പോര്‍ട്ട് ഓഫ് പ്രിന്‍സ്: കോളറ മരണം വിതച്ചുകൊണ്ടിരിക്കുന്ന ഹെയ്ത്തിയിലുണ്ടായ കലാപത്തില്‍ രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇവിടെ ഇപ്പോഴും കോളറ പടര്‍ന്നു പിടിയ്ക്കുകയാണ്. എന്നാല്‍ ഇതിനു കാരണം ഹെയ്ത്തിയിലെ യുഎന്‍ സമാധാന സംഘമാണെന്ന് ആരോപിച്ചാണ് അക്രമം. കാപ് ഹെയ്ത്തിയനില്‍ കല്ലേറ് നടത്തിയ പ്രതിഷേധക്കാരെ പരിച്ചുവിടുന്നതിനായി യുഎന്‍ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു. 900ലധികം പേര്‍ക്കാണ് ഇതുവരെ ജീവഹാനി നേരിട്ടിട്ടുള്ളത്.

നേപ്പാളില്‍ നിന്നെത്തിയ യുഎന്‍ സമാധാന സേനാംഗങ്ങള്‍ വഴിയാണ് ഹെയ്ത്തിയില്‍ കോളറ ബാധയുണ്ടായതെന്ന് ആരോപിച്ചാണ് പ്രക്ഷോഭം നടക്കുന്നത്. എന്നാല്‍ ഈ ആരോപണം ന്യായീകരിക്കുന്നതിനുള്ള തെളിവുകളില്ലെന്ന് യുഎന്‍ പറഞ്ഞു. എന്നാല്‍ ദക്ഷിണേഷ്യന്‍ കോളറ ഇനത്തില്‍പ്പെട്ടതാണ് ഹെയ്ത്തിയില്‍ പടര്‍ന്നു പിടിയ്ക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നൂറോളം വരുന്ന പ്രക്ഷോഭകരാണ് തെരുവില്‍ യുഎന്‍ സമാധാന സേനയ്‌ക്കെതിരെ സംഘടിച്ചത്. ഇവര്‍ ഒരു പോലീസ് സ്റ്റേഷനു തീവയ്ക്കുകയും ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. പ്രക്ഷോഭകാരികളെ പിരിച്ചുവിടുന്നതിനായി യുഎന്‍ സേന നടത്തിയ റബര്‍ ബുള്ളറ്റ് ആക്രമണത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. യുഎന്‍ സമാധാന സേന ഹെയ്ത്തി വിടണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.