ലോകം മഹത്തരമെന്ന് വാഴ്ത്തുന്ന ജനാധിപത്യ സംവിധാനമാണ് ഇന്ത്യയിലുള്ളത്. ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്കു വേണ്ടി തിരഞ്ഞെടുക്കുന്ന സംവിധാനം. കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യം രാജ്യത്തെ ജനതക്ക് എത്രത്തോളം ജനാധിപത്യ അവകാശങ്ങള്‍ അനുവദിച്ചു നല്‍കുന്നുണ്ടെന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി നാം കണ്ടുകൊണ്ടിരിക്കുകയാണ്.

പൗരന് സംഘടിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശം ഇവിടെ ഹനിക്കപ്പെടുകയാണ്. ഭരണകൂടം സുന്ദരമായ ലിപികളില്‍ എഴുതിവെച്ച പൗരാവകാശങ്ങള്‍ നാം തിരഞ്ഞെടുത്ത ഭരണകൂടം തന്നെ നമുക്ക് നിഷേധിക്കുന്നു. ദല്‍ഹിയിലെ ജെ.പി പാര്‍ക്കില്‍ മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാശ്മീരിലും ഭരണകൂടം പലപ്പോഴും പൗരാവകശങ്ങള്‍ക്ക് കൈവിലങ്ങ് വെക്കാറുണ്ട്. അതൊന്നും ഇത്ര വലിയ വാര്‍ത്തകളാകാറില്ലെങ്കിലും. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു. അത്രമേല്‍ ജനാധിപത്യപരമാണോ നമ്മുടെ ജനാധിപത്യം…?

കെ.എന്‍ പണിക്കര്‍, ചരിത്രകാരന്‍

അണ്ണാഹസാരെയെ അറസ്റ്റു ചെയ്തത് ഒരു പൗരന്റെ അവകാശ നിഷേധമാണ്. പ്രതിഷേധ പ്രകടനങ്ങള്‍ സമാധാന ലംഘനമാകുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. എന്നാല്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ തടയാന്‍ ഭരണഘടനപ്രകാരം സര്‍ക്കാരിന് അവകാശമില്ല. ഇത് ജനാധിപത്യവിരുദ്ധമാണ്.

ഹസാരെയുടെ സമരപരിപാടിയോട് എനിക്ക് യോജിപ്പില്ല. ഒരു ജനാധിപത്യ സംവിധാനത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള അധികാരം പാര്‍ലമെന്റിനാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തികള്‍ ഉള്‍പ്പെടുന്നതാണ് ഈ പാര്‍ലമെന്റ്. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഇത്ര ദിവസത്തിനുള്ളില്‍ നിയമം നിര്‍മ്മിക്കണം, തങ്ങളുടെ അഭിപ്രായം മാനിച്ചാവണം നിയമനിര്‍മ്മാണം എന്ന് പറയുന്നത് ജനാധിപത്യത്തിന് യോജിക്കാത്തതാണ്. പാര്‍ലമെന്റിന് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. ആ നടപടിക്രമങ്ങളില്‍ മാറ്റംവരുത്താനുള്ള അധികാരം ആര്‍ക്കുമില്ല. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമോ ഉള്‍പ്പെടുത്തേണ്ടെന്നോ തീരുമാനിക്കാനുള്ള അധികാരം പാര്‍ലമെന്റിനാണ്. ഇതില്‍ സിവില്‍ സൊസൈറ്റിയില്‍ നിന്നും അഭിപ്രായരൂപീകരണം നടത്തേണ്ടതുണ്ട്.

