ന്യൂദല്‍ഹി:  2012 ലണ്ടന്‍ ഒളിമ്പിക്‌സ് ഡൗ കെമിക്കല്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ലണ്ടന്‍ ഒളിമ്പിക്‌സ് സംഘാടകര്‍ക്ക് മുമ്പില്‍ വിഷയം ഉന്നയിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന് കത്തയച്ചിട്ടുണ്ടെന്ന് കായിക മന്ത്രാലയം വക്താവ് വ്യക്തമാക്കി.

‘ ഭോപ്പാല്‍ വാതക ദുരന്തക്കേസിന്റെ ഇരകള്‍ക്ക് ഡൗ കെമിക്കല്‍സ് കൊടുത്തു തീര്‍ക്കാനുള്ള നഷ്ടപരിഹാരം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തതുമാണ്. വിഷയത്തില്‍ ശക്തമായ ജനവികാരമാണ് ഇന്ത്യയിലുള്ളത്. നിരവധി മുന്‍ ഒളിമ്പ്യന്‍മാര്‍ വിഷയത്തില്‍ കടുത്ത എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്- കത്തില്‍ വ്യക്തമാക്കുന്നു. വിഷയം അടിയന്തരമായി ഒളിമ്പിക്‌സ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ രൂപമായ ഡൗ കെമിക്കല്‍സ് 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സ് സ്‌പോണ്‌സര്‍ ചെയ്യുന്നതാണ് വിവാദമായത്. ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സ്‌റ്റേഡിയത്തിന് ചുറ്റും തുണി കൊണ്ട് പൊതിയുവാനുള്ള കരാറാണ് ഡൗ കെമിക്കല്‍സ് നേടിയിരിക്കുന്നത്. ഏഴ് മില്യന്‍ ബ്രിട്ടീഷ് പൗണ്ട് ആണ് സ്‌പോണ്‍സര്‍ഷിപ്പ് തുക.

ലണ്ടന്‍ ഒളിമ്പിക്‌സ് സ്‌പോണ്‍സര്‍ ചെയ്യുവാനുള്ള അവസരം ഡൗ കെമിക്കല്‍സിന് നല്‍കരുതെന്നാവശ്യപ്പെട്ട് ലോക പ്രശസ്ത എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ നോം ചോംസ്‌കി അടക്കമുള്ളവര്‍ ലണ്ടന്‍ ഒളിമ്പിക്‌സ് സംഘാടക സമിതി അദ്ധ്യക്ഷന്‍ ലോര്‍ഡ് സെബാസ്റ്റ്യന്‍ കോയക്ക് എഴുത്തെഴുതിയിരുന്നു.

പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ ഡൗ കെമിക്കല്‍സ് ലണ്ടനില്‍ അടുത്തവര്‍ഷം നടക്കുന്ന ഒളിമ്പിക്‌സിന്റെ മുഖ്യസംഘാടകരായതില്‍ പ്രതിഷേധം ഉണ്ടെങ്കിലും ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിലും മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള 22 ഹോക്കി താരങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ ഇതേ ആവശ്യം അസോസിയേഷനു മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ഹോക്കിയില്‍ 14 ഒളിമ്പിക്‌സ് താരങ്ങളേയും 36 ഇന്റര്‍നാഷണല്‍ കളിക്കാരേയും സംഭാവന ചെയ്ത നഗരമാണു ഭോപ്പാല്‍ എന്ന് ചൂണ്ടിക്കാട്ടിയ ഇവര്‍. സലിം അബ്ബാസിയെപ്പോലുള്ള ഒളിമ്പിക് താരത്തിന്റെ കായികജീവിതം അവസാനിപ്പിക്കാന്‍ കാരണമായത് ഭോപ്പാല്‍ ദുരന്തമാണെന്നും വ്യക്തമാക്കിയിരുന്നു.

Malayalam news, Kerala news in English