ന്യൂദല്‍ഹി: ഗര്‍ഭിണികളുടെ മരണനിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വലുതാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2010ലെ ഐക്യരാഷ്ട്രസംഘടനയുടെ കണക്ക് പ്രകാരം ലോകത്തിലെ പ്രസവാനുബന്ധ മരണത്തിന്റെ മൂന്നിലൊന്നും ഇന്ത്യയിലും നൈജീരിയയിലുമയാണ് സംഭവിക്കുന്നത് .

ഗര്‍ഭവവും പ്രസവവുമായി ബന്ധപ്പെട്ട് 2010ല്‍ ലോകത്ത് 287,000 യുവതികള്‍ മരിച്ചിട്ടുണ്ട്. 1990 അപേക്ഷിച്ച് നോക്കുമ്പോള്‍ 47% കുറവാണിത്. ആഫ്രിക്കയിലും തെക്കന്‍ ഏഷ്യയിലും പ്രസവാനുബന്ധ മരണങ്ങളുടെ എണ്ണത്തില്‍ 85% കുറവുവന്നിട്ടുണ്ട്. യു.എന്‍ പോപ്പുലേഷന്‍ ഫണ്ട്, ലോകാരോഗ്യസംഘടന, യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട്, വേള്‍ഡ് ബാങ്ക് എന്നിവ പുറത്തുവിട്ടു 1990നും 2010നും ഇടയിലുള്ള പ്രസവാനുബന്ധ മരണങ്ങളുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ റിപ്പോര്‍ട്ട് പ്രകാരം ലോകത്തുണ്ടാവുന്ന പ്രസവാനുബന്ധ മരണത്തിന്റെ 19% (56,000) ഇന്ത്യയിലാണ്. നൈജീരിയയില്‍ 14% (40,000) വുമാണ്. പാക്കിസ്ഥാന്‍ (12,000), സുഡാന്‍ (10,000), ഇന്തോനേഷ്യ (9,600), എതോപ്യ (9,000), ടാന്‍സാനിയ (8,500), ബംഗ്ലാദേശ് (72,00), അഫ്ഗാനിസ്ഥാന്‍ (6,400), കോംഗോ (15,000) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍. ഈ എട്ട് രാജ്യങ്ങളിലെ മുഴുവന്‍ കണക്കെടുത്താല്‍ തന്നെ ആഗോള തലത്തില്‍ നടക്കുന്ന പ്രസവാനുബന്ധ മരണങ്ങളുടെ 40% മാത്രമേ വരൂ.

2010 ആഗോള മാറ്റേണല്‍ മോര്‍ട്ടാലിറ്റി റേറ്റ് പ്രകാരം 100,000 പ്രസവത്തിന് 210 എന്ന നിലയിലായിരുന്നു പ്രസവാനുബന്ധ മരണം. 1990ല്‍ ഇത് 100,000ത്തിന് 400 എന്ന നിലയിലായിരുന്നു.

ഈ റിപ്പോര്‍ട്ട് പ്രകാരം ഓരോ രണ്ട് മിനിറ്റിനിടയില്‍ ഒരു യുവതി പ്രസവ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മരിക്കുന്നുണ്ട്. രക്തസ്രാവം, അണുബാധ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം എന്നിവയാണ് ഇത്തരം മരണങ്ങള്‍ക്ക് പ്രധാന കാരണം. എന്നിരുന്നാലും ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തരം മരണങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നു.