മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിംഗിന്റെ അസുഖത്തെ കുറിച്ച് തനിയ്ക്ക് ഒന്നും അറിയില്ലായിരുന്നെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. മെല്‍ബണില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

യുവരാജിന്റെ അസുഖത്തെ കുറിച്ച് ഞാന്‍ അറിഞ്ഞതേയില്ല. അദ്ദേഹവുമായി അടുത്ത ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഒരു പക്ഷേ അതുകൊണ്ടായിരിക്കാം അസുഖവിവരം എന്നോട് പറയാതിരുന്നത്.

യുവരാജിന്റെ സാനിധ്യം ടീമിന് കരുത്തേകാറുണ്ടായിരുന്നു. ഒരു കളി ഒറ്റയ്ക്ക് ജയിപ്പിച്ചെടുക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.യുവരാജിനെ പോലെ കഴിവുള്ള ചിലര്‍ മാത്രമേ ടീമിലുള്ളു.

ബാറ്റിംഗില്‍ മാത്രമല്ല,ബൗളിംഗിലും എതിര്‍ടീമിനെ വിറപ്പിക്കാന്‍ യുവിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. യുവരാജ് സിംഗിന്റെ വിക്കറ്റ് എടുക്കാന്‍
എതിര്‍ ടീമംഗങ്ങള്‍ക്ക്‌ കുറച്ച് വിയര്‍ക്കേണ്ടിവരാറുണ്ടായിരുന്നു. അസുഖം ഭേദമായി താമസിയാതെ ടീമിലേക്ക് അദ്ദേഹം തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2011 ഒക്ടോബര്‍ മാസത്തിലാണ് ട്യൂമര്‍ കണ്ടെത്തിയത്. ജനുവരി 26 നാണ് ചികിത്സക്കായി യുവരാജ് അമേരിക്കയിലേക്ക് പോയത്. ഇതേതുടര്‍ന്നാണ് ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ് പര്യടനങ്ങളില്‍ നിന്ന് യുവരാജ് വിട്ടു നിന്നത്.

ചികിത്സക്കായി അമേരിക്കയിലേക്ക് പോയ താരം ബോസ്റ്റണിലെ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ഇപ്പോള്‍ ഉള്ളത്. അവിടെ അദ്ദേഹം കീമോതെറാപ്പിക്ക് വിധേയനായതായി വാര്‍ത്തകള്‍ പറയുന്നു.

Malayalam News

Kerala News In English