വിമര്‍ശനം / ആര്‍ ഉണ്ണി
2001-ലെ കൊല്‍ക്കത്ത ടെസ്റ്റ് നിങ്ങള്‍ക്കോര്‍മ്മയില്ലേ; ക്രിക്കറ്റിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ആ മത്സരത്തില്‍ അപരാജിതരായെത്തിയ ഓസ്‌ട്രേലിയക്ക് മുന്നില്‍ ഫോളോ ഓണ്‍ ചെയ്യേണ്ടിവന്ന ഇന്ത്യന്‍ ടീം വി വി എസ് ലക്ഷ്മണിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും അവിസ്മരണീയ ബാറ്റിങ്ങിലൂടെ തിരിച്ചടിച്ചു. അഞ്ചാം ദിവസം ഗ്ലെന്‍ മക്ഗ്രാത്തിനെ ഹര്‍ബജന്‍ പുറത്താക്കി ഇന്ത്യക്ക് വിജയം പിടിച്ചുവാങ്ങി നല്‍കി. ഈഡന്‍ ഗാര്‍ഡന്‍സിലെ, മണല്‍ത്തരി വീണാല്‍പോലും താഴെയെത്തില്ലെന്നുറപ്പാക്കിയ ഒരു ലക്ഷത്തിലേറെ ആരാധകരെ ത്രസിപ്പിച്ച ആ വിജയത്തിന് സമാനമായി കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിനിടെ മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് വിജയഗാഥയും നിലനില്‍ക്കില്ല. ആ മത്‌സരം സൃഷ്ടിച്ച പിരിമുറുക്കവും ആവേശവും അതുല്യമാണ്. അതനുഭവിച്ചവര്‍ പറയും: ക്രിക്കറ്റ് എന്നാല്‍ അത് ടെസ്റ്റ് ക്രിക്കറ്റാണ്. ആ “പരീക്ഷ” കടക്കാത്തവര്‍ ക്രിക്കറ്റര്‍മാരല്ലെന്ന് ഈ കളിയെക്കുറിച്ചറിയാവുന്നവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. സമയം കൊല്ലിയെന്നധിക്ഷേപിക്കുമ്പോഴും ടെസ്റ്റാണ് യഥാര്‍ത്ഥത്തില്‍ ക്രിക്കറ്റെന്ന് കളിയെക്കുറിച്ചറിയുന്നവര്‍ക്കറിയാം.[]
ക്രിക്കറ്റിന്റെ മറ്റ് രണ്ട് പതിപ്പുകളാണ്, അമ്പതു ഓവറുകള്‍ വീതം ഉള്ള ഏകദിനവും ട്വന്റി-ട്വന്റിയും. ഏകദിന മത്‌സരങ്ങള്‍ പകലും, പകല്‍ രാത്രിയും, രാത്രി തന്നെയായും നടക്കുന്നുണ്ട്. അതും സമയംകൊല്ലിയാണെന്ന പരാതി ഉയര്‍ന്നപ്പോഴാണ് ട്വന്റി-ട്വന്റി (20-20) രൂപം കൊള്ളുന്നത്. ന്യൂസിലന്റിലും വെസ്റ്റ് ഇന്‍ഡീസിലുമാണ് ക്രിക്കറ്റിനെ മുച്ചൂടും നശിപ്പിച്ച ഈ അസുരവിത്ത് ആദ്യം മുളച്ചത്. പിന്നീടത് ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലേക്കും കടന്നുകയറി. ഇവിടങ്ങളിലൊക്കെ ടെസ്റ്റ് ക്രിക്കറ്റിനും ഏകദിനത്തിനും കാണികളെ കുറഞ്ഞതാണ് ക്യാപ്‌സ്യൂള്‍ ക്രിക്കറ്റിന് വഴിയൊരുക്കിയത്. എന്നാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് ആദ്യഘട്ടത്തില്‍ ഇതുള്‍ക്കൊള്ളാനെ കഴിഞ്ഞിരുന്നില്ല. കാരണം ഇന്ത്യയിലെയും പാകിസ്ഥാനിലെയും ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് ഏകദിനങ്ങള്‍ കാണാനും ടെസ്റ്റ് കാണാനും അന്നും ജനം ഇരച്ചുകയറുന്നുണ്ടായിരുന്നു. പ്രധാന വരുമാന മേഖല ഈ പ്രദേശമായതിനാല്‍ ക്രിക്കറ്റിന്റെ അന്തര്‍ദ്ദേശീയ ഭരണസമിതിയും 20-20 യോട് അത്ര അനുഭാവം കാട്ടിയില്ല. ആദ്യ 20 -20 ലോകകപ്പിനു മുമ്പ് ഏറ്റവും കുറച്ച് 20 – 20 കളിച്ച പരിചയവും ഇന്ത്യക്കാണുണ്ടായിരുന്നത്. മനസ്സില്ലാ മനസ്സോടെ നടത്തിയ ആദ്യ 20 – 20 ലോകകപ്പില്‍ നിന്നും മുതിര്‍ന്ന ഇന്ത്യന്‍ കളിക്കാര്‍ വിട്ടുനിന്നു. തൊട്ടുമുമ്പ് നടന്ന ഏകദിന ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ഏറെ പ്രതീക്ഷകളുമായി പോയ ഇന്ത്യന്‍ സംഘം ആദ്യ റൗണ്ടില്‍ തന്നെ മടങ്ങിയതിനെ തുടര്‍ന്നാണ് 20 – 20 തങ്ങളുടെ പ്രായത്തിന് പറ്റിയതല്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ വിട്ടുനിന്നത്. മുതര്‍ന്ന താരങ്ങള്‍ വിട്ടുനിന്നുവെന്നതുകൊണ്ട് തന്നെ ഇവിടുത്തെ ആരാധകര്‍ 2007ലെ ആദ്യ 20 – 20 ലോകകപ്പിനെ കാര്യമായെടുത്തില്ല. ധോനിയെന്ന പുതുമുഖത്തെ നായകനാക്കിയ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ടീമിനെ കാര്യമായെടുത്തിരുന്നില്ലെന്ന് ആ തീരുമാനം കൊണ്ടുതന്നെ വ്യക്തമായി. എന്നാല്‍ അപ്രതീക്ഷിതമായി ടീം ഓരോ ഘട്ടം കടന്ന് ഫൈനലിലെത്തുകയും അവിടെ വെച്ച് പാകിസ്ഥാനെ തോല്‍പിക്കുകയും ചെയ്തതോടെ കളി കാര്യമായി. അന്നുവരെ ഇന്ത്യന്‍ ക്രിക്കറ്റിന് വന്‍ സംഭാവനകള്‍ നല്‍കിയ സച്ചിനും ദ്രാവിഡും ഗാംഗുലിയുമൊക്കെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് നീങ്ങുകയും ധോനിയെന്ന ജാര്‍ഖണ്ഡുകാരന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമാവുകയും ചെയ്തു. മനസ്സില്ലാ മനസോടെ 20 – 20ക്ക് വേണ്ടി ടീമിനെ അയച്ച ഇന്ത്യക്കാര്‍ ടെസ്റ്റിനെയും ഏകദിനത്തെയും വിട്ട് 20 – 20നു വേണ്ടി വാദിക്കുന്ന കാഴ്ചയായി പിന്നീട്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും 20 – 20 പിന്നിലായതോടെ പിന്നെ ഐ.സി.സി.ക്കും ഒന്നും ചെയ്യാനില്ലെന്നായി. നാലുവര്‍ഷത്തിലൊരിക്കലാണ് എല്ലാ കളികള്‍ക്കും ലോക കപ്പെങ്കില്‍ 20-20 ന് അത് ഒരു വര്‍ഷത്തില്‍ (9മാസം) ഒരിക്കലായി. 20 – 20 വന്നതോടെ ഇനി ടെസ്റ്റും ഏകദിനവും വേണ്ടെന്ന പ്രചാരണം ശക്തമായതും ഓര്‍ക്കണം.
