kovalam literary fest
മുഹമ്മദ് വിളയില്‍

സാങ്കേതിക പുരോഗതിയും വികസനവും അപഗ്രഥിക്കുവാന്‍ കഴിയാത്ത വേഗതപ്രദാനം ചെയുന്നതിനാല്‍ മനുഷ്യനും മറ്റുജീവിസമൂഹങ്ങളും ആത്യന്തികമായ അരക്ഷിതാവസ്ഥയിലേക്കും നിസ്സംഗതയിലേക്കും വഴിനടത്തപ്പെടുന്നു. ചിക്കിപ്പെറുക്കി നടന്നിരുന്ന വളര്‍ത്തുകോഴികള്‍ പാക്കറ്റ്തീറ്റകള്‍ മാത്രം കഴിക്കുന്ന ആഢ്യന്മാരായതും ചുള്ള് വെച്ച് സൂത് വെച്ച് എലിയെ പിടിച്ചിരുന്ന പൂച്ചകള്‍, മുട്ടനെലിയെ മുന്നില്‍വെച്ചു കൊടുത്താലും ആലസ്യത്തില്‍ നിന്നെഴുന്നേല്‍ക്കാത്ത ഷണ്ഡന്മാരായത്തീര്‍ന്നതും ഈ സാമൂഹ്യമാറ്റത്തിന്റെ പ്രതിഫലനമാണ്. എന്നാല്‍ മാറ്റംവരാതെ അകറ്റിനിര്‍ത്തപ്പെടുന്ന കാക്കച്ചി ഇപ്പോഴും ‘അവര്‍ണ്ണ’നാണ്. വേണ്ടാത്തത് പോലും കാക്കക്ക് കൊടുക്കുന്ന ശീലം നമുക്കില്ലല്ലോ.

Subscribe Us:

ഈ മൃഗപരിണാമ സിദ്ധാന്തം വ്യക്തമായി പ്രതിഫലിക്കുന്ന ചില കാഴ്ചകളായിരുന്നു ഒക്‌ടോബര്‍ ഒന്ന്, രണ്ട് തിയതികളില്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ അരങ്ങേറിയ നാലാമത് കോവളം ലിറ്റററി ഫെസ്റ്റിവെലില്‍ കാണാന്‍ സാധിച്ചത്. ചിലര്‍ക്കെതിരെ കണ്ണടക്കലും മറ്റുചിലരുടെ പുറം ചൊറിയലും നടക്കെത്തന്നെ ചില കാക്കകളെ കവണക്കല്ലുകളുപയോഗിച്ച് എറിഞ്ഞെടുക്കുന്ന കാഴ്ചകള്‍. സാഹിത്യ ചര്‍ച്ചകള്‍ വഴിമാറിപ്പോകുന്ന ആലസ്യം നിറഞ്ഞ ചോദ്യങ്ങള്‍, ഒരു സംസ്‌കാരത്തെ മാറ്റിത്തിരുത്തുന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഫെസ്റ്റിവെല്‍ ചിത്രങ്ങളത്രയും.

Fatima Bhooto in kovalam literary festനിലാപാടില്ലായ്മയെന്ന അധിക്ഷേപാര്‍ഹമായ കാര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. സാമൂഹിക/വൈയക്തിക മനുഷ്യന് പ്രജ്ഞ നഷ്ടപ്പെടുമ്പോള്‍ നേരും നെറിയും ഗ്രഹിക്കാനുള്ള സാധ്യതയൊരുക്കുകയാണല്ലോ കലയും സാഹിത്യവും ചെയ്യേണ്ടത്. കുത്തിയൊലിപ്പ് തടയുന്ന ബണ്ടും തടയണയുമായി കലകള്‍ വര്‍ത്തിക്കുകയാണ് പതിവ്. സാഹിത്യ ചര്‍ച്ചകളും നിരുപണങ്ങളും ആ വഴിക്ക് നീങ്ങുമ്പോള്‍ വ്യത്യസ്ത നിലപാട് രൂപീകരണത്തിന് അവസരമുണ്ടാവും.

