കല്‍പറ്റ: വയനാട്ടിലെ കര്‍ഷക ആത്മഹത്യ നേരിടുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയതായി കൃഷിമന്ത്രി കെ.പി മോഹനന്‍. വയനാട് കലക്ടറേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മഹത്യ തടയുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനായില്ല. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമെത്തിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇത് സര്‍ക്കാറിന്റെ അനാസ്ഥ കൊണ്ടാണെന്നും മന്ത്രി സമ്മതിച്ചു. എന്നാല്‍, കഴിഞ്ഞ സര്‍ക്കാറും കര്‍ഷക ആത്മഹത്യ തടയുന്നതില്‍ പരാജയമാണെന്ന് കെ.പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക കടങ്ങള്‍ക്ക് വയനാട്ടില്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും കള്‍ഷക ആത്മഹത്യ കൂടുകയാണ്. അതിനു കാരണം മൊറട്ടോറിയം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടും റവന്യൂ വകുപ്പ്  ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കാത്തതാണ്. ഇത് സര്‍ക്കാറിന്റെ പരാജയമാണെന്നും കൃഷിമന്ത്രി വ്യക്തമാക്കി. പ്രതിസന്ധിയിലാകുന്ന കാര്യം കര്‍ഷകര്‍ ബാങ്കുകളെ അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Malayalam News

Kerala News in English