മരിച്ച പാര്‍ട്ടിയില്‍
Discourse
മരിച്ച പാര്‍ട്ടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th February 2011, 10:59 pm

കവിത / ഉമേഷ് ബാബു കെ.സി

അലസതയാല്‍
അസ്വാതന്ത്യത്താല്‍

ഭയത്താല്‍,
ഭീരുത്വത്താല്‍
പാരമ്പര്യത്തിന്റെ നുകത്താല്‍
പ്രാരബ്ധത്തിന്റെ ആധിക്യത്താല്‍,

മരിച്ച ഒരു പാര്‍ട്ടിയില്‍
പെട്ടു തന്നെ ഇരിക്കുന്ന
മരിക്കാന്‍ കാരണങ്ങളേയില്ലാത്തവരെ
തിരിച്ചറിയുക എളുപ്പമാണ്.

തളര്‍ന്ന ചിരികൊണ്ട്
ഒഴിഞ്ഞുപോകാനുള്ള ധൃതികൊണ്ട്
മറുപടി വേണ്ടാത്ത വാദങ്ങള്‍ കൊണ്ട്
“എന്തായാലും പാര്‍ട്ടിയല്ലേ” എന്ന
സ്വയം വിശ്വസിക്കാത്ത വീമ്പുകൊണ്ട്.

എന്നാലും
താളോ തകരയോ അല്ലാത്തതിനാല്‍
പുഴുവോ പ്രാണിയോ അല്ലാത്തതിനാല്‍
പാമ്പോ പറവയോ അല്ലാത്തതിനാല്‍
നാലു കാലിലും വാലിലുമല്ലാത്തതിനാല്‍,
പോകേണ്ടി വരില്ലേ,
അവര്‍,
സ്വനഷ്ടത്തിന്റെ
ഉണങ്ങിയ തടിയില്‍നിന്ന്
സ്വബോധത്തിന്റെ
നനഞ്ഞ വേരിലേക്ക്?.

വറ്റുന്നില്ല കടലിലെ ജലം.
പ്രതീക്ഷയെന്നെഴുതുകയും

മായ്ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്ന

ഓളങ്ങളുടെ ജീവിതം….