ഉത്തര്‍പ്രദേശ്: രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനം രാഹുല്‍ ഗാന്ധിയുടെ പ്രേരണയോടെ ആയിരുന്നില്ലെന്ന് യു.പി.എ അധ്യക്ഷ സോണിയയുടെ ഇളയ പുത്രിയും രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക വദ്ര. യു.പിയിലെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘യു.പിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് രാഹുലിന് വലിയൊരു വെല്ലുവിളിയാണെന്നൊന്നും എനിയ്ക്ക് തോന്നുന്നില്ല. ഞാന്‍ രാഹുലിന്റെ ഇളയ സഹോദരിയാണ് രാഹുലിന് വേണ്ടി പ്രചരണത്തിനിറങ്ങണമെന്നോ വോട്ട് പിടിക്കണമെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ഉത്തര്‍പ്രദേശിലെ പ്രചാരണത്തിനായി തന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കും.’- പ്രിയങ്ക വ്യക്തമാക്കി.

കോണ്‍ഗ്രസ് നല്ല വിജയം തന്നെ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ഷന്‍ ക്യാമ്പയിനായി സാധാരണ പ്രചരണരംഗത്തുണ്ടാവുക മത്സരിക്കുന്ന ആളുകളാണ്. എന്നാല്‍ താന്‍ സഹോദരന് വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്.

ആര്‍ക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അവരെ അതിനായി പ്രേരിപ്പിക്കുവാന്‍ മാത്രമേ നമുക്ക കഴിയുള്ളു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവര്‍ തന്നെ അധികാരത്തിലെത്തണം.

ചില സ്ഥലങ്ങളില്‍ ആളുകള്‍ വോട്ട് ചെയ്യാന്‍ പോലും തയ്യാറാവുന്നില്ല. അത് ഒരിക്കലും ശരിയല്ല. ഭരണം ആരുടെ കയ്യിലെത്തണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്.

കുറേ നാളുകളായി യു.പിയില്‍ ജാതിയിലും മതത്തിലും അടിസ്ഥാനമായാണ് പല രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ അങ്ങനെ ആയിരിക്കില്ല. യു.പിയില്‍ ഒരുപാട് വികസനപ്രവര്‍ത്തനങ്ങള്‍ വരേണ്ടതായുണ്ട്.

ഇലക്ഷനെ മാത്രം മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനമല്ല രാഹുല്‍ ലക്ഷ്യമിടുന്നത്. ഇലക്ഷന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ ചെറിയൊരു ഭാഗം മാത്രമായാണ് അദ്ദേഹം കാണുന്നത്.

യു.പിയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വികസനത്തില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിനായിരിക്കും മുന്‍തൂക്കം കൊടുക്കുകയെന്നും പ്രിയങ്ക വ്യക്തമാക്കി. ബല്‍ദാദ്രാപൂര്‍ ഗ്രാമത്തിലെ ഇലക്ഷന്‍ ക്യാമ്പയിനിങ്ങിലാണ് പ്രിയങ്ക.

Malayalam News

Kerala News In English