കിനാലൂര്‍ കേരളത്തിലെ നന്ദിഗ്രാമോ?
Daily News
കിനാലൂര്‍ കേരളത്തിലെ നന്ദിഗ്രാമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th May 2010, 12:49 am

വികസനം പ്രതിക്കൂട്ടില്‍

രണകൂടത്തിന്റെ വികസന സിദ്ധാന്തങ്ങള്‍ ജനതയുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു കിനാലൂരില്‍ ചെയ്തത്. സ്വകാര്യ-ഭൂമാഫിയക്ക് വേണ്ടി വികസനത്തിന്റെ പൊയ്മുഖമണിഞ്ഞ് ഭരണകൂടമെത്തിയപ്പോള്‍ ആ ജനത സ്വന്തം ഇടനെഞ്ച് കൊണ്ട് ചെറുത്തു. രക്തം വീണ് ചുവന്ന കിനാലൂരിലെ മണ്ണ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നതിനെതിരെ നടക്കുന്ന മുഴുവന്‍ പ്രക്ഷോഭങ്ങള്‍ക്കുമുള്ള ഇന്ധനമാണ്. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലും ഇതേ വികസന സിദ്ധാന്തമാണ് തോക്കുമായെത്തി കര്‍ഷകരെ വെടിവെച്ചു കൊന്നത്.

അന്തിയുറങ്ങേണ്ട ഭൂമി സ്വകാര്യ ഭൂമാഫിയകളുടെ മുന്നില്‍ അടിയറവെക്കാന്‍ കിനാലൂരിലെ ജനത തയ്യാറായിരുന്നില്ല. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതിരുന്നത് കൊണ്ടാണ് ഭൂമാഫിയയുടെ ദല്ലാളുകളായ ഭരണകൂടം അവിടേക്ക് പോലീസിനെ പറഞ്ഞ് വിട്ടത്.

കിനാലൂരില്‍ 270 ഏക്കര്‍ സ്ഥലത്ത് മലേഷ്യന്‍ കമ്പനിയുടെ ഉപഗ്രഹ നഗരം വരുന്നെന്നാണ് ആദ്യം മന്ത്രി എളമരം കരീം പറഞ്ഞത്. 2008 മാര്‍ച്ച് 10ഓടെ തന്നെ സാറ്റലൈറ്റ് പ്രൊജക്ട് നടപ്പാകില്ലെന്ന് മന്ത്രിക്ക് ഉറപ്പ് ലഭിച്ചെങ്കിലും അവിടെ പദ്ധതി നടപ്പാക്കുമെന്ന് പ്രചരിപ്പിക്കപ്പെട്ടു. പിന്നീട് അവിടെ വ്യവസായ പാര്‍ക്ക് വരുമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ വ്യവസായ പാര്‍ക്കില്‍ എന്തല്ലാം പദ്ധതികളാണ് നടപ്പാക്കുന്നതെന്ന നിയമസഭയിലെ ചോദ്യത്തിന് ഒരു ചെരുപ്പ് കമ്പനിയെന്ന് മന്ത്രി പറയുകയും ചെയ്തു. അഥവാ നേരത്തെ ഉപഗ്രഹ പദ്ധതി ആസൂത്രണം ചെയ്ത കിനാലൂരിലെ കെ എസ് ഐ ഡി സിയുടെ 270 ഏക്കര്‍ സ്ഥലത്ത് ഇപ്പോള്‍ വരാന്‍ പോകുന്നത് ചെരുപ്പ് കമ്പനിയെന്നര്‍ഥം.

