സര്‍ക്കാറിന് പിന്തിരിയേണ്ടി വന്നു. തൃശൂരിലെ ലാലൂരിലും മാലിന്യ കേന്ദ്രത്തിനെതിരെ വര്‍ഷങ്ങളായി സമരം നടക്കുന്ന സമരം ശക്തമായിരിക്കയാണ്. പ്രശ്‌നത്തില്‍ അടിയന്തരമായ പരിഹാരം ആവശ്യപ്പെട്ട് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.വേണു തൃശൂര്‍ കോര്‍പറേഷന് മുന്നില്‍ നിരാഹാരം തുടങ്ങിയിരിക്കയാണ്. ലാലൂര്‍ സമര സമിതി ചെയര്‍മാന്‍ ടി.കെ വാസു ഡൂള്‍ന്യൂസ് പ്രതിനിധി റഫീഖ് മൊയ്തീനുമായി സംസാരിക്കുന്നു.

കേരളത്തിലെ ഒരു മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിനെതിരായി ആരംഭിച്ച ആദ്യത്തെ സമരമാണ് തൃശ്ശൂരിലെ ലാലൂരിലേത്. ഇത്ര കാലമായിട്ടും എന്തു കൊണ്ട് നിങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല?

തൃശ്ശൂര്‍ നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ലാലൂരിലാണ്. ഈ മാലിന്യ നിക്ഷേപം 1942 മുതല്‍ തുടങ്ങിയതാണ്. യാതൊരു സംസ്‌കരണവുമില്ലാതെ എല്ലാ തരം മാലിന്യങ്ങളും ലാലൂരില്‍ തള്ളുകയാണ്. 1988ല്‍ സമരം ആരംഭിച്ചതാണ് ഞങ്ങള്‍. പലരീതികളിലുള്ള ഒത്തു തീര്‍പ്പുകളും ചര്‍ച്ചകളും പരിഹാര നിര്‍ദേശങ്ങളും കോടതി വിധികളും ലാലൂരിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നിട്ടും 24 വര്‍ഷമായി പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, രൂക്ഷമാകുകയും ചെയ്തിരിക്കുകയാണ്.

2009 ജൂലൈ 17ന് ഉണ്ടായ ഒരു കനത്ത മഴയില്‍ ലാലൂരിലെ മാലിന്യ മല പൊട്ടിയൊലിച്ചു. പരിഹാര നിര്‍ദേശത്തെ തുടര്‍ന്നും ചര്‍ച്ചകളെ തുടര്‍ന്നും നിര്‍ത്തി വെച്ചിരുന്ന സമരം അന്ന് ഞങ്ങള്‍ വീണ്ടും പുനരാരംഭിച്ചു. അപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ടു. അദ്ദേഹം മുന്‍കൈയ്യെടുത്ത് മാലിന്യങ്ങള്‍ കുന്നുകൂട്ടാതെ ഉറവിടങ്ങളില്‍ അന്നന്നു തന്നെ വേര്‍തിരിച്ചു സംസ്‌കരിക്കുന്ന LAMPS എന്ന വികേന്ദ്രീകണ സംസ്‌കരണ പദ്ധതി ആവിഷ്‌കരിച്ചു. പ്രായോഗികമായി നടപ്പാക്കാവുന്ന ഒരു രീതിയായിരുന്നു അത്. അതിന് ആവശ്യമായ പണവും  അനുവദിച്ചു. പക്ഷെ, കോര്‍പ്പറേഷന്‍ ഭരിച്ചിരുന്ന ഇടതുമുന്നണി ആ പദ്ധതി നടപ്പിലാക്കിയില്ല.

ലാലൂരിലെ മാലിന്യ പ്രശ്‌നത്തില്‍ എല്‍.ഡി.എഫിനുണ്ടായിരുന്ന അലംഭാവം ഉയര്‍ത്തിക്കാട്ടി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച യു.ഡി.എഫ് മൃഗീയ ഭൂരിപക്ഷത്തില്‍ ജയിച്ചു. എന്നാല്‍ അധികാരത്തില്‍ വന്നിട്ടും LAMPS പദ്ധതി നടപ്പാക്കാന്‍ യു.ഡി.എഫ് ഒന്നും ചെയ്തില്ല. 2011 നവംബര്‍ 30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോര്‍പ്പറേഷന്‍ അധികൃതരും സമരസമിതി പ്രതിനിധികളും പങ്കെടുത്തു. ലാലൂരിലെ മാലിന്യങ്ങള്‍ കോള്‍പ്പാടത്തുകൂടി പണിയാന്‍ ഉദ്ദേശിക്കുന്ന ഒരു റോഡിനായി ഉപയോഗിച്ചുകൊണ്ട് പൂര്‍ണ്ണമായി നീക്കം ചെയ്യാനും LAMPS പദ്ധതി പ്രകാരം തീരുമാനിച്ചിരുന്ന സംസ്‌കരണ കേന്ദ്രങ്ങളില്‍ രണ്ടെണ്ണം 2012 ജനുവരി 1നു മുമ്പ് തുടങ്ങാനും തീരുമാനമായിരുന്നു.

എന്നാല്‍ ജനുവരി മാസം ആരംഭിച്ചിട്ടും ഒരു നടപടിയുമായില്ല. ജനുവരി മാസം അവസാനത്തില്‍ ലാലൂരിലെ മാലിന്യ മലയ്ക്ക് തീ പിടിച്ചു. വിഷപ്പുക ആ പ്രദേശമാകെ നിറഞ്ഞു, പലതരത്തിലുള്ള രോഗങ്ങള്‍ ഉണ്ടായി. ഇപ്പോഴും തീ പുകഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ഈ അവസ്ഥ സമരസമിതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും കോര്‍പ്പറേഷനെക്കൊണ്ട് നടപടികളെടുപ്പിച്ചില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ സമരസമിതി അനിശ്ചിതകാല നിരാഹാരം ആരംഭിച്ചിരിക്കുന്നത്.

ഇത്രയധികം വര്‍ഷമായി തുടരുന്ന സമരമായിട്ടും എന്തുകൊണ്ട് നിങ്ങളുടെ സമരം വേണ്ടത്ര ചലനമുണ്ടാക്കാനോ ശ്രദ്ധ ക്ഷണിക്കാനോ കഴിയാതെ പോയി?

നിരന്തരമായി സമരം ഉണ്ടായതു കൊണ്ടാവണം ലാലൂരിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പല പദ്ധതികള്‍ ആവിഷ്‌ക്കരിക്കപ്പെടുകയുണ്ടായി. 9 കോടി 40 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. എനിക്കു തോന്നുന്നു, കേരളത്തില്‍ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് സമരം നടക്കുന്ന മറ്റൊരിടത്തും ഒരു പ്രശ്‌നപരിഹാര പദ്ധതി നിര്‍ദേശിക്കപ്പെടുകയോ അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുകയോ ചെയ്തിട്ടില്ല. ലാലൂരിലെ പദ്ധതിക്കായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഇപ്പോവും നിലനില്‍ക്കുകയാണ്. പ്രശ്‌ന പരിഹാരത്തിനായി കോര്‍പ്പറേഷനോട് അടിയന്തിരനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള കര്‍ക്കശ ഉത്തരവുകള്‍ ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങളൊക്കെ മുന്നില്‍ ഉള്ളതു കൊണ്ട് കാലങ്ങള്‍ പിന്നിട്ട ഞങ്ങളുടെ സമരത്തിന് ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നു പറയാന്‍ സാധിക്കില്ല. സമരസമിതി സംഘടിപ്പിച്ച നിരന്തര സമരങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ട്. സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ 21 കേസുകള്‍ ഉണ്ടായിരുന്നു. കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഞങ്ങളുടെ സമരത്തില്‍ ക്രിയാത്മകമായി ഇടപെട്ടിട്ടില്ല, സി.പി.ഐ.എം എന്ന പാര്‍ട്ടി എന്നും ഞങ്ങള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. പ്രത്യേകിച്ചു സി.പി.ഐ.എമ്മിലെ ഔദ്യോഗിക പക്ഷം ഞങ്ങളോട് തീരെ അനുഭാവ സമീപനം പുലര്‍ത്തുന്നില്ല.

കെ. വേണു എപ്പോഴാണ് നിരാഹാര സമരത്തിന്റെ നേതൃത്വത്തില്‍ എത്തുന്നത്?

സമരസമിതി വൈസ് ചെയര്‍മാന്‍ അഡ്വ. രഘുനാഥ് കഴുങ്കിലിന്റെ നേതൃത്വത്തിലാണ് അനിശ്ചിത കാലനിരാഹാരസമരം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. സമരത്തിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനുള്ള സമരസമിതിയുടെ യോഗത്തില്‍ പങ്കെടുത്ത കെ. വേണുവിന് ലാലൂര്‍ നിവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ആഴം മനസ്സിലാകുകയും കോര്‍പ്പറേഷന്റെ നിഷ്‌ക്രിയത്വം ബോധ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് രഘുനാഥിന് പകരം നിരാഹാര സമരം ആരംഭിക്കാന്‍ അദ്ദേഹം മുന്നോട്ട് വരികയായിരുന്നു.

വിളപ്പില്‍ ശാല, ചേലോറ, ഞെളിയന്‍ പറമ്പ്…… കേരളത്തിന്റെ പലയിടങ്ങളിലായി മാലിന്യ പ്രശ്‌നത്തിന്മേല്‍ ജനങ്ങള്‍ സമരത്തിലാണ്. ഇവിടങ്ങളിലെയെല്ലാം സമര സമിതി നേതാക്കളുമായി ചേര്‍ന്ന് ഒരു ഏകീകൃത സമരമുറ സംഘടിപ്പിക്കാന്‍ വല്ല ആലോചനയും?

തീര്‍ച്ചയായും അത്തരത്തിലുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. ചിലയിടങ്ങളിലെ സമര നേതൃത്വവുമായി ഞങ്ങള്‍ ബന്ധപ്പെട്ടു കഴിഞ്ഞു. ഉടനെ തന്നെ എല്ലാ സമരസമിതി നേതൃത്വത്തെയും വിളിച്ചു കൊണ്ടുള്ള യോഗം തൃശ്ശൂരില്‍ നടക്കും.

Malayalam news

Kerala news in English