ജനാധിപത്യത്തില്‍ വോട്ടുചെയ്യാനുള്ള അവകാശം മാത്രമല്ല പൗരനുള്ളത്. എന്നാല്‍ ആ ഒരു അവകാശത്തില്‍ മാത്രം ജനാധിപത്യം ചുരുങ്ങുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇവിടെ ജനങ്ങളില്‍ നിന്നും അഭിപ്രായരൂപീകരണം നടക്കുന്നില്ല. ഒരുപാട് പോരായ്മകളുള്ള ഒന്നായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ജനാധിപത്യം.

sachithanandanസച്ചിദാനന്ദന്‍, കവി

സമീപകാലത്ത് മനുഷ്യാവകാശത്തിനുവേണ്ടിയുള്ള സമരങ്ങളെ ശക്തമായി അടിച്ചമര്‍ത്തുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അത് കേന്ദ്രസര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുന്ന പ്രതിഷേധങ്ങളെ ശക്തമായി അടിച്ചമര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളിലും മറ്റും നടക്കുന്ന പ്രാദേശികമായ പ്രതിഷേധങ്ങളെപ്പോലും സര്‍ക്കാര്‍ ഭയപ്പെടുകയാണ്. ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം എതിര്‍പ്പുകളെയും മനുഷ്യാവകാശത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളെയും അധികാരബലം ഉപയോഗിച്ച് സര്‍ക്കാര്‍ ഇല്ലാതാക്കുന്നു. ഇത്തരം സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഹസാരെയുടെ നിരാഹാരവുമായി ബന്ധപ്പെട്ട പ്രശ്‌നം. ഹസാരെ സമരം ചെയ്തിട്ടില്ല. സമരം ചെയ്യാന്‍ പോകുന്നതിനു മുമ്പേ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഇത് ജനാധിപത്യപരമായി പൗരന് ലഭിക്കുന്ന അവകാശങ്ങളുടെ ധ്വംസനമാണ്. പ്രതിഷേധിക്കാന്‍ പോലും ഒരാള്‍ക്ക് അവസരം നല്‍കില്ലെന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്.

സര്‍ക്കാരിന്റെ ചില നയങ്ങള്‍ക്കെതിരെ ജാതി, മത, പാര്‍ട്ടി ഭേദമന്യേ ജനങ്ങള്‍ ഒത്തുചേരുന്നത് സര്‍ക്കാര്‍ ഏറെ ഭയപ്പെടുന്നുണ്ട്. കൂടാതെ കോര്‍പ്പറേറ്റുകളുടെയും രാഷ്ട്രീയ നേതാക്കളുടെയും അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഇത് ജനാധിപത്യത്തിന് കടുത്തവെല്ലുവിളിയാണുയര്‍ത്തുന്നത്.

ലെനിന്‍ രാജേന്ദ്രന്‍, സംവിധായകന്‍

ഇന്ത്യയിലങ്ങനെയൊരു ജനാധിപത്യമുണ്ടോ? ഇന്ത്യയൊരു ജനാധിപത്യ രാഷ്ട്രമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ജനാധിപത്യ രാഷ്ട്രമെന്നു പറയുന്നതല്ലാതെ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. പാക്കിസ്ഥാനെപ്പോലെയും മറ്റ് മതരാഷ്ട്രങ്ങളെപ്പോലെയുമുള്ള ഒരു രാജ്യമാണ് ഇന്ത്യയുമെന്ന് പ്രത്യക്ഷത്തില്‍ നമുക്ക് പറയാം. ഏതൊരു രാഷ്ട്രത്തിലുമെന്നപോലെ മതപരവും ജാതീയവുമായ അഴുക്കുകള്‍ പേറുന്ന രാഷ്ട്രമാണ് ഇന്ത്യയും.

ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളെ പോലും നിയന്ത്രിക്കുന്നത് ഈ അഴുക്കുകളാണ്. ഉത്തരേന്ത്യയിലൊക്കെ ഇത് കുറേക്കൂടി ദൃശ്യമാണ്. അവിടെ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് സ്ഥാനാര്‍ത്ഥിയുടെ മഹത്വമോ, അല്ലെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സ്വാധീനമോ അല്ല. ജാതിയും മതവുമാണ്. കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. എന്നാല്‍ ഉത്തരേന്ത്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ കേരളത്തില്‍ ചില ഏറ്റക്കുറച്ചിലുകളുണ്ടാവുമെന്നു മാത്രം. ഇവിടെയും ജാതിയും മതവുമാണ് ഭരണസംവിധാനത്തെ നിയന്ത്രിക്കുന്നത്. ഇങ്ങനെയുള്ളൊരു രാജ്യം ജനാധിപത്യരാജ്യമാണെന്ന് പറയുന്നത് കള്ളമാണ്.

