എഡിറ്റര്‍
എഡിറ്റര്‍
ജ്വല്ലറി വ്യാപാരികള്‍ സോണിയയെ കണ്ടു; സ്വര്‍ണ്ണ നികുതി കുറയ്ക്കണമെന്ന് കോണ്‍ഗ്രസ്
എഡിറ്റര്‍
Friday 6th April 2012 2:06pm

ന്യൂദല്‍ഹി: നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന ജ്വല്ലറി വ്യാപാരികളുടെ ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിക്കണമെന്ന് സര്‍ക്കാറിനോട് കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന. സ്വര്‍ണ്ണത്തിലുള്ള നികുതിയും ബ്രാന്റഡ് ജ്വല്ലറികളല്ലാത്തവയ്ക്കുള്ള എക്‌സൈസ് ഡ്യൂട്ടിയും കുറയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

‘ ജ്വല്ലറി വ്യാപാരികളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കണം’ എന്നാണ് കോണ്‍ഗ്രസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എ.ഐ.സി.സി സെനറല്‍ സെക്രട്ടറിയും മാധ്യമ തലവനുമായ ജനാര്‍ദ്ദനന്‍ ത്രിവേദി വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ ജ്വല്ലറി വ്യാപാരികള്‍ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് ത്രിവേദിയുടെ പ്രസ്താവനയുണ്ടായിരിക്കുന്നത്. പ്രമുഖ നഗരങ്ങളിലെ ജ്വല്ലറി വ്യാപാരികള്‍ ഉള്‍ക്കൊള്ളുന്ന സംഘം ധനമന്ത്രി പ്രണബ് മുഖര്‍ജിയെ കാണാനും പദ്ധതിയിട്ടിട്ടുണ്ട്.

നികുതി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 17 മുതല്‍ പ്രമുഖ നഗരങ്ങളില്‍ ജ്വല്ലറി വ്യാപാരികള്‍ കടകളടച്ച് സമരം നടത്തുകയാണ്. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലാണ് പ്രണബ് മുഖര്‍ജി നികുതി വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സമരം തുടരണമോ വേണ്ടയോയെന്ന് തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം ദല്‍ഹി ജ്വല്ലേഴ്‌സ് ഏന്‍ഡ് ഗോള്‍ഡ് സ്മിത്ത് അസോസിയേഷന്‍ പ്രസിഡന്റ് രാം അവതാര്‍ വ്യക്തമാക്കിയിരുന്നു.

Advertisement