20 – 20 യുടെ വിപണനസാധ്യത കണ്ട് സീ ടെലവിഷനും കപില്‍ദേവും ചേര്‍ന്ന് ബി.സി.സി.ഐ.യെ വെല്ലുവിളിച്ച് കോടികളിറക്കി ഐ.സി.എല്‍ രൂപീകരിച്ചു. ഐ.സി.എല്ലില്‍ കളിക്കുന്നവരെ ഇന്ത്യന്‍ ടീമില്‍ നിന്ന് വിലക്കിയ ബി.സി.സി.ഐ, ഇതിനെ തകര്‍ക്കാനായാണ് ഐ.പി.എല്‍ ആവിഷ്‌കരിക്കുന്നത്. ജയിക്കുമോ തോല്‍ക്കുമോ എന്ന് പറയാനാകാത്ത അവസ്ഥയില്‍ എട്ടു ടീമുകളെ ഏകദേശം 3300 കോടി രൂപക്ക് വിറ്റ് ബി.സി.സി.ഐ കളി തുടങ്ങി. ലളിത്കുമാര്‍ മോഡിയുടെ മേല്‍നോട്ടത്തില്‍ തുടങ്ങിയ ആ കളി വന്‍ വിജയമായെന്ന് രണ്ടാംവര്‍ഷം പുതിയ രണ്ടു ടീമുകള്‍ക്കുവേണ്ടി 3500 ലേറെ കോടി രൂപ മുടക്കിയതോടെ വ്യക്തമായി. അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ലീഗിനെ മാറ്റിനിര്‍ത്തിയാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണ് കളിക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ പണം കൊടുക്കുന്നതെന്നാണ് വെയ്പ്പ്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങളില്‍ 60 മത്‌സരങ്ങള്‍ കൊണ്ട് തീരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ് ദിവസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പണം കളിക്കാര്‍ക്ക് കൊടുക്കുന്നതെന്ന് ഇന്നത്തെ കണക്കുകള്‍ തെളിയിക്കുന്നു.
ക്രിക്കറ്റ് ഒരിക്കലും, ചുരുങ്ങിയത് ബാറ്റ്‌സ്മാനെ സംബന്ധിച്ചെങ്കിലും ശരീര പ്രകൃതവുമായി നേരിട്ട് ബന്ധമുള്ള കായിക വിനോദമല്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി തുടങ്ങിയ ചെറിയ ശരീരമുള്ളവര്‍ നേടിയ റണ്‍മലകള്‍ തന്നെ അതിന് സാക്ഷ്യം. മനസ്സിന്റെ കരുത്തും ഏകാഗ്രതയുമാണ് ബാറ്റ്‌സ്മാനില്‍ നിന്നും ക്രിക്കറ്റ് ആവശ്യപ്പെടുന്നത്.