എതിരഭിപ്രായമില്ലാതിരിക്കലും നിശബ്ദതപാലിക്കലും സ്വന്തം രാഷ്ട്രീയം/നിലപാട് രൂപപ്പെടുത്തുമെന്ന് വിശ്വസിക്കുന്നവരാണ് വളര്‍ന്നു വരുന്ന തലമുറയില്‍ ഭൂരിപക്ഷവും. അത് സദുദ്ദേശപരമല്ല. ചില വ്യക്തിതാല്‍പര്യ സംരക്ഷണമാണ് അതിനു പിന്നില്‍. എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ആര്‍ജ്ജവം നഷ്ടപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ രണ്ട് ഭാഗത്തും (വാദി, പ്രതി) പുരോഗതിയുണ്ടാവില്ല.

നിരൂപണവും കലയും മൂര്‍ച്ചയുള്ളതാകുന്നതിന് ഈ ഏറ്റുമുട്ടല്‍ ചരിത്രം കാരണമായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ആരോഗ്യകരമായ ചര്‍ച്ചകളെ സൗകര്യപൂര്‍വ്വം ഒഴിവാക്കി, എഴുത്തുകാരെയും പ്രസാധകരെയും സുഖിപ്പിക്കുവാനും പുസ്തകങ്ങള്‍ക്ക് മാര്‍ക്കറ്റിംഗ്‌ലഭിക്കാനും ചിലര്‍ നടത്തിയ ശ്രമമായിട്ടാണ് കോവളം ലിറ്റററി ഫെസ്റ്റ് അനുഭവപ്പെട്ടത്.

ഒക്‌ടോബര്‍ ഒന്നിന് പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി സുല്‍ഫീക്കര്‍ അലി ഭൂട്ടോയുടെ പൗത്രി ഫാത്തിമ ഭൂട്ടോ ഉദ്ഘാടന ചടങ്ങിനെത്തുമ്പോള്‍തന്നെ കാര്യങ്ങല്‍ ഏകദേശം വ്യക്തമായിയുന്നു. ഫോട്ടോഗ്രാഫേഴ്‌സിന്റെ നിറഞ്ഞസാന്നിദ്ധ്യം ബോളിവുഡ് പ്രതീതി സൃഷ്ടിച്ചു. ആറാമത് കെ.സി. ജോണ്‍ അനുസ്മരണ പ്രഭാഷണം നടത്തിയ ഭൂട്ടോ ഒരിക്കല്‍പോലും ജോണിനെ പരാമര്‍ശിച്ചില്ല. ഇന്ത്യ-പാക്ക് സമാധാനം രാഷ്ട്രീയ നേതൃത്വമുദ്ദേശിച്ചാല്‍ സാധ്യമല്ലെന്നും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍തമ്മിലുള്ള ആത്മബന്ധമാണ് സുപ്രധാനമെന്നും ഭൂട്ടോ അഭിപ്രായപ്പെട്ടു.
Songs of Blood and Sword by Fatima Bhuto
പ്രസംഗാനന്തരം ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബിനു.കെ. ജോണ്‍ ഓട്ടോഗ്രാഫ് സെഷനുവേണ്ടി ഭൂട്ടോയെ വരാന്തയിലേക്ക് ആനയിച്ചു. സാഹിത്യകാരന്മാരും പഠിതാക്കളുമടങ്ങിയ നിരവധിപേര്‍ ഭൂട്ടോയുടെ ‘സോഗ്‌സ് ഓഫ് ബ്ലഡ് ആന്റ് സോറോസില്‍’ ഗ്രന്ഥകര്‍ത്താവിന്റെ കയ്യൊപ്പ് വാങ്ങി. മറ്റു ചിലര്‍ ഫോട്ടോക്ക് പോസ് ചെയ്തു. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ചരിത്രമുഹൂര്‍ത്തങ്ങളെ ആസ്പദമാക്കി അവര്‍ നടത്തിയ പ്രസംഗത്തേക്കാള്‍ സ്വീകാര്യത ഈ ഓട്ടോഗ്രാഫ് സെഷനുണ്ടായിരുന്നു.

