Administrator
Administrator
ഹിന്ദു-മുസ്‌ലിം-കൃസ്ത്യന്‍, അഥവാ ഒരു കോഴിക്കോടന്‍ ഫുട്‌ബോള്‍ ടീം
Administrator
Saturday 2nd April 2011 5:00pm


ഫുട്‌ബോളിനെ എന്നും പ്രണയിച്ച കോഴിക്കോട് നഗരത്തില്‍ മതസൗഹാര്‍ദത്തിന്റെ പ്രതീകമായി വ്യത്യസ്തമായ ഒരു ടീം. ഹിന്ദു മുസ്‌ലിം കൃസ്ത്യന്‍ അസോസിയേഷന്‍(എച്ച്.എം.സി.എ) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ടീം പ്രമുഖ സ്‌പോര്‍ട്‌സ് സംഘാടകനും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗവുമായ എ.കെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ്.

1975ലാണ് ടീമിന്റെ തുടക്കം. കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായിരുന്ന മുസ്തഫ കെ.എസ്.ആര്‍.ടി.സി സ്‌പോര്‍ട്‌സ് ക്ലബ് എന്ന പേരിലാണ് ടീം തുടങ്ങിയത്. പിന്നീട് 1995ലാണ് ടീം എച്ച്.എം.സി.എ എന്ന് പുനര്‍നാമകരണം ചെയ്തത്.

ടീമിന്റെ പേരു മാറ്റത്തെക്കുറിച്ച് മുസ്തഫക്ക പറയുന്നു-‘ 1921 കാലം. കേരളത്തില്‍ മലബാര്‍ കലാപത്തിന്റെ അസ്വസ്ഥതകള്‍ പുകയുന്ന സമയമാണ്. എന്റെ പിതാവ് ചേരിയമ്മല്‍ ഹസ്സന്‍ മാസ്റ്റര്‍ വലിയ കായികപ്രേമിയായിരുന്നു.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഒരു ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ഹിന്ദു മുസ്‌ലിം ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് എന്നായിരുന്നു അതിന്റെ പേര്. സമുദായങ്ങള്‍ തമ്മിലുള്ള അനൈക്യം കളികളെക്കൂടി വിഭാഗീയവത്കരിച്ചപ്പോള്‍ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്. അക്കാലത്തെ കോഴിക്കോട്ടെ പ്രമുഖനായ ഡോക്ടറും തികഞ്ഞ മനുഷ്യ സ്‌നേഹിയുമായ ഡോ. സി.വി നാരായണ അയ്യരായിരുന്നു അസോസിയേഷന്‍ പ്രസിഡന്റ്.

ആ ടൂര്‍ണ്ണമെന്റ് അഞ്ച് വര്‍ഷം തുടര്‍ച്ചയായി നടത്തി. പിന്നീട് പല കാരണങ്ങള്‍ കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നു. ഉപ്പ അന്ന് വിഭാവനം ചെയ്ത കളിയിലെ ഈ മതസൗഹാര്‍ദമാണ് ടീമിന് ഈ പേര് നല്‍കാന്‍ എന്നെ പ്രേരിപ്പിച്ചത്. പേരു പോലെത്തന്നെ ടീമില്‍ എല്ലാ മതവിഭാഗത്തിലുള്ളവരും കളിക്കുന്നുണ്ട്.

പിന്നെ ഇപ്പോഴും ചിലയിടങ്ങളിലെങ്കിലുമുള്ള സാമുദായിക അസ്വസ്ഥതയുടെ പുകയെ അണക്കാന്‍ ഈ പേര് എന്തെങ്കിലും സഹായം ചെയ്യുമെങ്കില്‍ ആവട്ടെയെന്ന് കരുതി- മുസ്തഫ പറയുന്നു.

തികച്ചും ജനകീയമായാണ് ടീമിന്റെ പ്രവര്‍ത്തനം. വലിയ സ്‌പോണ്‍സര്‍മാരൊന്നുമില്ല. മുസ്തഫക്കയുടെ അനുജനും മക്കളുമൊക്കെയാണ് ടീമിന്റെ പ്രവര്‍ത്തനത്തിനുള്ള ചിലവ് കണ്ടെത്തുന്നത്. പിന്നെ അദ്ദേഹത്തിന്റെ അടുത്ത ചില സുഹൃത്തുക്കള്‍ സഹായിക്കും. ടീം ഇപ്പോള്‍ ഡി ഡിവിഷനില്‍ ലീഗ് മത്സരത്തില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ‘ ജനകീയമായാണ് ടീമിന്റെ പ്രവര്‍ത്തനം. പ്രൊഫഷണല്‍ ശൈലിയൊന്നുമല്ല. അതിനുള്ള പണമില്ല, എല്ലാവര്‍ക്കും കളിക്കാനാവശ്യമായ വസ്ത്രങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങി നല്‍കും. ആഘോഷങ്ങളില്‍ എല്ലാവരും ഒരുമിക്കും. ഇവിടെ എന്റെ വീട്ടില്‍ വെച്ച് എല്ലാവര്‍ക്കും ബിരിയാണി വെച്ചുകൊടുക്കും’- മുസ്തഫ പറയുന്നു.

ചുരുങ്ങിയ സാമ്പത്തിക ശേഷി മാത്രമുണ്ടായിട്ടും മികച്ച പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്. മുമ്പ് കാലത്ത് എ.ഡിവിഷനില്‍ വരെ കളിച്ചിരുന്നു എച്ച്.എം.സി.എ ടീം. പിന്നീട് സി ഡിവിഷനിലേക്ക് താഴ്ന്നു. ടീമിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇവരിപ്പോള്‍.

ടീമിന്റെ സ്ഥാപക സെക്രട്ടറിയാണ് മുസ്തഫ. പ്രസിഡന്റ് എ.കെ ഇബ്രാഹീം. ട്രഷറര്‍ കെ.സി മോഹന്‍ദാസ്, ജോയിന്റ് സെക്രട്ടറിമാര്‍-സി.എ സലാം, സി ഷംഷീദ്, കോച്ച്-റിയാസ്, മാനേജര്‍-ഷഫീഖ്.

കളിയെക്കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ നെയ്തയാളാണ് മുസ്തഫ. കളിക്കളത്തിന് പുറത്ത് നടക്കുന്ന ചില ‘കളികള്‍’ക്കെതിരെ പ്രതികരിച്ചതിന് പലരുടെയും അനിഷ്ടത്തിന് പാത്രമാവേണ്ടി വന്നിട്ടുണ്ട് അദ്ദേഹം. ‘ ടീം തന്റെ ഉടമസ്ഥതയില്‍ അധിക കാലം ഇനി കൊണ്ട് പോകാന്‍ കഴിയില്ല. ഇത്രയും കാലം ടീം നടത്താനായതില്‍ സംതൃപ്തിയുണ്ട്. അടുത്ത് തന്നെ കുടുംബത്തിലെ എല്ലാവരെയും വിളിച്ചുകൂട്ടി അവരെ ഉടമസ്ഥാവകാശം ഏല്‍പ്പിക്കണം’- മുസ്തഫ പറയുന്നു.

12 വര്‍ഷത്തോളം കേരള ഫുഡ്‌ബോള്‍ അസോസിയേഷന്‍ വൈസ്പ്രസിഡന്റായിരുന്നു എ.കെ മുസ്തഫ. 12 വര്‍ഷം ജില്ലാ എക്‌സിക്യുട്ടീവ് അംഗമായിരുന്നു. നാല് വര്‍ഷം സ്റ്റേറ്റ് കമ്മിറ്റി അംഗവുമായിരുന്നു.

തയ്യാറാക്കിയത്: കെ.എം ഷഹീദ്

Advertisement