എന്നാല്‍ 20 – 20 അങ്ങനെയല്ല. അതിനുവേണ്ടിയത് ഭീമന്‍ പ്രകൃതമാണ്. യൂസഫ് പത്താന്‍, റോബിന്‍ ഉത്തപ്പമാത്യു ഹെയ്ഡല്‍, ആന്‍ഡ്രൂ സൈമണ്ട്‌സ്, അഫ്രീഡി, ആല്‍ബി മോര്‍ക്കല്‍ തുടങ്ങിയവരൊക്കെ 20 – 20 സ്‌പെഷ്യലിസ്റ്റുകള്‍ എന്നറിയപ്പെടുന്നത് അതുകൊണ്ടാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇതില്‍ പതുങ്ങിയ അപകടം തിരിച്ചറിയാനാകും. ഇത്തരം ശരീരപ്രകൃതമുള്ളവര്‍ കളിക്കുന്ന ക്രിക്കറ്റുമായി ഏറെ സാമ്യമുള്ള മറ്റൊരു കായിക വിനോദമുണ്ട്. അമേരിക്കയില്‍ ഏറെ പ്രചാരമുള്ള ബേസ് ബോളാണത്. ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പറായിരുന്ന ഇപ്പോള്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ക്യാപ്റ്റനായ ആദംഗില്‍ക്രിസ്റ്റ് യഥാര്‍ത്ഥത്തില്‍ ഒരു ബേസ് ബോള്‍ കളിക്കാരനായിരുന്നു. പന്തടിച്ചകറ്റാനുള്ള അപാരമായ ശേഷി കണ്ട് ഒരു ഓസ്‌ട്രേലിയന്‍ കോച്ചാണ് ഗില്‍ ക്രിസ്റ്റിനെ ക്രിക്കറ്റ് പിച്ചിലേക്ക് പറിച്ചുനടുന്നത്. അതുണ്ടാക്കിയ ഫലം അത്ഭുതകരമായിരുന്നു. തകര്‍പ്പനടികളിലൂടെ ഏകദിനത്തിന്റെയും ടെസ്റ്റിന്റെയും പോലും ഗതി ഓസ്‌ട്രേലിയക്കനുകൂലമായി മാറ്റി മറിക്കാന്‍ കെല്‍പ്പുള്ള എതിരാളികളുടെ പേടി സ്വപ്നമായി ഗില്‍ക്രിസ്റ്റ് മാറി.
എല്ലാ പന്തുകളും അടിച്ചകറ്റാനുള്ളതാണെന്ന് ഗില്‍ക്രിസ്റ്റ് ശൈലിയുടെ പ്രയോഗമാണ് 20 – 20ല്‍ നടക്കുന്നത്. ക്രിക്കറ്റ് ഒരു ബാറ്റ്‌സ്മാനില്‍ നിന്ന് ആവശ്യപ്പെടുന്ന ക്ഷമക്കോ ഏകാഗ്രതക്കോ 20 – 20ല്‍ സ്ഥാനമില്ല. അടിയോടടി തന്നെ വേണം. അമേരിക്കയില്‍ മാത്രം പ്രചാരമുള്ള ബേസ് ബോളിലേക്ക് ക്രിക്കറ്റിനെ പരിവര്‍ത്തനപ്പെടുത്താനുള്ള ഗൂഢലക്ഷ്യം 20 – 20 ക്ക് പിന്നിലുണ്ടോയെന്ന് ആശങ്കപ്പെടുന്ന ക്രിക്കറ്റ് പണ്ഡിതര്‍ ഇന്ന് നിരവധിയാണ്. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രചാരമുണ്ടാക്കാനുള്ള അമേരിക്കയുടെ നീക്കം ഇതിനു പിന്നില്‍ കാണുന്നവരെ സംശയിക്കാനൊക്കില്ല. അത്തരമൊരു പറിച്ചുനടല്‍ ക്രിക്കറ്റില്‍ നിന്നും ആഗ്രഹിക്കുന്നവര്‍ ക്രിക്കറ്റിനെ എല്ലാമെല്ലാമായി കാണുന്ന ഇന്ത്യയിലെ പ്രേക്ഷകരുടെ അഭിരുചി മാറ്റിമറിക്കാന്‍ നടത്തുന്ന ദീര്‍ഘകാല പ്രവര്‍ത്തനത്തിന്റെ ഭാഗമാണോ ഐ.പി.എല്‍ ?
ടെസ്റ്റ് ക്രിക്കറ്റിനോടും ഏകദിനത്തോടും എന്നും നോ പറഞ്ഞ അമേരിക്ക 20 – 20 ക്രിക്കറ്റ് പ്രോത്‌സാഹിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും ഇതോട് ചേര്‍ത്ത് വായിക്കണം.
