അധിനിവേശ സൈന്യം ഇറാഖില്‍ നടത്തിയ ക്രൂരതയുടെ മുഴുവന്‍ ചിത്രങ്ങളും പുറം ലോകം അറിഞ്ഞിട്ടില്ല. പുറത്ത് വന്ന വിവരങ്ങളാകട്ടെ കരള്‍ പിളര്‍ക്കുന്നതാണ്. ഇറാഖിലെ ബസറയിലുള്ള തടവറയില്‍ ഇറാഖി പൗരനായ ബാഹ മൂസയെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ബ്രിട്ടീഷ് സൈന്യത്തിന് രൂക്ഷ വിമര്‍ശനമാണുള്ളത്. ബസറയിലെ തടവറയില്‍ ബ്രിട്ടീഷ് സൈന്യം നടത്തിയ നരനായാട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

2003 സെപ്തംബര്‍ 15നാണ് ബസറയിലെ താല്‍ക്കാലിക ബ്രിട്ടീഷ് തടങ്കല്‍ പാളയത്തില്‍ മൂസ മരണപ്പെട്ടത്. തടവറയിലെ ടോയിലറ്റിലാണ് മൂസയെ മരിച്ച നിലയില്‍ കണ്ടത്. മൂസയുടെ ശരീരത്തില്‍ 93 പരിക്കുകളുണ്ടായിരുന്നു. മകന്റെ മൃതദേഹം കണ്ടപ്പോള്‍ താന്‍ ഞെട്ടിയതായി പിതാവ് ദാവൂദ് മീസ അന്വേഷണ സംഘത്തോട് പറഞ്ഞു. താന്‍ മരിക്കുകയാണെന്ന് മൂസ പറഞ്ഞിട്ടും ക്രൂരരായ സൈനികര്‍ മര്‍ദ്ദനം നിര്‍ത്തിയില്ല. മരിക്കുന്നതിന് മുമ്പ് മൂസയെ 23 മണിക്കൂറും 40 മിനുട്ടും തലമൂടിക്കെട്ടി തറയില്‍ കിടത്തിയിരുന്നു.

ക്യാപ്റ്റന്‍ ഡൊണാള്‍ഡ് പെയിന്‍ മൂസയുടെ തല ചുമരില്‍ ഇടിച്ചതായി ഒരു സൈനികന്‍ മൊഴി നല്‍കി. ഡൊണാള്‍ഡിന് ബ്രിട്ടീഷ് സൈനിക കോടതി ഒരു വര്‍ഷം തടവ് വിധിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്ത് സൈ്വര്യ വിഹാരം നടത്തുകയാണ് ഇപ്പോള്‍ ഇയാള്‍. തടവുകാരെ പീഡിപ്പിച്ച സൈനികരില്‍ ഡൊണാള്‍ഡ് മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. തടങ്കല്‍ പാളയത്തിലുണ്ടായിരുന്ന എല്ലാ സൈനികരും തടവുകാരെ തൊഴിക്കുകയും അടിക്കുകയും ചെയ്തതായി ഡൊണാള്‍ഡ് തന്നെ അന്വേഷണ സമിതി മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. തടവുകാരുടെ കൂട്ടക്കരച്ചിലിനെ സംഘഗാനമായാണ് ഡൊണാള്‍ഡ് ഉപമിച്ചിരുന്നത്.

baha-moosa-with-family

സര്‍ വില്യം ഗേജ് ചെയര്‍മാനായ അന്വേഷണ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. 1.2 കോടി പൗണ്ട് ചെലവിട്ട് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ജീവിച്ചിരിക്കുന്ന തടവുകാരും സൈനികരുമടക്കം 400 സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു. മൂസയെ മാത്രമല്ല തടവറയിലെ ഇറാഖികളെ മുഴുവന്‍ ക്രൂരമായി പീഡിപ്പിക്കലായിരുന്നു ബ്രിട്ടീഷ് സൈനികരുടെ പ്രധാന വിനോദമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സൈനികരുടെ മര്‍ദ്ദനമേറ്റ് അവശനായ മറ്റൊരു തടവുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. എട്ട് തടവുകാരെ ശരീരം മുഴുവന്‍ മുറിവുകളുമായി മലത്തില്‍ കിടത്തി. തടവുകാരുടെ തല മൂടിക്കെട്ടുന്നത് മനുഷ്യത്വരഹിതമാണെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഒരു സൈനികന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരു തടവുകാരന്റെ കൈ സൈനികര്‍ ഒടിച്ചു മുറിച്ചു. സൈനികര്‍ക്കു നേരെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് അറസ്റ്റു ചെയ്ത പന്ത്രണ്ടുകാരനെ തലക്കിടിച്ച് അവശനാക്കി.

1972ല്‍ നിരോധിച്ച മര്‍ദ്ദന മുറകളാണ് തടവുകാരെ ചോദ്യം ചെയ്യാന്‍ സൈനികര്‍ പുറത്തെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തല മൂടിക്കെട്ടുക, വേദനിക്കുന്ന നിലയില്‍ ഇരുത്തുക. ഭക്ഷണവും വെള്ളവും കൊടുക്കാതെ പട്ടിണിക്കിടുക, ഉറങ്ങാന്‍ അനുവദിക്കാതിരിക്കുക, തൊഴിക്കുക തുടങ്ങിയ പീഡന മുറകളിലൂടെയായിരുന്നു ചോദ്യം ചെയ്യല്‍. തടവുകാരെ പീഡിപ്പിക്കാന്‍ താന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനാ മേജര്‍ മൈക്കല്‍ പീബിള്‍സ് അന്വേഷണ സമിതി മുമ്പാകെ സമ്മതിച്ചു. ചോദ്യം ചെയ്യാന്‍ പരുവപ്പെടുത്തി എടുക്കാനായിരുന്നത്രെ ഇത്തരം പീഡനങ്ങള്‍.

മൂസ കൊല്ലപ്പെട്ട് എട്ട് വര്‍ഷത്തിനു ശേഷം പുറത്ത് വന്നിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഭീകരമായ സത്യങ്ങളാണ് വെളിച്ചത്താക്കുന്നത്. സൈന്യത്തിലെ അച്ചടക്കരാഹിത്യവും ധാര്‍മിക തകര്‍ച്ചയുമാണ് സംഭവം കാണിക്കുന്നതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. രാജ്യത്തിന് നാണക്കേടുണ്ടാക്കിയ പീഡനങ്ങളുടെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്ന് ഇരകള്‍ക്കു വേണ്ടി നിയമ യുദ്ധം നടത്തുന്ന അഭിഭാഷകന്‍ ഫില്‍ഷീനര്‍ പറഞ്ഞു. ഇറാഖില്‍ എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച് ഇനിയും അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നിസ്സഹായരായ ഇറാഖികളെ തടവിലിട്ട് പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് ബ്രിട്ടീഷ് കോടതി പ്രതിരോധ മന്ത്രാലയത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് തയ്യാറായത്. തങ്ങളുടെ ക്രൂരതകള്‍ മറച്ചുവെക്കാന്‍ സൈനികരെല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു.