'റോ'യിലെ ഒറ്റുകാര്‍ ;ചാരവലയില്‍ വീണ ഉദ്യോഗസ്ഥരെക്കുറിച്ച്
Daily News
'റോ'യിലെ ഒറ്റുകാര്‍ ;ചാരവലയില്‍ വീണ ഉദ്യോഗസ്ഥരെക്കുറിച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th April 2010, 10:07 pm


രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന പേരില്‍ ഇസ്‌ലാമാബാദ് ഇന്ത്യന്‍ എംബസിയിലെ നയതന്ത്രജ്ഞ മാധുരി ഗുപ്തയെ കഴിഞ്ഞ ദിവസം ഐ ബി അറസ്റ്റ് ചെയ്യുകയുണ്ടായി. ഇന്ത്യന്‍ സൈനിക രഹസ്യങ്ങളാണ് മാധുരി പാകിസ്ഥാന് കൈമാറിയതെന്നാണ് സംശയിക്കുന്നത്. ഇതിന് മുമ്പും പല നയതന്ത്ര ഉദ്യോഗസ്ഥരും ഇതുപോലെ സംശയത്തിന്റെ നിഴലിലാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്്തിട്ടുണ്ട്.

2005-07 കാലഘത്തില്‍ റഷ്യന്‍ വനിതയുമായി ബന്ധമുള്ള നേവി കമാണ്ടര്‍ ഓഫീസര്‍ സുഖ്ജീന്ദര്‍ സിങ് സംശയത്തിന്റെ നിഴലിലായിരുന്നു. വിമാനവാഹിനിക്കപ്പലായ അഡ്മിറല്‍ ഗോര്‍ഷ്‌കോവ് വാങ്ങുന്നതുമായി ബന്ധപ്പെട്ട ചുമതലയുമായി റഷ്യയില്‍ നിയമിതനായ സമയത്തായിരുന്നു ഇത്. കപ്പല്‍ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥനില്‍ നിന്ന് ചോര്‍ത്താന്‍ സ്ത്രീ ശ്രമിച്ചുവെന്നായിരുന്നു സംശയം. ഇതെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സമതിയെയും സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു.

2008 മെയില്‍ ബീജിങിലെ മുതിര്‍ന്ന ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനെ സംശയത്തിന്റെ പേരില്‍ തിരിച്ചുവിളിച്ചിരുന്നു. റോയിലെ ഉദ്യോഗസ്ഥനായ മന്‍മോഹന്‍ ശര്‍മയായിരുന്നു അത്. ശര്‍മക്ക് ബീജിങിലെ ഒരു ഭാഷാ അധ്യാപികയുമായുണ്ടായ അടുപ്പമാണ് സംശയത്തിനിടയാക്കിയത്. ചൈനീസ് സര്‍ക്കാറിന് വേണ്ടി ചാരപ്പണി നടത്തുകയായിരുന്നു യുവതിയുടെ ലക്ഷ്യമെന്നാണ് സംശയിച്ചത്. അതിര്‍ത്തിയിലെ ഇന്ത്യയുടെ നീക്കങ്ങള്‍ മനസിലാക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം.

2007 ഒക്ടോബറില്‍ റോയിലെ ഉദ്യോഗസ്ഥനായ രവി നായരെ ഹോങ്കോങില്‍ നിന്നും തിരിച്ചുവിളിക്കുകയുണ്ടായി. ചൈനീസ് ചാര സംഘടനയിലെ സ്ത്രീയുമായുള്ള സൗഹൃദമായിരുന്നു കാരണം. രവി നായരെ ശ്രീലങ്കയിലേക്ക് മാറ്റി നിയമനം നല്‍കി. എന്നാല്‍ കൊളമ്പോയിലും സ്ത്രീ ബന്ധമുണ്ടായതിന്റെ പേരില്‍ നായരെ തിരിച്ച് വിളിക്കുകയായിരുന്നു.

അമേരിക്കന്‍ ചാര സംഘടനയായ സി ഐ എക്ക് റോയുടെ ഉദ്യോഗസ്ഥന്‍ രബീന്ദര്‍ സിങ് വിവരം ചോര്‍ത്തയതും പിടിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈന്യത്തിലും സിങ് പ്രവര്‍ത്തിച്ചിരുന്നു. പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ നേപ്പാള്‍ വഴി അമേരിക്കയിലേക്ക് കടക്കുകയായിരുന്നു ഇയാള്‍. ഇതു പോലെ രണ്ടാമത്തെ സംഭവം 2006ല്‍ ഉണ്ടായി. സി ഐ എക്ക വിവരങ്ങള്‍ നല്‍കിയത് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഇന്ത്യന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു.

90കളില്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കറാച്ചിയിലെ പാകിസ്ഥാനി നഴ്‌സുമായി പ്രണയത്തിലാവുകയും അത് പിന്നീട് രാജിയിലേക്ക് നയിക്കുകയും ചെയ്തിരുന്നു. നഴ്‌സുമായുള്ള ബന്ധം ഉപയോഗിച്ച് പാക് ചാര സംഘടനയായ ഐ എസ് ഐ നേവി ഉദ്യോഗസ്ഥനെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു.

80കളില്‍ ലണ്ടനില്‍ മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥനെ കാണാതായതിന് പിന്നില്‍ ചാരവലകളാണെന്നാണ് സംശയം. എല്‍ ടി ടി ബന്ധത്തിന്റെ പേരില്‍ റോ ഉദ്യോഗസ്ഥനായിരുന്ന കെ വി ഉണ്ണികൃഷ്ണന്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്തും ഇതുപോലൊരു കേസ് ഉണ്ടായിരുന്നു. ഇന്ത്യന്‍ ഉദ്യോഗസ്ഥന് റഷ്യന്‍ യുവതിയുമായുള്ള ബന്ധം റഷ്യന്‍ ചാരസംഘടനയായ കെ ജി ബി ക്യാമറയില്‍ പകര്‍ത്തുകയും അതുപയോഗിച്ച് ഉദ്യോഗസ്ഥനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഉദ്യോഗസ്ഥന്‍ ഇക്കാര്യം ഉടന്‍ നെഹ്‌റുവിനെ അറിയിച്ചു. ഭാവിയില്‍ ഇത്തരം ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് കൊടുക്കുകയായിരുന്നു നെഹ്‌റു ചെയ്തത്.