കഴിഞ്ഞ 20 – 20 ലോക കപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ഇന്ത്യ പുറത്തായി. പരിക്കുകാരണം വീരേന്ദര്‍ സേവാഗ്, സഹീര്‍ഖാന്‍ തുടങ്ങി നിരവധി പ്രമുഖ കളിക്കാര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഐ പി എല്‍ ആയിരുന്നു ഇതിന് കാരണം. ഐ സി സി യുടെ തിരക്കു പിടിച്ച ഷെഡ്യൂള്‍ കാരണം 20 – 20 ലോക കപ്പിന് തൊട്ടുമുമ്പാണ് ഐ പി എല്‍ മത്‌സരങ്ങള്‍ നടത്താനാവുക. ഇപ്പോഴത്തെ നില നോക്കുക. ഏപ്രില്‍ 24ന് ഐ പി എല്‍ അവസാനിക്കും. ഏപ്രില്‍ 30ന് വെസ്റ്റ് ഇന്‍ഡീസില്‍ 20 – 20 ലോക കപ്പ് തുടങ്ങും. ഇതിനകം പരിക്കേറ്റ് കഴിഞ്ഞ സേവാഗിനെ ലോക കപ്പിനുള്ള ടീമില്‍ നിന്നൊഴിവാക്കി. ക്ലബുകള്‍ക്കും മുതലാളിമാര്‍ക്കും വേണ്ടി കളിച്ചതുകാരണം രാജ്യത്തിന് വേണ്ടി കളിക്കാന്‍ കഴിയാത്ത അവസ്ഥ. അതുകൊണ്ട് ആ കളിക്കാരന് വിഷമവുമില്ല. കാരണം ലോകകപ്പില്‍ കളിച്ച് ഒരു പക്ഷേ കപ്പ് നേടിയാല്‍ കിട്ടുന്നതിലേറെ പണം ക്ലബില്‍ നിന്നുകിട്ടും. ഐ പി എല്ലിന്റെ തിരക്കേറിയ ഷെഡ്യൂളില്‍പ്പെട്ടതുകാരണം ലോകകപ്പിന് തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിലെ ധോനി, യൂസഫ് പത്താന്‍ , സഹീര്‍ഖാന്‍ , യുവരാജ്‌സിംഗ്, ഗൗതംഗംഭീര്‍ തുടങ്ങി അര ഡസനോളം കളിക്കാര്‍ പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ട്. ഒടിവും ചതവുമുള്ള ഒരു ടീമാണ് ഇന്ത്യക്കുവേണ്ടി ലോക കപ്പ് കളിക്കുക എന്നര്‍ത്ഥം.
ഐ പി എല്ലിന്റെ വിജയം ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റിനോടുള്ള അഭിനിവേശം മുതലെടുത്തതുകാരണം ഉണ്ടായതാണ്. അതിനുകാരണം ഇന്ത്യക്കുവേണ്ടി നേരത്തെ മഹാരഥന്‍മാര്‍ നേടിത്തന്ന മഹത്തായ നേട്ടങ്ങളാണ്. അത്തരത്തില്‍ രാജ്യത്തിനുവേണ്ടി കളിച്ച കളിക്കാരെ വെച്ച് ക്ലബ്ബുകളും മദ്യ രാജാക്കന്മാരും നേട്ടമുണ്ടാക്കുമ്പോള്‍ രാജ്യത്തിനു വേണ്ടി കളിക്കാന്‍ കളിക്കാരുണ്ടാകില്ല. രണ്ടാം നിരയും മൂന്നാം നിരയും ലോകത്തിനു മുന്നില്‍ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ ഒന്നാം നിരക്കാര്‍ മൈതാനങ്ങളില്‍ കുത്തക മുതലാളിമാരുടെ അഭിമാന സംരക്ഷണ പോരാട്ടം നടത്തും. അങ്ങനെ ഐ പി എല്‍ ക്രിക്കറ്റിന് ചരമക്കുറിപ്പെഴുതും.