ഒക്‌ടോബര്‍ രണ്ടിന് ലിറ്റ് ഫെസ്റ്റ് സമാപിച്ചത് ഭൂട്ടോയുടെ പുസ്തകത്തില്‍ നിന്ന് ചില വരികള്‍ വായിച്ചായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഉന്നയിച്ച പ്രധാന ചോദ്യങ്ങളായ ”ബിന്‍ ലാദനെ കുറിച്ചുള്ള നിങ്ങളുടെ നിലപാട് എന്താകുന്നു?”, “ബോളിവുഡില്‍ താത്പര്യമുണ്ടോ?” എന്നിവ ഫെസ്റ്റിന്റെ അര്‍ത്ഥത്തിന് ‘വ്യാപ്തി’ കൂട്ടി. കാശ്മീര്‍ പ്രശ്‌നത്തെ കുറിച്ചുപോലും പ്രസക്തമായചര്‍ച്ച നടന്നില്ല. കാശ്മീരികളുടെ വിധി അവര്‍ തന്നെ നിര്‍ണ്ണയിക്കണമെന്ന അഭിപ്രായമാണ് ഭൂട്ടോയ്ക്കുള്ളത്.

ഇസ്രായേല്‍ തിയേറ്റര്‍ ആക്റ്റിവിസ്റ്റ് മോറ്റിലേണറും ചെറുകഥാകൃത്ത് സാവ്‌യോണ്‍ ലീബ്രഷും വ്യത്യസ്ത ചടങ്ങുകളില്‍ സംബന്ധിക്കുകയുണ്ടായി. മോറ്റിലേണര്‍, മുന്‍ ഇസ്രയേലി പ്രധാനമന്ത്രി ഇശാഖ് റബീന്റെ കൊലപാതകത്തെ ഇതിവൃത്തമാക്കി സംവിധാനം ചെയ്ത ‘ദ മര്‍ഡര്‍ ഓഫ് ഇസാഖ്’ എന്ന നാടകം നിശബ്ദതയിലൂടെയും കരാറിലൂടെയും സമാധാനം സ്ഥാപിക്കാന്‍ ആഗ്രഹിക്കാത്ത സമാനചിന്താഗതിക്കാരെ നിരീക്ഷണവിധേയമാക്കുന്നു.

ഫലസ്തീന്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തിന് 80% ഇസ്രയേല്യരും അനുകൂലമാണെന്നു പറയുമ്പോള്‍ തന്നെ ഈ രാജ്യത്തിന്റെ വിമോചനത്തിന് എന്തുചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നില്ല. ഹോളോ കോസ്റ്റിന്റെ ഇരയായ സാവ്‌യോണ്‍ സ്വന്തം അനുഭവങ്ങളെക്കുറിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുമ്പോഴും ഫലസ്തീന്‍ അധിനിവേശത്തെ രാഷ്ട്രീയമായി മാറ്റിനിര്‍ത്തുകയാണ് ചെയ്തത്.

1942 ല്‍ നാസികള്‍ തകര്‍ത്ത സിനഗോഗുകളുടെ ഗ്ലാസുകള്‍ റോഡില്‍ ചിതറികിടക്കുന്നതിനെ സൂചിപ്പിക്കുന്ന ”നൈറ്റ് ഓഫ് ഗ്ലാസ്സ്” എന്ന സംജ്ഞ തങ്ങളുടെ സാഹിത്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നതായി പറഞ്ഞ സാവ്‌യോണിനോട് ഫലസ്തീന്‍ ജനതയുടെ ജനലും ജീവിതവും റോഡില്‍ തകര്‍ന്നടിയുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ ആശയം ആന്റിസെമിറ്റിക്കാണെന്നു പറഞ്ഞ് പിന്മാറി. ഇസ്രയേല്‍ നടത്തുന്ന രാഷ്ട്രഭീകരതയെ എതിര്‍ക്കുന്നതില്‍ അവിടത്തെ കലാകാരന്‍മാരും സാഹിത്യകാരന്‍മാരും തയ്യാറാവുന്നില്ലെന്ന വാദത്തെ കേട്ടില്ലെന്നു നടിച്ച അവര്‍, വിമര്‍ശനങ്ങളെ വേദപ്രസംഗശൈലിയില്‍ ശാന്തമുഖഭാവത്തോടെയും നിശബ്ദതയിലൂടെയുമാണ് നേരിട്ടത്.

