ന്യൂദല്‍ഹി:  തന്നെ ബി.ജെ.പി മാറ്റിനിര്‍ത്തിയത് അംബാനിക്കെതിരെ സംസാരിച്ചതിനാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ രാജ്യ സഭാ എം.പിയുമായ അരുണ്‍ ഷൂരി തുറന്നടിച്ചു.

ബി.ജെ.പി കോര്‍പ്പറേറ്റ് ലോബികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ്. 2009-2010ലെ ബജറ്റ് ചര്‍ച്ചയില്‍ നിന്നും പാര്‍ട്ടി തന്നെ മാറ്റിനിര്‍ത്തിയത് കോര്‍പ്പറേറ്റ് ലോബികള്‍ക്കുവേണ്ടിയായിരുന്നു. നീരാറാഡിയയുടെ സംഭാഷണത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ ശരിയാണ്. സി.എന്‍.എന്‍-ഐ.ബി.എന്ന് നല്‍കിയ അഭിമുഖത്തില്‍ ഷൂരി തുടന്നടിച്ചു.

ബജറ്റ് ചര്‍ച്ചയ്ക്കായി എന്നെ ചുമതലപ്പെടുത്തിയതായിരുന്നു. അതിനുവേണ്ടി ഒരാഴ്ച ഞാന്‍ കഠിന പരിശ്രമം നടത്തുകയും ചെയ്തു. എനിക്കു പകരം വെങ്കയ്യ നായിഡു ബജറ്റ് അവതരിപ്പിക്കുമെന്ന് തലേദിവസം രാത്രി അവരെന്നോട് പറയുകയായിരുന്നു- ഷൂരി പറയുന്നു.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്കുവേണ്ടി തന്നെ ഒഴിവാക്കി ബി.ജെ.പി മുന്‍ പ്രസിഡന്റ് നായിഡുവിനെക്കൊണ്ട് പ്രസംഗിപ്പിക്കുകയായിരുന്നു. ബജറ്റ് ചര്‍ച്ചക്കുമുന്‍പ് നടന്ന പാര്‍ട്ടി യോഗത്തില്‍ അംബാനിക്ക് അനുകൂലമായ ഈ നിര്‍ദേശത്തെ താന്‍ എതിര്‍ത്തിരുന്നു. ഇതുകൊണ്ടാണ് ബജറ്റ് ചര്‍ച്ചയില്‍ നിന്നും തന്നെ ഒഴിവാക്കിയത്. ഷൂരി വിശദീകരിക്കുന്നു.

അവസാന നിമിഷം ബി.ജെ.പി എന്നെ മാറ്റിനിര്‍ത്തിയത് ബജറ്റ് നന്നാക്കാനായിരുന്നില്ല, മറിച്ച് അംബാനിക്ക് അനുകൂലമാക്കാനായിരുന്നു. ഇതാണ് റാഡിയയുടെ ടേപ്പില്‍ നിന്നും വ്യക്തമാകുന്നത്. അതായിരുന്നു അവരുടെ ലക്ഷ്യം.

എന്നാല്‍ വെങ്കയ്യ നായിഡു ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.