എന്നാല്‍ അതേസമയം തന്നെ പഴയ ഉപഗ്രഹ പദ്ധതിയുടെ പേരില്‍ കോഴിക്കോട്-കിനാലൂര്‍ പാതക്ക് വേണ്ടി ഭരണകൂടം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 30 മീറ്റര്‍ വീതിയിലായിരുന്നു റോഡ് നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കപ്പെട്ടു. അതിനായി സാധ്യതാ പഠനം നടത്തിയവര്‍ കൃത്യമായി റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് സര്‍വ്വെ നടത്താനും തീരുമാനമാവുകയായിരുന്നു. കേവലമൊരു ചെരുപ്പ് കമ്പനിക്ക് വേണ്ടിയെന്തിനാണ് 300 കുടുംബങ്ങളെ പെരുവഴിയിലാക്കി, ഏക്കറുകളോളം സ്ഥലം മണ്ണിട്ട് നികത്തി റോഡ് നിര്‍്മ്മിക്കുന്നതെന്ന് ചോദ്യമുയര്‍ന്നു. ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോഴാണ്, നേരത്തെ ഉപഗ്ര പദ്ധതി ഉള്‍പ്പെടെയുള്ള ചില പ്രചാരണത്തിന്റെയും പ്രദേശത്ത് നടന്ന ഭൂമി കച്ചവടത്തിന്റെയും ചുരുളഴിയുക.

കിനാലൂരില്‍ വന്‍ പദ്ധതി വരുന്നുവെന്ന പേരില്‍ പ്രദേശത്ത് വന്‍കിട ഭൂമാഫിയകള്‍ ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. ഇതില്‍ പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും അടുത്തിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഫണ്ടിങുമായി ബന്ധപ്പെട്ട് വിവാദ നായകനായ വ്യവസായിയുമുണ്ട്. ഇവരുടെ ഭൂമിക്ക് വില ലഭിക്കാനും അതുവഴി രാഷ്ട്രീയ നേതൃത്വത്തിന് ലാഭം കൊയ്യാനുമാണ് കിനാലൂരില്‍ ഇപ്പോള്‍ നടക്കുന്ന റോഡ് വികസനമെന്നാണ് സമരക്കാരുടെ ആരോപണം.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ്.

1. കേവലമൊരു ചെരുപ്പ് കമ്പനിക്ക് വേണ്ടി എന്തിന് നാലുവരിപ്പാത?.

2. ഇതിനായി രാജ്യത്തെ പ്രമുഖ വ്യാവസായിക മേഖലയിലേക്ക് പോലുമില്ലാത്ത തരത്തില്‍ 30 മീറ്റര്‍ വീതിയില്‍ റോഡ് എന്തിന്?.

3. ഒരുപാട് വീടുകളും കണ്ണായ സ്ഥലങ്ങളും പിടിച്ചെടുത്ത് കൊണ്ട് എന്തിന് ഇങ്ങിനെ അത്യാവശ്യമില്ലാത്ത ഒരു റോഡ്?.

4. പ്രദേശത്തെ ജനങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന ബദല്‍ റോഡിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുക പോലും ചെയ്യാതിരുന്നത് എന്ത്‌കൊണ്ട്?.

പ്രദേശത്ത് ചെരുപ്പ് കമ്പനി വന്നാല്‍ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് മന്ത്രി എളമരം കരീം ഒരിക്കല്‍ പൊതു യോഗത്തില്‍ വെച്ച് വാഗ്ദാനം ചെയ്യുകയുണ്ടായി. എന്നാല്‍ ഇത്തരം വെറും വാക്കുകളെ പ്രബുദ്ധരായ കിനാലൂരിലെ ജനത തള്ളിക്കളയുകയായിരുന്നു. കോടികളുടെ ഭൂമി കയ്യടക്കി വെച്ച മാഫിയകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്തിനും തയ്യാറാകുമെന്ന് കിനാലൂരിലെ ജനത തിരിച്ചറിഞ്ഞിരുന്നു. കാരണം അവിടെ മാഫിയ മുടക്കിയ പണം അവര്‍ക്ക് ആയിരങ്ങളുടെ പതിന്‍മടങ്ങായി തിരിച്ച് ലഭിക്കേണ്ടതുണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞാണ് അവര്‍ ജനജാഗ്രത സിമിതിയുണ്ടാക്കി ചെറുക്കാന്‍ തീരുമാനിച്ചത്. റോഡ് സര്‍വ്വെക്കായി ഏപ്രിലില്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് പോലീസ് സര്‍വ്വ സജ്ജരായി പ്രദേശത്ത് ക്യാമ്പ് ചെയ്തത്.