ലീല മേനോന്‍, കോളമിസ്റ്റ്

തികച്ചും ജനാധിപത്യവിരുദ്ധമായ ഒരു നടപടിയാണ് ഹസാരെയുടെ വിഷയത്തില്‍ യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിഷേധിക്കാനുള്ള ഒരാളുടെ അവകാശത്തെയാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. നിരാഹാരമിരിക്കുക എന്നത് ഏതൊരു പൗരന്റെയും അവകാശങ്ങളില്‍പെട്ടതാണ്. അതിന് നിബന്ധനകള്‍ മുന്നോട്ടുവെയ്ക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇത്രയേറെ നിബന്ധനകള്‍ക്കു മധ്യേയാണ് ഒരാളുടെ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്നതെങ്കില്‍ അത് ജനാധിപത്യവിരുദ്ധമാണെന്നതില്‍ യാതൊരു സംശയവുമില്ല.

തങ്ങളുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നതിനെ ശരിയെന്നുവെയ്ക്കുന്നതാണ് ഇന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന. ജനങ്ങളല്ല പാര്‍ലമെന്റാണ് സുപ്രീം എന്നു മന്‍മോഹന്‍സിംഗ് പറഞ്ഞു. പാര്‍ലമെന്റിനെതിരായി വെല്ലുവിളി നടത്തിയ ഹസാരെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹസാരെയ്ക്ക് ജനപിന്തുണ കുറവാണെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ കോടിക്കണക്കിന് ആളുകളുടെ പ്രതിനിധിയാണ് ഹസാരെ എന്ന് നമുക്ക് കുറച്ചുദിവസങ്ങളായി നടക്കുന്ന സംഭവവികാസങ്ങള്‍ കാണിച്ചുതരുന്നു. ഒരിക്കലും പാര്‍ലമെന്റിനെതിരായിട്ടോ സര്‍ക്കാരിനെതിരായിട്ടോ അല്ല അഴിമതിക്കെതിരെയാണ് ഹസാരെ സമരം പ്രഖ്യാപിച്ചത്.

ഹസാരെയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പാര്‍ലമെന്റല്ല, ഭരണഘടനയാണ് സുപ്രീം എന്ന് മനസ്സിലാകും. മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു കളിപ്പാവയാണ് പ്രധാനമന്ത്രി. അഴിമതിക്കാരെ സംരക്ഷിക്കാനാണ് അദ്ദേഹം നിലകൊള്ളുന്നത്. അഴിമതിക്കാരെ നിയമത്തിന്റെ മുന്നില്‍നിന്നും രക്ഷിക്കാനുള്ള ഒരു പുകമറയാണ് മന്‍മോഹന്‍സിംഗ് എന്ന തോന്നല്‍ ഓരോ പൗരനിലുമുണ്ടാകുന്നു. പ്രധാനമന്ത്രിയെ മുന്‍നിര്‍ത്തി പലര്‍ക്കും പലതും നേടാനുണ്ടാവും. ഹസാരെയെപ്പോലുള്ളവരുടെ പ്രതിഷേധം അവര്‍ക്കൊരു തടസ്സമാവുമെന്നതില്‍ യാതൊരു സംശയവുമില്ല. പോലീസിന് മറ്റുവഴികളില്ലാത്തതുകൊണ്ടാണ് അറസ്റ്റുചെയ്തതെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. ഈ പറഞ്ഞ പോലീസിനെ നിയന്ത്രിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നത് എന്തുകൊണ്ട് അദ്ദേഹം ഓര്‍ക്കുന്നില്ല. ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ അങ്ങേയറ്റം ജനാധിപത്യവിരുദ്ധതയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത്.