മലയാള സിനിമാചരിത്രത്തില്‍ കോഴിക്കോടന്‍ ഭാഷകൊണ്ടും തനതായ ചിരികൊണ്ടും എറെ ശ്രദ്ധയാകര്‍ഷിച്ച കുതിരവട്ടം പപ്പു ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വ്യഴവട്ടം തികഞ്ഞു.

സാധാരണക്കാരില്‍ സാധാരണക്കാരുടെ ജീവിതം നര്‍മ്മത്തില്‍ പൊതിഞ്ഞ് ഇത്രമേല്‍ മലയാള സിനിമയ്ക്കു സമ്മാനിച്ച മറ്റൊരു നടനുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഏയ് ഓട്ടോയിലെ ഓട്ടോ ഡ്രൈവര്‍, വെള്ളാനകളുടെ നാടിലെ റോളര്‍ ഡ്രൈവര്‍, മണിച്ചിത്രത്താഴിലെ കാട്ടുപറമ്പന്‍, തേന്മാവിന്‍ കൊമ്പത്തിലെ അമ്മാവന്‍, മിഥുനത്തിലെ പലിശപീതാംബരന്‍, ചന്ദ്രലേഖയിലെ കണക്കപ്പിള്ള, ടി.പി.ബാലഗോപാലന്‍ എം എ യിലെ അളിയന്‍, ധിം തരികിട തോമിലെ ബാലയിലെ നടന്‍, ആര്യനിലെ തെരുവുകച്ചവടക്കാരന്‍, തുടങ്ങീ സാധാരണക്കാരുടെ ജീവിതാനുഭവങ്ങളും പ്രാരാബ്ദങ്ങളും കുശുമ്പും പരദൂഷണവും ബഡായിയും വിളിച്ചോതുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ പപ്പുവിനെ മലയാളസിനിമയില്‍ അനിഷേഥ്യനാക്കി.

പരകായ പ്രവേശം, ചേട്ടത്തി, പടച്ചിപ്പാത്തു, ഊമപ്പെണ്ണ്, അശ്വമേഥം തുടങ്ങീ ഹാസ്യനാടകങ്ങളിലൂടെ യാണ് കോഴിക്കോട് കുതിരവട്ടത്തുകാരനായ പത്മദലാക്ഷന്‍ മലയാള സിനിമയിലെത്തിയത്.

വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥയെഴുതിയ ഭാര്‍ഗവി നിലയമാണ് ആദ്യ ചിത്രം. ഭാര്‍ഗവി നിലയത്തില്‍ പത്മദലാക്ഷന്‍ അഭിനയിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു കുതിരവട്ടം പപ്പു. ബഷീറിന്റെ തൂലികയില്‍ വിരിഞ്ഞ  കുതിരവട്ടം പപ്പുവെന്ന കഥാപാത്രത്തെ അങ്ങനെ മനസാസ്വീകരിക്കുകയും നന്നായി അവതരിപ്പിക്കുകയും ചെയ്തതോടെ  പത്മദലാക്ഷന്‍ കുതിരവട്ടം പപ്പുവെന്നപേരില്‍ അറിയപെട്ടു തുടങ്ങി.

അഭിനയം പോലെ തന്നെ സംഭാഷണത്തിനിടെ പപ്പു ഉപയോഗിക്കുന്ന ചില പ്രയോഗങ്ങളും പപ്പുവിനെ മലയാളി സിനിമാപ്രേക്ഷകര്‍ക്കിടെ സുപരിചിതനാക്കി.  തേന്‍മാവിന്‍ കൊമ്പത്തിലെ ‘ടാസ്‌കി വിളിയെടോ ടാസ്‌കി’, വെള്ളാനകളുടെ നാടിലെ ‘മെയ്തീനെ ആ ചെറ്യേ സ്‌ക്രൂ ഡ്രേവറിങ്ങെടുക്ക്,’ ‘ദേ ഇപ്പോ ശര്യാക്കിത്തരാം’, മണിചിത്രത്താഴിലെ ‘ഇപ്പൊ എന്നെ കാണുമ്പോള്‍ കുഴപ്പം വല്ലതുമുണ്ടോ’, ‘ഇനി എനിക്ക് കുളിക്കാല്ലോ’ തുടങ്ങിയ പ്രയോഗങ്ങള്‍ പിന്നീട് ആളുകള്‍ നിത്യജീവിതത്തില്‍ പോലും ഉപയോഗിച്ചുതുടങ്ങി.

തമാശനിറഞ്ഞ കഥാപാത്രങ്ങള്‍ക്കൊപ്പം ഒട്ടനവധി അഭിനയസാധ്യത നിറഞ്ഞ കഥാപാത്രങ്ങളിലും കുതിരവട്ടം പപ്പു ശോഭിച്ചു. അച്ഛനായും അമ്മാവനായും അളിയനായും ഒട്ടേറെ വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു.2000 ത്തില്‍ പുറത്തിരങ്ങിയ നരസിംഹമായിരുന്നൂ അവസാനചിത്രം.

മരിച്ച് പന്ത്രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹം സമ്മാനിച്ച ചില വാക്കുകളും പ്രയോഗങ്ങളും ഇന്നും നമ്മുടെ നിത്യജീവിതത്തില്‍ സജീവമാണെന്നത് ആ മഹാനടന്റെ ജനപ്രീതി വിളിച്ചോതുന്നു.