കോഴിക്കോട്: അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശം പങ്കിട്ട് അവതരിപ്പിക്കപ്പെട്ട മംഗാനിയര്‍ എന്ന രാജസ്ഥാനി നാടോടി സംഗീത പരിപാടിയോടെ ആറുനാള്‍ നീളുന്ന രാജ്യാന്തര നാടകോത്സവത്തിന് ടാഗോര്‍ ഹാളില്‍ തിരശീല ഉയര്‍ന്നു. രാജസ്ഥാനിലെ പ്രശസ്ത നാടിടോ സംഗീത ഗ്രൂപ്പായ രൂപായന്‍ സന്‍സ്ഥാനാണ് ഈ സംഗീത പരിപാടി അവതരിപ്പിച്ചത്.

രൂപായന്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ കുല്‍ദീപ് കൊത്താരിയുടെ നേതൃത്വത്തിലെത്തിയ ഒന്‍പത് നാടോടി കലാകാരന്‍മാരാണ് കമൈച്ച മീട്ടി മംഗാനിയര്‍ അവതരിപ്പിച്ചത്. പഴയകാലത്ത് രാജസ്ഥാനിലെ ജെയ്‌സാല്‍മറിലെയും ബാര്‍മെറിലെയും ഹിന്ദു പ്രഭു കുടുംബങ്ങളില്‍ ആഹ്ലാദവേളകളില്‍ അവരുടെ വീട്ടിലെത്തി മുസ് ലീംകളായ സംഗീതജ്ഞര്‍ അവതരിപ്പിക്കുന്നതായിരുന്നു മംഗാനിയര്‍. ഇന്ന് രാജസ്ഥാനിലെ നാടോടി സംഗീതകലാരൂപമായാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്.

അതിനിടെ, നാടകത്തിന് തിരശീല ഉയരും മുമ്പ് ടാഗോര്‍ ഹാളില്‍ ഉയര്‍ന്നത് വിവാദങ്ങളാണ്. കേരള സംഗീത നാടക അക്കാദമി, കോഴിക്കോട് ജില്ലാ ഭരണകൂടം, പബ്ലിക്ക് റിലേഷന്‍ വകുപ്പ്, കോര്‍പ്പറേഷന്‍, നാടകപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയില്‍ സംഘടിപ്പിച്ച സംരംഭത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയറാണ് വിവാദത്തിന് തിരികൊളുത്തിയത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരിപാടിയില്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്നായിരുന്നു മേയറുടെ ആദ്യ ആക്ഷേപം. 75 ഗ്രാമപഞ്ചായത്തുകളും 10 നിയമസഭാ മണ്ഡലങ്ങളും 12 ബ്ലോക്ക് പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന ജില്ലയുടെ ബഹുഭൂരിഭാഗം പ്രദേശങ്ങളെ പ്രതിനിധാനം ചെയ്യുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ കേവലം ആശംസ പ്രാസംഗികയാക്കി മാറ്റിയത് ശരിയായില്ല. സാമൂഹിക മാറ്റത്തിനായി ഏറെ പ്രവര്‍ത്തിച്ച നാടകവേദിയില്‍ തന്നെ ഇങ്ങനെയുണ്ടായതാണ് പ്രതികരിക്കാന്‍ കാരണം. സുകുമാര്‍ അഴീക്കോടിന്റെ ശിഷ്യയായ തനിക്ക് ഇക്കാര്യത്തില്‍ പ്രതികരിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

കലാകാരന്‍മാരെയും സാഹിത്യകാരന്‍മാരെയും ആദരിക്കുന്നതില്‍ കോര്‍പ്പറേഷന്‍ വളരെ മുന്നിലാണെന്നും ആനക്കുളം സാംസ്‌കാരിക നിലയത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായി വരികയാണെന്നും കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയുടെയും മാനാഞ്ചിറയുടെയും പ്രവൃത്തി പൂര്‍ത്തിയാക്കി ഉടന്‍ തുറക്കുമെന്നും അവര്‍ പറഞ്ഞു.

ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു എ.പ്രദീപ്കുമാര്‍ എം.എല്‍.എയും മേയുടെ വിമര്‍ശനത്തോട് യോജിച്ചു. നാടകോത്സവ നടത്തിപ്പിനായി ചുമതലപ്പെടുത്തിയവര്‍ വേണ്ടത്ര ആലോചന നടത്താതെ കാര്യങ്ങള്‍ തീരുമാനിക്കുന്നതാണ് ഇത്തരം താളപ്പിഴകള്‍ക്കും വീഴ്ചകള്‍ക്കും ഇടയാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

നാടകോത്സവത്തിന്റെ രണ്ടാംദിനമായ ഇന്ന് തമിഴ്‌നാടകമായ മൊളഗാപൊടി അവതരിപ്പിക്കും. ചെന്നൈയില്‍ നിന്നുള്ള കട്ടിയാക്കരി നാടകസംഘം അവതരിപ്പിക്കുന്ന നാടകം ശ്രീജിത്ത് സുന്ദരമാണ് സംവിധാനം ചെയ്തത്. തമിഴിലെ എല്ലുറപ്പുള്ള എഴുത്തുകാരി പാമയുടെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയ നാടകം സമൂഹത്തിലെ അനീതികള്‍ക്കുനേരേ വിരല്‍ ചൂണ്ടുന്നു.

Malayalam News

Kerala News In English