സൗദി പെണ്ണുങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍; കേരളത്തിലെ പെണ്ണുങ്ങള്‍ എന്തു പറയുന്നു?
Daily News
സൗദി പെണ്ണുങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍; കേരളത്തിലെ പെണ്ണുങ്ങള്‍ എന്തു പറയുന്നു?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2017, 6:00 pm

സൗദിയിലെ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള വിലക്ക് സൗദി ഭരണകൂടം നീക്കിയിരിക്കുകയാണ്. സൗദിയിലെ സ്ത്രീകളുടെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന്റെ ഫലമാണിത്. ഡ്രൈവിങ് സീറ്റില്‍ ഇരിക്കാന്‍ സ്ത്രീകളെ അനുവദിച്ച സൗദി തീരുമാനത്തോട് കേരളത്തിലെ സ്ത്രീകള്‍ പ്രതികരിക്കുന്നു.
ഖദീജ നര്‍ഗീസ് (എം.ജി.എം സംസ്ഥാന പ്രസിഡന്റ്)
സൗദിയുടേത് വളരെ സ്വാഗതാര്‍ഹമായ തീരുമാനമാണ്. ഇത് വളരെ മുമ്പേ തന്നെ ചെയ്യേണ്ടതായിരുന്നു. ഇസ്ലാമിന്റെ പേരും പറഞ്ഞ് സ്ത്രീകളെ വിലക്കുകയാണ് ഇത്രയും കാലം ചെയ്തുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇസ്ലാമില്‍ ഇങ്ങനെയുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിലക്ക് നീക്കിയത് ഇസ്ലാമിക വിരുദ്ധമാകില്ലേ?


Also Read: സൗദിയില്‍ സ്ത്രീകള്‍ക്കും വാഹനമോടിക്കാം: ഉത്തരവുമായി സല്‍മാന്‍ രാജാവ്


കാലങ്ങള്‍ മുമ്പേ ഉണ്ടാക്കിവെച്ചിരിക്കുന്ന നിയമസംഹിതകളും മറ്റുമാണ് ഇസ്ലാമിലേത്. അതിനുശേഷം ശാസ്ത്ര സാങ്കേതിക രംഗത്തെ പല മുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. അത് സമൂഹത്തിലും പ്രതിഫലിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് പല കഴിവുകളുമുണ്ട്. അവര്‍ക്ക് കഴിവുള്ള മേഖലയില്‍ അവര്‍ക്ക് ശോഭിക്കാന്‍ കഴിയണം.

ഇസ്ലാമിക രാജ്യമായ സൗദി ഇത്രയും കാലം ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്യപ്പെടേണ്ടതായിരുന്നു. എന്നാല്‍ അത് ചോദ്യം ചെയ്യപ്പെടാതെ പോകുന്നതാണ് നമ്മള്‍ കണ്ടത്. സൗദി രാജവംശവും പൗരോഹിത്യവും പറയുന്നത് അതേപോലെ അനുസരിച്ച് പോകുകയാണ് ഉണ്ടായത്. ഇപ്പോള്‍ ഇന്ത്യയിലായാലും പലപ്പോഴും ഇതുതന്നെയാണ് സ്ഥിതി. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ എതിര്‍പ്പു ഉയരുന്നില്ല.

മതത്തിന്റെ പേരില്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന സ്ഥിതിയാണ് എല്ലായിടത്തും കാണുന്നത്. അത് ഹിന്ദുമതത്തിലായാലും ഇസ്ലാമിലായാലുമൊക്കെ. പെണ്ണ് പൊതുരംഗത്തിറങ്ങരുത്, പെണ്ണ് ഉറക്കെ ചിരിക്കാന്‍ പാടില്ല, പെണ്ണ് പുറത്തേക്കിറങ്ങാന്‍ പാടില്ല, ഇതൊക്കെ പണ്ട് പറഞ്ഞിരുന്നതാണ്. എന്നാല്‍ ഇന്ന് പെണ്ണ് വിദ്യാഭ്യാസം നേടുകയും ഡോക്ടര്‍മാരും എഞ്ചിനിയര്‍ മാരും എന്തിന് ഭരണരംഗത്തുവരെ ശോഭിക്കുകയാണ്. ശരിക്ക് ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് വിവേചനമൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കാന്‍ പാടില്ലായിരുന്നല്ലോ.

ഇപ്പോഴും ഇതിന്റെ പല വക്താക്കളും പറഞ്ഞോണ്ടിരിക്കുന്നത് പെണ്ണ് പുറത്തേക്കിറങ്ങരുത്, അവള് മുഖം മറക്കണം എന്നൊക്കെയാണ്. അതൊന്നും ഇസ്ലാമിലുള്ളതല്ല.

ഫാത്തിമ തഹ്ലി (എം.എസ്.എസ് ദേശീയ വൈസ് പ്രസിഡന്റ്)

സൗദിയുടേത് ഒരു പോസിറ്റീവായ സ്റ്റെപ്പാണ്. യഥാര്‍ത്ഥത്തില്‍ ഇസ്ലാമിനെക്കുറിച്ച് തെറ്റായിട്ടുള്ളൊരു പൊതുബോധം പൊതുവെ സമൂഹത്തിനിടയിലുണ്ട്. മുസ്ലിം സ്ത്രീയെന്നു പറയുന്നത് പൊതുസമൂഹത്തില്‍ ഇടപെടേണ്ട ആളല്ലെന്നും വീട്ടില്‍ വളരെ സുരക്ഷിതത്വത്തിന് മാത്രം കഴിയേണ്ടവളാണെന്ന തരത്തിലുള്ള ബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കുന്നതിനൊപ്പം തന്നെ സ്ത്രീയ്ക്ക് പൊതുസമൂഹത്തില്‍ അനുവദനീയമായിട്ടുള്ള കാര്യങ്ങളെ പൊതുസമൂഹം മറന്നുപോകുന്നുണ്ട്. അങ്ങനെയൊക്കെ നോക്കുമ്പോള്‍ വളരെ പോസിറ്റീവായിട്ടുള്ള നീക്കമാണിത്.


Related One: ഡ്രൈവിംഗ് സീറ്റിലിരിക്കാന്‍ പോരാടിയ വനിതകള്‍ ഇവരാണ്


മുസ്ലിം സ്ത്രീയുടെ യഥാര്‍ത്ഥ അവകാശങ്ങളും ഖുര്‍ആനും ഇസ്ലാമും അനുശാസനം ചെയ്യുന്ന അവള്‍ക്കുള്ള സ്വാതന്ത്ര്യവും കൂടി നല്‍കാന്‍ പൊതുസമൂഹം തയ്യാറാവണം.

ഞാന്‍ മനസിലാക്കുന്നത് സൗദിയില്‍ പൈലറ്റ് മാരായി വനിതകള്‍ വരുന്നുണ്ട്. അതുപോലെ സിംഗപ്പൂരില്‍ പ്രസിഡന്റായി ഒരു മുസ്ലിം വനിത വന്നു. പല രാജ്യങ്ങളും മുസ്ലിം ഐഡന്റിറ്റിയുള്ള രാജ്യങ്ങളില്‍ വരെ ഭരണരംഗത്തുവരെ സ്ത്രീകളുണ്ട്. അത് നല്ലൊരു മുന്നേറ്റം തന്നെയാണ്. കാരണം അങ്ങനെയുള്ള വലിയൊരു മാറ്റം നല്ല രീതിയിലേക്കുള്ള വായനയിലേക്കു പോകുന്നുണ്ട് എന്നാണ് മനസിലാക്കുന്നത്.

സ്ത്രീയായാലും പുരുഷനായാലും വ്യക്തിപരമായ ആദരവ് കൊടുക്കാന്‍ നമ്മള്‍ തയ്യാറാവണം. അവരുടെ സ്വകാര്യത അവകാശങ്ങളെ നമ്മളെ ബഹുമാനിക്കണം. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നമ്മള്‍ കാണുന്നത് സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന സമൂഹത്തെയാണ്. ഫോട്ടോ എടുക്കണമെങ്കില്‍ പോലും അവര്‍ നമ്മുടെ അനുമതി ചോദിക്കും.