ഏറെ ശ്രദ്ധയാകര്‍ശിച്ചത്, സാവ്‌യോണിനനുകൂലമായി നിലയുറപ്പിച്ച ഭൂരിപക്ഷം പ്രേക്ഷകരായിരുന്നു. ഫലസ്തീനും അറബികളും ഒരു പ്രശ്‌നമേയല്ലെന്നും ജൂതന്മാര്‍ അനുഭവിച്ച യാതനകള്‍ മാത്രമാണ് വലുതെന്നുമാണ് അവരുടെ കയ്യടികളും മുഖഭാവങ്ങളും പറയുന്നത്.

meena kandasamiമീന കന്ദസ്വാമിയുടെ കവിതാവായനയാണ് ഫെസ്റ്റിവലില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം നിറഞ്ഞു നിന്ന ചര്‍ച്ചാവേദി. ദലിത് സമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ശക്തമായ ഭാഷയിലൂടെ അവര്‍ നേരിടുകയുണ്ടായി. ചരിത്രത്തിന്റെ പ്രത്യേക ഇടങ്ങളില്‍ വെച്ച് ചില സമുദായങ്ങള്‍ അവമതിക്കപ്പെട്ടത് സവര്‍ണ മേധാവിത്വത്തിന്റെ അടിച്ചമര്‍ത്തലിന്റെ ഭാഗമായിട്ടായിരുന്നുവെന്ന് അവരുടെ കവിതകള്‍ സൂചിപ്പിക്കുന്നു. താന്‍ ഒരു പ്രക്ഷുബ്ധയായി മാറിയത് സാമൂഹികമായി അനുഭവിച്ച പീഢനങ്ങളുടെ ഫലമായിട്ടാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അവര്‍ പറയുകയുണ്ടായി. ദലിത്/സ്ത്രീ ശാക്തീകരണം മാനസികമാണെന്നും ജനാധിപത്യ രാഷ്ട്രീയത്തിലെ ഇടപെടല്‍ കൊണ്ട് മാത്രമല്ലെന്നും അവര്‍ വാദിക്കുകയുണ്ടായി.

മീനയുടെ കവിതകളെ ഒരുവിഭാഗം ആവേശത്തോടെ സ്വീകരിച്ചപ്പോള്‍ ഭൂരിപക്ഷത്തിന്റെ മുഖത്തും സവര്‍ണ്ണമേധാവിത്വഗുണമായ അവജ്ഞ പ്രകടമായിരുന്നു. ആധുനിക ബ്രാഹ്മണരാണ് ദളിതരെന്ന് ചിലര്‍ അമര്‍ഷത്തോടെ പറയുകയുണ്ടായി. മീനയെപ്പോലുള്ളവര്‍ക്ക് അവസരങ്ങള്‍ നിര്‍ലോഭം ലഭിച്ചത് കൊണ്ടാണ് അവര്‍ ആര്യമേധാവിത്വത്തെ ചൊടിപ്പിക്കുന്ന ശക്തമായ വാക്കുകളുപയോഗിക്കുന്നതെന്ന അഭിപ്രായമുള്ളവരുമുണ്ട്. മായാവതിയെയും രാംവിലാസ് പാസ്വാനെയും ദളിത് മുന്നേറ്റത്തിന്റ അടയാളമായി ചിലര്‍ കാണുകയുണ്ടായി. മീനെക്കെതിരെ ആരും നിശബ്ദത പാലിച്ചില്ല. വൃണപ്പെടുത്തുന്ന ചോദ്യങ്ങളുണ്ടായിട്ടും ആരുമവരെ പിന്താങ്ങിയില്ല.

bombay deck is a fish‘ബോംബെ ഡക്ക് ഈസ് എ ഫിഷ്’ നഗരത്തിന്റെ വേറിട്ടകാഴ്ചകളില്‍ അന്ധാളിച്ചുനില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ അവതരിപ്പിക്കുന്ന സമ്പൂര്‍ണ്ണ ചിക്‌ലിറ്റാണ. ഗ്രന്ഥകര്‍ത്താവ് കനിക ദില്ലന്‍ മുംബൈയില്‍ താമസമാക്കിയ അഭിനേത്രിയും തിരക്കഥാകൃത്തും സംവിധായികയുമെല്ലാമാണ്. സംവിധായകരുടെയും മറ്റും കൈകടത്തലുകള്‍ക്ക് വിധേയമാകുന്ന സ്‌ക്രിപ്റ്റ് റൈറ്റിംഗിനെക്കാള്‍ സര്‍ഗസൃഷ്ടിയെ ഫിക്ഷന്‍ റൈറ്റിംഗ് ആത്മാവിഷ്‌കാരമാക്കുന്നുവെന്ന് കനിക അഭിപ്രായപ്പെട്ടു. ഷാറൂഖ് ഖാനും കനികയും തമ്മിലുള്ള ബന്ധമന്വേഷിക്കുന്ന സുരേഷ് മേനോന്റെ ചോദ്യം ടാബ്‌ളോയിഡ് നിലവാരത്തിലേക്ക് തരംതാഴ്ന്നു. ഷാറൂഖിന്റെ വ്യക്തിപരമായ ക്രിയാശേഷിയെ പുകഴ്ത്തി കനിക രക്ഷപ്പെട്ടു.

