തൃശൂര്‍: ലാലൂര്‍ മാലിന്യ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.വേണു നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന് കോര്‍പറേഷന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് വൈകീട്ടോടെയാണ് നിരാഹാരം അവസാനിപ്പിച്ചത്. വേണു തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പ്രശ്‌നത്തില്‍ നിരാഹാരം നടത്തിയിരുന്ന വേണുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലും അദ്ദേഹം നിരാഹാരം തുടരുകയായിരുന്നു.

പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് പ്ലാന്റില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ നീക്കുമെന്ന് കോര്‍പ്പറേഷന്‍ സമരസമിതിക്ക് ഉറപ്പ് നല്‍കി. ആറ് ലോഡ് മാലിന്യങ്ങള്‍ ഇതുവരെ പ്ലാന്റില്‍ നിന്നും മാറ്റിയിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ അവകാശവാദം.

എന്നാല്‍ മാലിന്യങ്ങള്‍ എവിടേയ്ക്ക് കൊണ്ടുപോയെന്നോ എവിടെ നിക്ഷേപിച്ചന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സമരത്തെ തുടര്‍ന്ന് തൃശൂര്‍ നഗരത്തില്‍ ദിവസങ്ങളായി മാലിന്യ നീക്കം തടസപ്പെട്ടിരിക്കുകയാണ്.

Malayalam news

Kerala news in English