പ്രൈവറ്റ് റൈറ്റ്സിന് അത്ര പ്രാധാന്യം നല്‍കുന്നുണ്ട് അവിടങ്ങളില്‍. ഇവിടെ മുസ്ലിം സ്ത്രീയെന്നു പറയുമ്പോള്‍ പൊതുസമൂഹത്തിലേക്ക് ഇറങ്ങിയാല്‍ പ്രശ്നമാണ്. ഏതെങ്കിലും ഒന്നില്‍ ഇടപെടലുകള്‍ വന്നാല്‍ മുസ്ലിം സ്ത്രീ അഭിപ്രായം പറഞ്ഞല്ലോ എന്ന പ്രശ്നം വരും. ആ രീതിയില്‍ നെഗറ്റീവായിട്ടുള്ള ഏജന്‍ജിയാണ് സൃഷ്ടിക്കപ്പെടുന്നത്.

 പൊതു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഒരുപാട് കുപ്രചരണങ്ങളാണ് ഉണ്ടാവുന്നത്. അതുണ്ടാക്കുന്ന നെഗറ്റീവ് എനര്‍ജിയെ തടുക്കാനാണ് ആദ്യം സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരുമ്പോള്‍ എനര്‍ജി സംഭരിക്കേണ്ടത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

ഓരോ മനുഷ്യനും അത് സ്ത്രീയായാലും പുരുഷനായാലും സ്വകാര്യ അവകാശങ്ങളുണ്ട്. അത് ബഹുമാനിക്കുക. ആവശ്യമില്ലാതെ അതിലേക്ക് കൈകടത്തരുത്. അവര്‍ അവരുടെ സ്വകാര്യ കാര്യങ്ങളുമായി പോകട്ടെ.

പി.കെ സൈനബ (ജനാധ്യപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്)

സ്വാഗതം ചെയ്യേണ്ട തീരുമാനമാണിത്. സ്ത്രീകള്‍ക്ക് ഒരു അവസരം കൊടുക്കുകയെന്നത്. പ്രത്യേകിച്ച് ജനാധിപത്യമില്ലാത്ത ഒരു രാജ്യത്ത്, ഇസ്ലാമിക ഭരണകൂടമൊക്കെ നിയന്ത്രിക്കുന്ന ഒരു രാജ്യത്ത് സ്ത്രീകള്‍ക്ക് അനുകൂലമായൊരു തീരുമാനം വരികയെന്നത് വളരെ സ്വാഗതാര്‍ഹമായ കാര്യമാണ്. മതപരമായി സ്ത്രീകള്‍ക്ക് ഒരു വിലക്കുമില്ല. എല്ലാ കാര്യങ്ങളിലും ഇടപെടാനുള്ള സ്വാതന്ത്ര്യമുണ്ട്.
വി.പി റജീന (മാധ്യമപ്രവര്‍ത്തക)

അറബ് രാജ്യങ്ങളില്‍ അടുത്തിടെയായി ഉയര്‍ന്നുവരുന്ന സ്ത്രീകള്‍ക്ക് അനുകൂലമായ മുന്നേറ്റത്തിന്റെ തുടര്‍ച്ചയായാണ് സൗദി സര്‍ക്കാറിന്റെ ഈ തീരുമാനത്തെ കാണുന്നത്. പുരുഷനെ പോലെ തന്നെ സ്ത്രീകള്‍ക്ക് സഞ്ചരിക്കാനും, അത് ഒറ്റയ്ക്കായാലും അല്ലാതെയായാലും, പുറത്തിറങ്ങുമൊക്കെ ഇസ്ലാം മതത്തില്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യം കാലാകാലങ്ങളായി നിഷേധിക്കുന്ന ഭരണകൂടത്തിനെതിരെ സൗദി സ്ത്രീകള്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമാണിത്. സൗദി സ്ത്രീകളെ ഇനി അധികകാലം അടിച്ചമര്‍ത്താനാവില്ല എന്ന് ഭരണകൂടം തിരിച്ചറിഞ്ഞിരിക്കുന്നു.