എഡിറ്റര്‍
എഡിറ്റര്‍
ഇറാന്റെ എണ്ണ വാങ്ങരുത്, വിദേശ നിക്ഷേപത്തെ എതിര്‍ക്കരുത്; ഹിലാരി ഇന്ത്യയില്‍
എഡിറ്റര്‍
Sunday 6th May 2012 6:51pm

 

കൊല്‍ക്കത്ത: മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ കൊല്‍ക്കത്തയിലെത്തി. ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് വെട്ടിക്കുറയ്ക്കണമെന്ന ആവശ്യമാണ് ഹിലാരി പ്രധാനമായി ഇന്ത്യയുടെ മുന്നോട്ട് വെയ്ക്കുന്നത്. ഇക്കാര്യം മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

അതേസമയം എണ്ണ ഇറക്കുമതി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇറാന്‍ സംഘവും ഇന്ത്യയിലെത്തുന്നുണ്ട്. രണ്ട് സന്ദര്‍ശനവും ഒരുമിച്ചായത് യാദൃശ്ചികം. ഇറാനില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് മറ്റു രാജ്യങ്ങളോട് കല്‍പിക്കുന്ന അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയാണ് ഹില്ലരി ക്ലിന്റണ്‍. ഈ രണ്ട് ദൗത്യ സംഘങ്ങളെയും ഇന്ത്യ ഏത് രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ താല്‍പര്യം മുന്‍ നിര്‍ത്തി സ്വതന്ത്ര നിലപാടാണ് എടുക്കുന്നതെങ്കില്‍ ഇറാനില്‍ നിന്ന് കൂടുതല്‍ ഇന്ധനം വാങ്ങേണ്ടതാണ്. എന്നാല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിനും ഭീഷണിക്കും മുന്നില്‍ ഇന്ത്യക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയുമോയെന്നാണ് ചോദ്യം.

അതേസമയം ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹിലരി ക്ലിന്റണ്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ നടക്കുന്ന കൂടിക്കാഴ്ച 45 മിനിറ്റോളം നീളുമെന്നാണ് സൂചന. ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് മമതയുടെത്. മമതയെ അനുനയിപ്പിക്കുകയാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശമെന്നാണ് വിവരം.

വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം യു.പി.എ സഖ്യകക്ഷി തൃണമൂല്‍ കോണ്‍ഗ്രസ്  നേതാവ് മമതയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തല്‍ക്കാലം മാറ്റിവെയക്കുകയായിരുന്നു. ഇന്ത്യന്‍ നിലപാടിനെ പരസ്യമായി സ്വാധീനിക്കുന്ന തരത്തില്‍ അമേരിക്ക ഇടപെടല്‍ നടത്തുന്നത് നേരത്തെ തന്നെ ഏറെ വിമര്‍ശിക്കപ്പെട്ടതാണ്.

പശ്ചിമ ബംഗാളിലെ അമേരിക്കന്‍ നിക്ഷേപ വ്യാപാര സാധ്യതകള്‍, ബംഗ്ലാദേശുമായുള്ള ടീസ്റ്റ ജലം പങ്കുവയ്ക്കല്‍ കരാറര്‍ എന്നിവയും ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. ചര്‍ച്ചയില്‍ സംസ്ഥാന ധനകാര്യ മന്ത്രി അമിത് മിശ്രയും സ്‌റ്റേറ്റ് സെക്രട്ടറി സമര്‍ ഘോഷും പങ്കെടുക്കും.

കൊല്‍ക്കൊത്തയില്‍ ചില മനുഷ്യാവകാശ സംഘടനകളുടെ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ഹിലാരി ചൊവ്വാഴ്ച ദല്‍ഹിക്ക് തിരിക്കും. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും ഹിലാരി കൂടിക്കാഴ്ച നടത്തും.

ദക്ഷിണേഷ്യയിലെ മൂന്നു രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഹിലാരിയുടെ ഇന്ത്യ സന്ദര്‍ശനം. ചൈന, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷമാണ് ഹിലാരി ഇന്ത്യയിലെത്തിയത്.

Advertisement