മാണി ചരിത്രം പറയുമ്പോള്‍
Discourse
മാണി ചരിത്രം പറയുമ്പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st May 2010, 11:55 pm

പ്രതികരണം / മാനസി

കോ
ണ്‍ഗ്രസ്സ് പാര്‍ട്ടിയെ പിളര്‍ത്തി കേരളാ കോണ്‍ഗ്രസ്സ് എന്നൊരു പാര്‍ട്ടി ഉണ്ടാകുന്നത് 1964 ഒക്ടോബര്‍ ഒന്‍പതിനാണ്. കോട്ടയത്തെ തിരുന്നക്കര മൈതാനത്തില്‍ കൂടിയ പ്രവര്‍ത്തകരെ സാക്ഷിയാക്കി കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ച പതിനഞ്ച് എം എല്‍ എമാര്‍ തങ്ങളുടെ നേതാവായി കെ എം ജോര്‍ജ്ജിനെ തിരഞ്ഞെടുത്തുകൊണ്ടായിരുന്നു അത്. കോണ്‍ഗ്രസ്സ് കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടികളുടെ വിദ്വേഷം ഇവിടെ തുടങ്ങുന്നു. ഒരേ മുന്നണിയില്‍ നില്‍ക്കുമ്പോഴും മാനസികമായി ഇനിയും അകല്‍ച്ച മാറാത്ത രണ്ടുകക്ഷികള്‍ .

കോണ്‍ഗ്രസ്സിനകത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികകത്തും പിളര്‍പ്പി്‌ന്റെ കാലമായിരുന്നു 1964. ഇന്ത്യന്‍ ഭരണകൂടത്തെ നിര്‍വചിക്കുന്നതില്‍ നിന്നുടലെടുത്ത റിവിഷണലിസവും നയവ്യതിയാനവും കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍ ശങ്കര്‍ മന്ത്രിസഭയെ അവിശ്വാസ പ്രമേയത്തിലൂടെ മറിച്ചിട്ട കാരണം കൊണ്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടിയും പിളര്‍ന്നു. പാലയും തൊടുപുഴയും കോട്ടയവും ഇടുക്കി ജില്ലയിലെ ചിലഭാഗങ്ങളിലും കേരളാ കോണ്‍ഗ്രസ്സിന് നല്ല വളര്‍ച്ചയുണ്ടായി. 1965ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് 25 സീറ്റില്‍ ജയിച്ചു കയറി. കര്‍ഷകരുടെയും കുടിയേറ്റക്കാരുടെയും പ്രശ്ന്നങ്ങള്‍ ഏറ്റെടുത്ത് പാര്‍ട്ടി വളരെ പെട്ടെന്നാണ് ജനകീയമായത്.

കെ എം ജോര്‍ജ്ജിന്റെയും പി ടി ചാക്കോയുടെയും സംഘടനാ പാടവവും ആരെയും ആകര്‍ഷിക്കുന്ന പ്രസംഗ ശൈലിയും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടായി. കുടിയേറ്റകര്‍ഷകര്‍ എവിടെയുണ്ടോ അവിടെ കേരളാ കോണ്‍ഗ്രസ്സിന് ആളുണ്ട് എന്ന അവസ്ഥയുമായി. പൊതുവേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇളക്കിമറിച്ച വടക്കേ മലബാറിന്റെ കുടിയേറ്റ മേഖലകളിലും ചുകപ്പും വെളുപ്പും നിറത്തിലുളള കൊടികളുയര്‍ന്നു. പാര്‍ട്ടിക്ക് സ്വന്തമായി എം എല്‍ എ മാരായി, മന്ത്രിമാരായി.

എന്നാല്‍ 1976 ഡിസംബര്‍ പതിനൊന്നിന് കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാവായ കെ എം ജോര്‍ജ്ജിന്റെ മരണത്തോടെ പാര്‍ട്ടിക്ക് കഷ്ടകാലം തുടങ്ങി. പിളര്‍പ്പും വഴക്കും കാരണം കൊടികല്‍ പലതായി. വ്യത്യസ്തമുന്നണികളില്‍ നിന്ന് വാശിയോടെ മത്സരിച്ചു പരസ്പരം പടവെട്ടി. വളരും തോറും പിളരുന്ന പാര്‍ട്ടിയെന്ന് രാഷ്ട്രീയ മുദ്രാവാക്യം തന്നെ കേരളാ കോണ്‍ഗ്രസ്സിനുവേണ്ടി രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ എഴുതി. കേരളാ കോണ്‍ഗ്രസ്സിന്റെ ബ്രാക്കറ്റില്‍ മാണിയും ജേക്കമ്പും ബാലകൃഷ്ണപ്പിളളയും പി ജെ ജോസഫും നിറഞ്ഞു.

