ലണ്ടന്‍: ഇന്ത്യയില്‍ നിന്നും ഒരുപാട് പേര്‍ ഉപരപഠനത്തിനായി ബ്രിട്ടനിലേക്ക് പോകാറുണ്ട്. ബ്രിട്ടനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണവും കുറവല്ല. എന്നാല്‍ വിദേശികള്‍ വിദ്യാഭ്യാസത്തിനായി എത്തുന്നത് ബ്രിട്ടന്‍ നിയന്ത്രിക്കുന്നു.

ബ്രിട്ടനിലെ തൊഴിലവസരങ്ങള്‍ ബ്രിട്ടീഷ് ബിരുദധാരികള്‍ക്ക് മാത്രം നല്‍കിയാല്‍ മതി എന്ന് ബ്രിട്ടനിലെ മന്ത്രിമാര്‍ തീരുമാനിച്ചിരിക്കുകയാണ്. ബ്രിട്ടനിലെ 25വയസിന് താഴെയുള്ള ബിരുദധാരികളില്‍ അഞ്ചില്‍ ഒരാള്‍ തൊഴിലില്ലായ്മ അനുഭവിക്കുന്നു എന്നവിവരങ്ങളെ തുടര്‍ന്നാണിത്. ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ തൊഴിലിനുവേണ്ടി മത്സരിക്കേണ്ടിവരുന്നത് 40,000ത്തോളം വരുന്ന വിദേശ വിദ്യാര്‍ത്ഥികളുമായാണ്.

ഈ പ്രഖ്യാപനം നടപ്പില്‍ വരുത്തുന്നതിനായി വിദേശത്തുനിന്നുമെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശവിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിക്കുന്ന പണമാണ് മിക്ക യൂണിവേഴ്‌സിറ്റികളുടേയും വരുമാനമാര്‍ഗം. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇത്തരം യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനങ്ങളെയാണ് ബാധിക്കുക. എന്നാല്‍ വിദ്യാര്‍ത്ഥി വിസ ലഭിക്കുന്നവരുടെ എണ്ണം വര്‍ഷം തോറും കുറയ്‌ക്കേണ്ടതുണ്ടെന്നാണ് ഗ്രീന്‍ പറയുന്നത്.

ഈ തീരുമാനം ഇന്ത്യയില്‍ നിന്നും ഉപരിപഠനത്തിനായി ബ്രിട്ടനിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാവും.