Categories

Headlines

കിളിരൂര്‍ കേസില്‍ അഞ്ച് പേര്‍ കുറ്റക്കാര്‍

തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ ഏഴാം പ്രതിയൊഴികെ എല്ലാവരും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

കിളിരൂര്‍ സ്വദേശിനി ഓമനക്കുട്ടി, ആലപ്പുഴ സ്വദേശിയും ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടറുമായ പ്രവീണ്‍, എറണാകുളം സ്വദേശി മനോജ്, മല്ലപ്പള്ളി സ്വദേശിനി ലതാനായര്‍, നാട്ടകം സ്വദേശി ബിജു എന്ന കൊച്ചുമോന്‍, തൃപ്പുണിത്തുറ സ്വദേശി പ്രശാന്ത്, കണ്ണൂര്‍ സ്വദേശി സോമനാഥന്‍ എന്നീ പ്രതികളാണ് വിചാരണ നേരിട്ടത്. ഏഴാം പ്രതിയായ സോമനെയാണ് കോടതി വെറുതെ വിട്ടത്. ഓമനക്കുട്ടിയെ സി.ബി.ഐ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.

ശാരിയെ ആദ്യം പീഡിപ്പിച്ചെന്ന് പറയുന്ന കുമളി ഗസ്റ്റ് ഹൗസില്‍ പ്രവീണ്‍, കൊച്ചുമോന്‍ എന്നവര്‍ക്ക് മുറി തയ്യാറാക്കി കൊടുത്തുവെന്ന ആരോപണമാണ് സോമനെതിരെയുണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാല്‍സംഗം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.

കഴിഞ്ഞ നാലുമാസക്കാലമായി നീണ്ടുനിന്ന വിസ്താരത്തിനൊടുവിലാണ് കോടതി വിധി പ്രസ്താവിക്കുന്നത്. ആദ്യഘട്ടത്തില്‍ ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐ.യുമാണ് കേസ് അന്വേഷിച്ചത്. 2011 ഒക്ടോബറിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 67 സാക്ഷികളെ വിസ്തരിച്ചു. 48 രേഖകള്‍ ഹാജരാക്കി.

കിളിരൂര്‍ കേസ്:

കിളിരൂര്‍ സ്വദേശിയായ ശാരി എസ് നായര്‍ എന്ന പെണ്‍കുട്ടിയെ സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2003ല്‍ ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി ശാരി പീഡിപ്പിക്കപ്പെട്ടു. ഗര്‍ഭിണിയായ പെണ്‍കുട്ടി 2004 ആഗസ്റ്റില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവശേഷം അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാരി നവംബര്‍ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

പ്രവീണ്‍, മനോജ്, ലതാനായര്‍, കൊച്ചുമോന്‍, പ്രശാന്ത് , സോമന്‍ എന്നിവരാണ് വിചാരണ നേരിട്ട പ്രതികള്‍.

ശാരിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍കൊണ്ട് കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാരി മരിച്ച സംഭവത്തില്‍ ഒരു വി.ഐ.പിക്ക് പങ്കുണ്ടെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയോടെയാണ് കേസ് ശ്രദ്ധിക്കപ്പെട്ടത്. ശാരിയുടെ രക്തത്തില്‍ ചെമ്പിന്റെ അംശം കൂടുതലുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടും സംശയം വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശാരിയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ശാരിയുടെ ചികിത്സയില്‍ ഗൂഢാലോചനകള്‍ നടന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. സി.ബി.ഐയുടെ അന്വേഷണത്തില്‍ ഇതുവരെ ശാരിക്ക് ലഭിച്ച ചികിത്സയിലെ പിഴവിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ശാരിയെ മാതാ ആശുപത്രിയില്‍ ചികിത്സിച്ച ഡോ. ശങ്കരന്റെ ചികിത്സയില്‍ പിഴവുണ്ടെന്നും മാധ്യമങ്ങളോടു പറഞ്ഞ ഡോ. എ.പി കുരുവിളയെ സാക്ഷിയാക്കി വിസ്തരിക്കണം. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയിട്ടില്ല എന്നീ കാര്യങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ കേസില്‍ ഏതെങ്കിലും വി.ഐ.പി ഇടപെട്ടതിനോ ഗൂഢാലോചന നടത്തിയതിനോ യാതൊരു വിധ തെളിവും പരാമര്‍ശവും കുറ്റപത്രത്തിലില്ലെന്ന് പറഞ്ഞ് ഈ ആവശ്യം സി.ബി.ഐ കോടതി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

One Response to “കിളിരൂര്‍ കേസില്‍ അഞ്ച് പേര്‍ കുറ്റക്കാര്‍”

  1. Gopakumar N.Kurup

    എന്തു കൊണ്ട് ശാരിയുടെ മാതാപിതാക്കൾ ഈ കേസിൽ പ്രതികളായില്ല..?? ഒരു മകൾ ആവശ്യത്തിലധികം പണം കൈവശം കൈവശം വയ്ക്കുന്നതും, പുതിയ മൊബൈൽ ഫോണുകൾ കൈക്കലാക്കുന്നതും, പരിചയമില്ലാത്ത ആളുകളുടെ ഒപ്പം പുറത്തു പോകുന്നതുമെല്ലാം ഇവർ മനസ്സിലാക്കിയില്ല എന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്..!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.