ജിദ്ദ: പരിമിതമായ  അടയാളങ്ങളിലോ ആരാധന കര്‍മ്മങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ല മതമെന്നും താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞും പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി  ഇടപെട്ടും സമൂഹത്തെ അറിയുന്നവനായിരിക്കണം  യഥാര്‍ത്ഥ മതവിശ്വാസിയെന്നും സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി സെക്രട്ടറി എം ടി മനാഫ് മാസ്റ്റര്‍ പറഞ്ഞു.

Subscribe Us:

മക്കയിലെയും മദീനയിലെയും പ്രവാചക ജീവിതം ഇത് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ജിദ്ദ ഇസ്ലാഹി സെന്റര്‍  ഓര്‍ഗനൈസേഷന്‍ വിഭാഗം സംഘടിപ്പിച്ച പഠന ക്യാമ്പില്‍ ‘നവോത്ഥാനത്തിന്റെ നാള്‍വഴികള്‍’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം. ബഹുസ്വര മൂഹത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയാണ് മുന്‍ഗാമികള്‍  നവോത്ഥാന മുന്നേറ്റം സാദ്ധ്യമാക്കിയത്. വ്യവസ്ഥിതി മാറ്റമല്ല വ്യക്തികളുടെ മന:പരിവര്‍ത്തനമാണ് ഇത്തരം സാമൂഹ്യ മാറ്റങ്ങള്‍ക്ക്  നിദാനമായി വര്‍ത്തിച്ചത്.

സ്വയം പരിവര്‍ത്തനത്തിന് തയ്യാറാവാത്ത ഒരു സമൂഹം ഒരിക്കലും മാറ്റി പതിഷ്ഠിക്കപ്പെടില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. നവോത്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവരില്‍ പോലും  ഏറെ സങ്കുചിതവും പക്ഷപാതപരവുമായ സമീപനങ്ങളും പിന്തിരിപ്പന്‍ ചിന്താഗതികളും കണ്ടു വരുന്നത് ആശങ്കാ ജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .  ഇസ്ലാഹി സെന്റര്‍ ഓര്‍ഗനൈസേഷന്‍ വിഭാഗം കണ്‍വീനര്‍ റഷീദ് പേങ്ങാട്ടിരി ആമുഖ ഭാഷണം നടത്തി. ജരീര്‍ വേങ്ങര നന്ദി പറഞ്ഞു.