കൊച്ചി: മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേരള പോലീസ് ഫയല്‍ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ഹൈക്കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച നിയമോപദേശം കോണ്‍സുലേറ്റിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

ഹരജി ഇന്ന് തന്നെ സമര്‍പ്പിച്ചേക്കും. അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് സംഭവം നടന്നതെന്നും അതിനാല്‍ കേസെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാവും ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ഹരജി നല്‍കുക. ഇതിനായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ സേവനം ഇറ്റലി ഉറപ്പാക്കിയതായാണ് വിവരം.

അതിനിടെ, അറസ്റ്റിലായ കപ്പല്‍നാവികരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ കരുനാഗപ്പള്ളി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി പ്രതികളെ കൊല്ലത്ത് നിന്ന് കൊച്ചിയില്‍ എത്തിച്ചു.

ഈമാസം 23 വരെയാണ് തുടരന്വേഷണങ്ങള്‍ക്കായി നാവികരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുന്നത്. 23ന് ശേഷം ഇവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകാനാണ് സാധ്യത.

ഇറ്റാലിയന്‍ നാവികരായ ലെസ്‌റ്റോറെ, സെല്‍വ തോറെ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അതിനിടെ, നാവികര്‍ മത്സ്യതൊഴിലാളികളെ വധിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കാനുള്ള ശ്രമവും പോലീസിന്റെ ഭാഗത്തുനിന്നുണ്ട്. ഈ ആയുധങ്ങള്‍ ഇപ്പോള്‍ കപ്പലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ അധികൃതരുടെ സമ്മതത്തോടുകൂടിയേ പോലീസിന് ഇതെടുക്കാന്‍ സാധിക്കുകയുള്ളൂ.

നാവികരുടെ അറസ്റ്റില്‍ ഇന്ത്യ രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ഇറ്റലി ആരോപിച്ചു. രാജ്യാന്തര കപ്പല്‍ചാലിലാണ് സംഭവം നടന്നത് എന്നതുകൊണ്ടുതന്നെ ഇറ്റലിയിലായിരുന്നു കേസ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. ഇന്ത്യ സ്വീകരിച്ച നടപടിയില്‍ അഭിപ്രായവ്യത്യാസമുണ്ട്. യു.എന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യയുടെ നടപടിയെന്നും ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു.

Malayalam News

Kerala News In English