പല്ലുവേദന വരുമ്പോള്‍ ആദ്യം ചിന്തിക്കുക ആ പല്ലൊന്ന് വേഗം പറച്ചുകളയുന്നതിനെക്കുറിച്ചാണ്. നാലോ അഞ്ചോ പല്ല് നഷ്ടപ്പെട്ടാലെന്താ കുറേയെണ്ണം ബാക്കിയുണ്ടല്ലോ എന്ന ധാരണയിലാണ് പല്ല് വേഗം ഒഴിവാക്കുന്നത്. എന്നാല്‍ ഈ ധാരണ ശരിയല്ല.

നമ്മുടെ ഓരോ പല്ലിനും ഓരോ ഉപയോഗങ്ങളുണ്ട്. എടുത്തുകളഞ്ഞാല്‍ വല്ല്യ കുഴപ്പമില്ലാത്തതും കൃത്രിമ പല്ലുകള്‍ വയ്ക്കണ്ടാത്തതും അവസാനത്തെ അണപ്പല്ലുകള്‍ക്ക് ( വിസ്ഡം ടീത്ത്) മാത്രമാണ്. മറ്റ് പല്ലുകള്‍ക്ക് ഏതാണെങ്കിലും എടുത്തു കളയേണ്ടതായി വന്നാല്‍ കൃത്രിമ പല്ലുകള്‍ വയ്‌ക്കേണ്ടതാണെന്നാണ്.

എടുത്തു കളഞ്ഞിട്ടുള്ള പല്ലുകള്‍ മുറിവ് ഉണങ്ങിയതിനുശേഷം വയ്ക്കാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്തു കളഞ്ഞിട്ട് വയ്ക്കുവാന്‍ സാധിക്കാതെ ഉള്ള പല്ലുകള്‍ ഉണ്ടെങ്കില്‍ എടുത്തു കളഞ്ഞ പല്ലുകളുടെ ഇടത്തും വലത്തും മുകളിലുമുള്ള പല്ലുകള്‍ പരിശോധിച്ചശേഷം വയ്ക്കണമോ എന്ന് തീരുമാനിക്കാം. സൗന്ദര്യത്തെ ബാധിക്കുന്ന മുന്‍വശത്തെ പല്ലുകള്‍ പ്രാധാന്യമുള്ള പല്ലുകള്‍ നിലനിര്‍ത്തുകയും പുറകിലേക്ക് ഉള്ള അണപ്പല്ലുകള്‍ ചികിത്സിക്കാതെ പറിച്ചു കളയുകയും ചെയ്യുന്ന രീതി തെറ്റാണ്. ഈ അവസരങ്ങള്‍ ഭക്ഷണം മുമ്പിലേക്ക് വച്ച് കടിച്ചു മുറിച്ചു കഴിക്കുവാനുള്ള പ്രവണത ഉണ്ടാക്കുകയും മുന്‍ഭാഗത്തെ പല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാക്കുകയും ചെയ്യുന്നു.

പല്ലുകള്‍ വയ്ക്കുന്ന ചികിത്സ പല തരത്തില്‍ ഉണ്ട്. എടുത്തു മാറ്റുന്നതും ഉറപ്പിച്ചു വയ്ക്കുന്നതും. എടുത്തു മാറ്റാവുന്നവയില്‍ പേ്‌ളറ്റില്‍ ഉള്ള പല്ലുകള്‍ ദിവസവും രണ്ടുനേരമെങ്കിലും എടുത്ത് കഴുകി തിരികെ വയ്ക്കണം. കട്ടിയുള്ള ഫോറുകളിലും പല്ലില്‍ പിടിച്ചിരിക്കുന്ന കമ്പികളും ഇതില്‍ ഉണ്ടാകും. കമ്പിയില്ലാത്തതും ഫ്‌ളെക്‌സിബിളുമായ പേ്‌ളറ്റുകള്‍ എടുത്തുമാറ്റുന്ന തരത്തിലുള്ളത്  ഉപയോഗിക്കുവാന്‍ സുഖമുള്ളതാണ്.

ഉറപ്പിച്ചു വയ്ക്കാവുന്നവയില്‍ ക്രൗണ്‍ ബ്രിഡ്ജ് ചികിത്സയാണ് പ്രധാനം. രണ്ടു വശങ്ങളിലും ഉള്ള പല്ലുകളിലേക്ക് ഉറപ്പിച്ചുവയ്ക്കുന്ന രീതി വളരെ സാധാരണയായി ചെയ്തു വരുന്ന ചികിത്സയാണ്. പല്ലുകള്‍ ഇല്ലാത്ത സ്ഥലത്ത് ഒരു പാലം പോലെ സ്വഭാവികമായി ഇത് നിലനില്‍ക്കുന്നു. കാഴ്ച്ചയ്ക്കും, ഭക്ഷണം കഴിക്കാനും ഇത് നല്ലതാണ്.