പേരില്‍ മുസ്‌ലിം വാലുള്ള പ്രമുഖര്‍ പോലും പലപ്പോഴും വിവേചനത്തിന് വിധേയരാവേണ്ടി വരുന്നത് വാര്‍ത്തയാകാറുണ്ട്. കഴിഞ്ഞ ദിവസം യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഷാരൂഖ് ഖാനെ അമേരിക്കയില്‍ വിമാനത്താവളത്തില്‍ രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ചത് വാര്‍ത്തയായിരുന്നു. ഷാരൂഖിന് നേരത്തെയും ഇതുപോലെ അനുഭവമുണ്ടായിട്ടുണ്ട്. പ്രസിഡന്റ് അബ്ദുല്‍ കലാം പോലും പേരിന്റെ രുചിയറിഞ്ഞിട്ടുണ്ട്.

എന്നാല്‍ ചെറിയ മുസ് ലിം ചുവയുള്ള തന്റെ പേരിനെ പൂര്‍ണ്ണ മുസ് ലിം വത്കരിക്കാനുള്ള തീരുമാനത്തിലാണ് പ്രശസ്ത നടനും സംവിധായകനുമായ കമല്‍ഹാസന്‍. കമല്‍ ഹാസന്‍ എന്ന പേരിലെ ഹസന്‍ പലപ്പോഴും തെറ്റിദ്ധാരണക്കിടയാക്കുന്നുണ്ട്. എന്നാല്‍ തെറ്റിദ്ധാരണ നീക്കി പേര് പൂര്‍ണ്ണമായി മുസ് ലിം വത്കരിക്കാനാണ് കമല്‍ ഹാസന്റെ തീരുമാനം. ‘ കമല്‍’ എന്നത് ‘ഖമല്‍’ എന്നാക്കി മാറ്റാനാണ് തീരുമാനം.

ഞാന്‍ മുസ്‌ലീം അല്ലയോ ആണോ എന്നുള്ളതല്ല പ്രശ്‌നം. എന്റെ പേരിന്റെ പേരില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് നേരിടാനും ഞാന്‍ തയ്യാറാണ്. കമല്‍ വ്യക്തമാക്കി.

ഷാരൂഖാനിലെ ഖാന്‍ മാത്രമല്ല പ്രശ്‌നമുണ്ടാക്കിയ പേരുകള്‍. നേരത്തെ പേരിന്റെ പേരില്‍ കമലിനും കാനഡ എയര്‍പോര്‍ട്ടില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഉച്ഛരിക്കുമ്പോള്‍ മുസ്‌ലീം പേരായി സംശയമുണ്ടാക്കിയതായിരുന്നു കാരണം.

‘ എന്റെ അച്ഛന്‍ വളരെ വിചിത്രമായ ഒരു കാര്യം ചെയ്തു. ഒരു പക്ഷെ അദ്ദേഹത്തിന് 50 വയസായപ്പോഴാണ് ഞാന്‍ ജനിച്ചത് എന്നതുകൊണ്ടാവാം. അദ്ദേഹം എനിക്ക് മുസ്‌ലീം ഉച്ഛാരണമുള്ള പേര് നല്‍കി. എന്റെ സഹോദരന്‍മാരായ ചാരുഹാസനും ചന്ദ്രഹാസനും ഈ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. ‘

‘ എന്റെ പേരിലെ അവ്യക്തത അമേരിക്കക്കാരെ ആശയക്കുഴപ്പത്തിലാഴ്ത്തിയിട്ടുണ്ട്. അത് ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നു. എന്റെ കമല്‍ എന്ന പേരിന്റെ ഭാഗം ‘ഖമല്‍’ എന്ന് ഉച്ഛരിക്കുന്നുണ്ടോയെന്ന് അവര്‍ ശ്രദ്ധിക്കും. ഞാന്‍ എപ്പോഴും അവരെ ശ്രദ്ധിക്കാറുണ്ട്.’ കമല്‍ വ്യക്തമാക്കി.

എല്ലാ സമൂഹത്തിലും വര്‍ഗീയവും സാംസ്‌കാരികവുമായ സംശയങ്ങള്‍ ഉണ്ടെന്ന് ഹാസന്‍ പറയുന്നു. ഇന്ത്യയിലെത്തുന്ന അഫ്ഗാനികളുടെ കാര്യം തന്നെയെടുക്കാം. അവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ റൂമുകള്‍ ലഭിക്കുന്നില്ല. അവരുടെ പാസ്‌പോര്‍ട്ടിനും ഇവിടെ പ്രശ്‌നങ്ങളുണ്ട്. പിന്നെന്തിനാണ് നമ്മള്‍ അമേരിക്കക്കാരുടെ പെരുമാറ്റത്തെ കുറ്റപ്പെടുത്തുന്നതെന്നും കമല്‍ ചോദിക്കുന്നു. ഇത്തരം വംശീയപരമായ ഭ്രാന്ത് ഇന്ത്യ അവസാനിപ്പിക്കണമെന്നും കമല്‍ വ്യക്തമാക്കി.

Malayalam News

Kerala News in English