1980 ല്‍ രൂപീകൃതമായ ഇടതുമുന്നണിയുടെ ഭാഗമായി പി ജെ ജോസഫ്. വിമോചന സമരം അറുത്തുകളഞ്ഞ കൃസ്ത്യന്‍ വോട്ടുബാങ്ക് മെച്ചപ്പെടുത്താന്‍ ഇ എം ശങ്കരന്‍ നമ്പൂതിരി കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു പി ജെ ജോസഫ്. കേരളാ കോണ്‍ഗ്രസ്സ് ജോസഫിനെ ഇടതു മുന്നണിയില്‍ കൊണ്ടുവന്നപ്പോള്‍ അത് പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ തുടക്കമാവുകയായിരുന്നു. അങ്ങനെ 1990 ല്‍ ഇടതുപക്ഷ പാര്‍ട്ടിയല്ലാത്ത കേരളാ കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പ് ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ പള്ളിയേയും പാട്ടക്കാരയും തള്ളി പറഞ്ഞ് കയറിപറ്റി.

ഇവിടെ അറുപത്തിനാലില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പിരിഞ്ഞുപോയി രൂപം കൊണ്ട സി പി ഐ എം ശക്തമായ സമരപോരാട്ടങ്ങള്‍കൊണ്ട് ജനകീയാടിത്തറ വിപുലമാക്കിയിരുന്നു. പിളര്‍പ്പിനു ശേഷം 1965 ല്‍ നടന്ന തിരഞ്ഞെടുപ്പും ഇഎംഎസ്സിന്റെ തന്നെ നേതൃത്വത്തില്‍ രൂപം കൊണ്ട സപ്തക്ഷി മന്ത്രിസഭയുടെയും അനുഭവങ്ങളാണ് ഇടതു പക്ഷ ജനാധിപത്യമുന്നണി എന്ന ഒരാശയത്തിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ കൊണ്ടെത്തിച്ചത്. അങ്ങനെ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഏത് ചെകുത്താനുമായി കൂട്ടുകൂടാം എന്ന ഇ എം എസ്സിന്റെ രാഷ്ട്രീയ മുദ്രാവാക്യം അദ്ദേഹം തന്നെ തിരുത്തി.

ഇനി വേണ്ടത്ത് വ്യക്തമായ കാഴ്ച്ചപാടും നയങ്ങളുമുളള ഒരു മുന്നണിയായിരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ ഏറെ നടന്നു. അറുപത്തിനാലിലെ പിളര്‍പ്പിനുശേഷം പിണങ്ങി നില്‍ക്കുകയായിരുന്ന സി പി ഐ കോണ്‍ഗ്രസ്സ് ബാന്ധവം അവസാനിപ്പിച്ച് ഇടതുമുന്നണിയില്‍ ചേര്‍ന്നു. 1979 ല്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായര്‍ അന്ന് പറഞ്ഞത് ദേശീയ അടിസ്ഥാനത്തില്‍ ഇടതു ജനാധിപത്യ സഖ്യത്തെ ബലപ്പെടുത്താനാണ് താന്‍ രാജിവച്ച് ഇടതുമുന്നണിയില്‍ ചേരുന്നത് എന്നായിരുന്നു. വലതുമുന്നണിയില്‍ നിന്ന് ഇടതുമുന്നണിയിലേക്കുളള ചാട്ടം.

ഈ ചരിത്ര യാഥാര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തിയാണ് കെ എം മാണി ഇപ്പോള്‍ ജോസഫ് മാണി ഗ്രൂപ്പുകളുടെ ലയനത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ ചോദ്യശരങ്ങള്‍ എയ്യുന്നത്. വിശാല ഇടതുപക്ഷ ഐക്യം കെട്ടിപടുക്കാന്‍ പികെ വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി പദം രാജിവച്ച് ഇടതുമുന്നണിയില്‍ ചേരാമെങ്കില്‍ ജോസഫ് ചെയ്തതില്‍ എന്ത് രാഷട്രീയ വഞ്ചനയാണുളളതെന്ന് കെ എം മാണി ചോദിക്കുന്നു. ഇത് കോണ്‍ഗ്രസ്സിനുകൂടെയുളള മറുപടിയാണെന്ന് കോട്ടയത്തുകാര്‍ക്കറിയാം. കെ എം മാണിയുടെ ഈ രാഷ്ട്രീയ ചോദ്യത്തിന് ഉത്തരം പറയാന്‍ ഇടതു വലതു മുന്നണികളിലെ നേതാക്കള്‍ പാടുപെടുമെന്നുറപ്പാണ്. ഏറെ രാഷ്ട്രീയ നാടകങ്ങളും പിളര്‍പ്പും ലയനവും കണ്ട മാണി രാഷ്ട്രീയ ചതുരംഗകളിയിലും ഒട്ടും മോശമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.