സഞ്ചാരികളെ സ്വാധീനിക്കുന്ന ഒട്ടേറെ സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവയിലേറ്റവും റൊമാന്റിക്കായ ഇടം ഏതെന്ന കാര്യത്തില്‍ ഇനി സംശയംവേണ്ട. ഗോവയാണ് ഇന്ത്യക്കാര്‍ക്ക് റൊമാന്‍സിന് പറ്റിയ ഇടമെന്നാണ് പുതിയ സര്‍വ്വേ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളെ താരതമ്യം ചെയ്യുന്ന സൈറ്റായ സ്‌കൈസ്‌കാനറാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതുപ്രകാരം ലോകത്തില്‍ ഏറ്റവും റൊമാന്റിക്കായ ഇടം പാരീസാണ്.

800 ആളുകളെ പങ്കെടുപ്പിച്ചായിരുന്നു സര്‍വ്വേ. വാലന്റേയ്‌സ് ഡേയ്ക്ക് നിങ്ങളുടെ പങ്കാളിക്കൊപ്പം എവിടെയാണ് സന്ദര്‍ശിക്കാനാഗ്രഹിക്കുന്നത് എന്ന് ഇവരോട് ചോദിച്ചു. ഇതില്‍ 28% പേരും പ്രകടിപ്പിച്ചത് ഗോവയില്‍ ആഘോഷിക്കാനുള്ള ആഗ്രഹമാണ്.

14% പേര്‍ ആന്റമാന്‍ ദ്വീപുകള്‍ പറഞ്ഞു. 9% പേര്‍ ആഗ്രയും 8% പേര്‍ കേരളവും, 8% സിംലയും ഇഷ്ടപ്പെടുന്നെന്ന് പറഞ്ഞു.

വിദേശത്ത് റൊമാന്‍സിന് പറ്റിയ ഇടത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മിക്കവരും പ്രണയിക്കുന്നത് പാരീസിനെയാണെന്ന് മനസിലായി. രണ്ടാം സ്ഥാനം വെനീസിനായിരുന്നു. 15% പേരാണ് വെനീസ് ഇഷ്ടപ്പെട്ടത്. യു.എസിലെ ലാസ് വാഗാസിനാണ് മൂന്നാം സ്ഥാനം.

ഇന്ത്യയിലെ ചെറു സംസ്ഥാനമായ ഗോവയിലെ കടല്‍ത്തീരങ്ങളും ചരിത്രപ്രധാനമായ പള്ളികളും അമ്പലങ്ങളുമാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതെന്ന് സ്‌കൈ സ്‌കാനര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ കവിത ഗനമൂര്‍ത്തി പറഞ്ഞു.