ശ്രീലങ്കന്‍ എഴുത്തുകാരന്‍ ശഹന്‍ കരുണതിലക് എഴുതിയ ‘ചൈനമാനും’ സുരേഷ് മേനോന്‍ രചിച്ച ബിശന്‍ സിംഗ് ബേദിയുടെ ജീവചരിത്രം ‘ബിഷനും’ സദസ്സിനെ ഒരുപാട് നേരം ക്രിക്കറ്റില്‍ തളച്ചിടുകയുണ്ടായി. പ്രദീപ് മാത്യുവെന്ന ക്രിക്കറ്റ് കളിക്കാരന്റെ കഥപറയുന്ന ‘ചൈനമാന്‍’ വ്യത്യസ്തത പുലര്‍ത്തുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ചുനടന്ന ചര്‍ച്ച നിലവാരംപുലര്‍ത്തിയില്ല. സുരേഷിന്റെ സപോര്‍ട്‌സ് റിപ്പോര്‍ട്ടിംഗ് പരിചയം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവാരമളക്കുന്നിടത്തേക്ക് ചര്‍ച്ചയെ കൊണ്ടെത്തിച്ചു. എവര്‍ ഗ്രീന്‍ ഇന്ത്യന്‍ ഇലവനെ മിനുറ്റുകള്‍കൊണ്ട് പ്രഖ്യാപിച്ചും താരങ്ങളുടെ മൂല്യം നിര്‍ണ്ണയിച്ചും ക്രക്കറ്റ് കുറച്ചുനേരം സാഹിത്യമായി.

യു.പിയില്‍ നിന്നുള്ള അശ്വിന്‍ സാംഗിയുടെ ‘ചാണക്യാസ് ചാന്റ്’ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍, ഒന്നാംദിവസം നിഴലിച്ചുനിന്ന ജാഡകളില്‍ നിന്ന് കുതറിമാറി അല്‍പമെChanakya's chantങ്കിലും സാഹിത്യം നുണഞ്ഞു. 2300 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്ന പാടലീപുത്രത്തിലെ രാഷ്ട്രീയ പരിസരവും ഇന്നത്തെ ഡല്‍ഹി രാഷ്ട്രീയവും തമ്മില്‍ അഭേദ്യബന്ധമുണ്ടെന്ന് നോവല്‍ വിലയിരുത്തുന്നു. ഇന്ത്യന്‍ ഇംഗ്ലീഷ്‌സാഹിത്യം മധ്യവര്‍ഗ അഭിരുചികളെ പ്രതിനിധാനം ചെയ്തും മാസ് കംസപ്ഷനെ ലക്ഷീകരിച്ചും രചിക്കപ്പെടുന്നവയാണെന്ന് ചേതന്‍ ഭഗതിനെ പോലുള്ളവരെ പരാമര്‍ശിച്ച് അശ്വിന്‍ ചൂണ്ടിക്കാട്ടി. വ്യത്യസ്തതയാണ് എഴുത്തുകാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷെഡ്യൂള്‍ ചെയ്യാത്ത ഒരു സെഷനില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബിനു.കെ.ജോണിന്റെ പുതിയ പുസ്തകം ‘ദ ലാസ്റ്റ് സോംഗ് ഓഫ് സേവിയര്‍ ഡിസൂസ’ ചര്‍ച്ചക്ക് വന്നു. നിരൂപകനെന്ന പേരില്‍ പരിചയപ്പെടുത്തപ്പെട്ട കളിയെഴുത്തുകാരന്‍ സുരേഷ് മേനോന്‍ പുസ്തകത്തെ വാനോളം പുകഴ്ത്തി. തിരുവനന്തപുരം നഗരത്തിന്റെ സ്ഥൂലചിത്രം നല്‍കുന്ന ഗ്രന്ഥം ഒരു യാത്രാനുഭവം നല്‍കുന്നുവെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അത്ഭുതങ്ങള്‍ അന്വേഷിച്ച് ആശ്രമങ്ങളും പുണ്യസ്ഥലങ്ങളും കയറിയിറങ്ങല്‍ മലയാളിയുടെ ട്രന്‍ഡായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട ബിനു തന്റെ പുസ്തകം എല്ലാവരും വാങ്ങണമെന്ന അഭ്യര്‍ത്ഥനയോടെ സെഷന്‍ അവസാനിപ്പിച്ചു.

‘എ ഫോള്‍ഡഡ് എര്‍ത്തി’ന്റെ കര്‍ത്താവ് അനുരാധാ റോയ് കുറച്ച് മാന്യത പുലര്‍ത്തുകയുണ്ടായി. അധികാരസ്ഥാനങ്ങള്‍ മാത്രമല്ല രാഷ്ട്രീയമെന്നും തന്റെ കഥാപാത്രം മായ അനുഭവിക്കുന്ന നിലനില്‍പിന്റെ പ്രശ്‌നങ്ങളും രാഷ്ട്രീയമാണെന്നും ഇതില്‍ പുരുഷപങ്കാളിത്തം അനിവാര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫെസ്റ്റിവലിലെ സുപ്രധാനമായ പല ഇടപെടലുകളും നടത്തിയത് അനുരാധാ റോയിയായിരുന്നു. പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ വായിച്ച് പ്രേക്ഷകരെ കൂടെനിര്‍ത്താനും അവര്‍ക്ക് സാധിച്ചു.

arts of delhi art galleryഡല്‍ഹി ആര്‍ട്ട് ഗാലറി ഒരുക്കിയ പെയിന്റിംഗ് പ്രദര്‍ശനവും ഡി.എ.ജിയുടെ ക്യൂറേറ്റര്‍ കിഷോര്‍ സിംഗിന്റെ കമന്റ്‌സും എടുത്തു പറയേണ്ട ഒന്നായിരുന്നു. ബംഗാള്‍ ക്ഷാമം പ്രതിപാദിക്കുന്ന ചിത്രപ്രസാദിന്റെ ചിത്രങ്ങളും എം.എഫ് ഹുസൈന്റെ കല്ല്യാണിക്കുട്ടിയുടെ ലോകത്തില്‍ നിന്ന് ചിലതും പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു.

ഫെസ്‌ററിവലുകള്‍ നല്‍കുന്ന ഉള്‍ക്കാഴ്ചയോ പുതിയ ലോകത്തേക്കുള്ള മിഴിതുറക്കലോ കോവളം ലിറ്റ് ഫെസ്റ്റിവലില്‍ ഉണ്ടായില്ലന്നതാണ് ഇതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാന്‍ പ്രക്ഷകരെ പ്രേരിപ്പിക്കുന്നത്. മാധ്യമ ശ്രദ്ധ ലഭിക്കുമെന്നതിനാല്‍ സ്‌പോണ്‍സര്‍മാര്‍ ധാരാളമായിരിക്കും. ഇവരെ കൂട്ടുപിടിച്ച് ചില പ്രസാധകരും വിരലിലെണ്ണാവുന്ന എഴുത്തുകാരും നടത്തുന്ന കണ്ണില്‍പൊടിയിടല്‍ മാത്രമാണിതെന്ന് വ്യക്തമാണ്.

മലയാളി എഴുത്തുകാരെയും പ്രേക്ഷകരെയും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയത് ഫെസ്റ്റിവലിന്റെ വലിയ പരാജയമാണ്.കാശ്മീരില്‍ നിന്നുള്ള യുവ എഴുത്തുകാരന്‍ ബഷാറത് പീര്‍, പാക് എഴുത്തുകാരായ മുഹമ്മദ് ഹനീഫ്, അലി സേത്തി, എച്ച്.എം നഖ്‌വി, ചൈനീസ് എഴുത്തുകാരനായ ലിജിയ ഴാങ് എന്നിവരുടെ അസാന്നിധ്യവും ഫെസ്റ്റിവലിന്റെ മാറ്റ് കുറച്ചു.