പി.എസ്.റംഷാദ്
യഥാര്‍ത്ഥത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ സംഭവിക്കാന്‍ പോകുന്നതെന്താണ്? സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ച് മാസങ്ങള്‍ക്കു മുമ്പ് കേള്‍ക്കാന്‍ തുടങ്ങിയതു മുതല്‍ സമാന്തരമായി ഈ ചോദ്യവും സജീവം. പാര്ട്ടിക്കുള്ളുലുള്ളവര്ക്കുതന്നെ വ്യക്തതയില്ല ഇതേക്കുറിച്ച്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മാധ്യമങ്ങളോട് (പരസ്യമായി) ആവര്‍ത്തിച്ചു പറയുന്നതുപോലെ കാര്യങ്ങളെല്ലാം ഭദ്രമാണെങ്കില്‍ , അംഗങ്ങളെ ചേര്‍ത്ത് വ്യവസ്ഥാപിതമായി തെരഞ്ഞെടുപ്പു നടത്തുകയേ വേണ്ടു. നിലവിലെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്കു സ്ഥാനാര്‍ഥിയാകാം. മല്‍സരം വേണ്ടെന്നു പൊതുധാരണയുണ്ടായാല് എതിര് സ്ഥാനാര്‍ഥിയെ വേണ്ടെന്നു വെച്ചാല്‍ മതി. ചെന്നിത്തല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും. കീഴ്ഘടകങ്ങളിലും ഇതേ രീതിയാകമല്ലോ. സര്‍വം ശുഭം.
എന്നാല്‍ ഈ പറയുന്ന കാര്യത്തില്‍ ആര്‍ക്കുമില്ല ആത്മവിശ്വാസവും ധൈര്യവും. കാരണം കോണ്‍ഗ്രസാണ് പാര്‍ട്ടി. പറഞ്ഞാല്‍ പറഞ്ഞിടത്തു നില്‍ക്കുന്നവരല്ല അണികളും നേതാക്കളും. എല്ലാം ശുഭമാണെന്നു കരുതി, പിന്വലിക്കാനുറച്ച് ചെന്നിത്തല നോമിനേഷന് കൊടുത്താല്‍ അപ്പുറത്തൊരാള്‍ വന്നു നില്‍ക്കില്ലെന്ന് ഒരുറപ്പുമില്ല. ഇപ്പോഴത്തെ ഒരു ഗ്രൂപ്പു ബലാബലം വെച്ച് ഉമ്മന്‍ ചാണ്ടി പക്ഷം മറ്റേയാളെ ജയിപ്പിച്ചെടുത്തു കൂടായ്കയുമില്ല. മറിച്ച് ഉമ്മന്‍ ചാണ്ടി പക്ഷത്തിനമുണ്ട് വേവലാതി. എതിരില്ലാതെ ചെന്നിത്തലയെ ജയിപ്പിച്ചു കഴിഞ്ഞ് മുഖ്യമന്ത്രിയെ നിശ്ചയിക്കേണ്ട അവസരം വരുമ്പോള്‍, ഞാനാകാം എന്നു പറഞ്ഞ് അവകാശവാദമുന്നയിച്ചാലോ. പി സി സി പ്രസിഡന്റുമാര്‍ ഒറ്റരാത്രി വെളുത്തപ്പോള്‍ മുഖ്യമന്ത്രിയായ നിരവധി അനുഭവങ്ങളുണ്ട് താനും.
അവിടെയാണ് ഈ പറയുന്ന സമവായത്തിന്റെ പ്രസക്തിയും പ്രാധാന്യവും. ചെന്നിത്തലക്ക് കെ പി സി സി അധ്യക്ഷ സ്ഥാനത്ത് ഒരൂഴം കൂടി. പകരം, നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മെനക്കെട്ട് നിയമസഭാ കക്ഷി നേതാവാകാന്‍ ഇറങ്ങിത്തിരിക്കരുത്.
മുഖ്യ റിട്ടേണിംഗ് ഓഫീസര്‍ കൃഷ്ണസ്വാമിയും പ്രത്യേക ക്ഷണിതാവ് അനില്‍ ശാസ്ത്രിയും കേരളത്തില്‍ വന്ന് പറഞ്ഞത്, സമവായ സാധ്യതയെക്കുറിച്ചാണ്. അതിന് അവരെ സംസ്ഥാന നേതൃത്വവും ഹൈക്കമാന്‍ഡും കീ കൊടുത്തുവിട്ടതുമാണ്. എന്നാല്‍ ചെന്നിത്തല ഡല്‍ഹിയില്‍ ചെന്നിട്ട് മാധ്യമങ്ങളോടു പറയുന്നു, സംഘടനാ തെരഞ്ഞെടുപ്പിനു തന്നെയാണ് സാധ്യത. സമവായവും നോക്കും.
എല്ലാം ശരിതന്നെയാണ്. സാങ്കേതികമായി തെരഞ്ഞെടുപ്പു വേണം. അതുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രക്രിയകളും പൂര്‍ത്തിയാക്കുകയും വേണം. എന്നാലോ, അണികള്‍ക്ക് നേതാവിനെ തെരഞ്ഞെടുക്കാനൊട്ട് കഴിയുകയുമില്ല. ഇതാണു കോണ്‍ഗ്രസ് മോഡല്‍ ജനാധിപത്യം. നേതാക്കളുടെ സമവായത്തില്‍ അണികള്‍ക്കു പ്രത്യേകിച്ചു റോളില്ല. വേണമെങ്കില്‍ ബൂത്ത്തലം മുതല്‍ അവര്‍ക്കു കാഴ്ചക്കാരാകാം. മൂന്നു രൂപ മെമ്പര്ഷിപ്പെന്നു പറയുന്നത് ആനക്കാര്യമാണെന്നു കരുതി സിനിമാ സ്റ്റൈല്‍ മുഷ്ടി ചുരുട്ടലിനൊന്നും നില്‍ക്കേണ്ട. ഒരു വര്‍ഷം കഴിഞ്ഞ് തെരഞ്ഞെടുപ്പുണ്ട്. അപ്പോള്‍ വോട്ടു ചെയ്യാന്‍ ഉറപ്പായും അവസരം തരും. ബൂത്തില്‍ ചെന്നില്ലെങ്കില്‍ വണ്ടി വിട്ട് വിളിപ്പിച്ച് വോട്ടു ചെയ്യിക്കും.
വേണ്ട, വേണ്ട അത്രയും കാത്തിരിക്കേണ്ട. ആറു മാസം കഴിഞ്ഞാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുണ്ട്. അപ്പോഴുമുണ്ട് വോട്ടു ചെയ്യാന്‍ ചാന്‍സ്.
അവിടെയൊന്നും സമവായത്തിനു സാധ്യതയില്ലല്ലോ.
