എഡിറ്റര്‍
എഡിറ്റര്‍
പ്രീമിയര്‍ ലീഗില്‍ നീലിമയുടെ ഗരിമ
എഡിറ്റര്‍
Friday 18th May 2012 9:51pm


 

 

 

 

 

 

ഹോക്ക് ഐ/വിബീഷ് വിക്രം

 

 

 

 

 

പതിവിന് വിപരീതമായ കാഴ്ചകളിലേക്കാണ് തിങ്കളാഴ്ച രാവിലെ മഞ്ചസ്റ്റര്‍ നഗരവാസികള്‍ കണ്‍തുറന്നത്. പ്രീമിയര്‍ ലീഗിന് ശേഷമുള്ള ആഘോഷങ്ങളില്‍ സാധാരണയായി കടുംചുമപ്പ് നിറത്തിലലിഞ്ഞ് കാണാറുള്ള നഗരം ആകാശനീലിമയില്‍ കുളിച്ച് നില്‍ക്കുന്നു. റോഡിനിരുവശവും തിങ്ങിനിറഞ്ഞ് ആകാശത്തിന്റെ നിറമുള്ള ജഴ്‌സിയണിഞ്ഞ് ആനന്ദ ന്യത്തം ചവിട്ടുന്ന ആരാധക ലക്ഷങ്ങള്‍.  അതിനിടയിലൂടെ അരിച്ച് നീങ്ങുന്ന നീല ചമയങ്ങളാല്‍ അലംക്യതമായ തുറന്ന ബസ്സ്. അതില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവുമുയര്‍ത്തിപ്പിടിച്ച് സിറ്റിയുടെ പ്രിയതാരങ്ങള്‍.

ബസ്സിന് മുകളിലേക്ക് പറന്ന് വീഴുന്ന നീലയും വെള്ളയും നിറത്തിലുള്ള സ്റ്റിക്കറുകള്‍, കൊടിതോരണങ്ങള്‍. പ്രിയതാരങ്ങളെ വഹിച്ചുള്ള ക്ലബ്ബിന്റെ നഗരപ്രദക്ഷിണം ഒരുനോക്ക് കാണാനായി തെരുവ് വീഥിയിലെ വിളക്ക് കാലിന് മുകളിലും കെട്ടിടങ്ങള്‍ക്ക് മുകളിലും മതില്‍ കെട്ടിന് മുകളിലും  കയറിനില്‍ക്കുന്ന നിരവധിപേര്‍.  ഏതാണ്ട് പത്ത് ലക്ഷത്തോളം നാട്ടുകാരുമായ ആരാധകരാണ് ക്ലബ്ബിന്റെ ചരിത്രനേട്ടത്തിന്റെ ആഘോഷങ്ങള്‍ക്കായി മഞ്ചസ്റ്റര്‍ സിറ്റിയില്‍ ഒത്ത് കൂടിയത്.

കാത്ത് കാത്തിരുന്ന് കൈവരിക്കുന്ന വിജയത്തിന് മാധുര്യം കൂടുമെന്നാണല്ലോ. 44 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിലെ ചാംമ്പ്യന്‍ ക്ലബ്ബെന്ന ഖ്യാതി സ്വന്തമാക്കിയപ്പോള്‍, മഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീട നേട്ടം മധുരതരമാവാന്‍ കാരണവും ഈ നീണ്ട കാത്തിരിപ്പ് തന്നെ. സിറ്റിയുടെ വിജയത്തിന് മാറ്റ് കൂട്ടുന്ന മറ്റൊരു കാരണം കൂടിയുണ്ട്. ലോകത്തേറ്റവുമധികം ഫുട്‌ബോള്‍ ആരാധകര്‍ തങ്ങള്‍ക്കാണെന്ന് സ്വയം അവകാശപ്പെടുന്ന ചിരവൈരികളും, നാട്ടുകാരുമായ  മഞ്ചസ്റ്റര്‍ യുണൈറ്റഡെന്ന ചുകന്ന ചെകുത്താന്‍മാരെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കിരീടനേട്ടമെന്നതാണത്. ഇരുപതാം പ്രീമിയര്‍ ലീഗ് കിരീടമെന്ന യുണൈറ്റഡിന്റെ സ്വപ്ന തുല്യമായ നേട്ടമാണ് സിറ്റിയുടെ പോരാട്ടവീര്യത്തില്‍ പൊലിഞ്ഞത്.

8 മാസവും 38 മത്സരവുമടങ്ങിയ പ്രീമിയര്‍ ലീഗ് അവസാനിച്ചപ്പോള്‍ 89 പോയന്റുമായാണ് സിറ്റി കിരീടമുയര്‍ത്തിയത്. 38 മത്സരങ്ങളില്‍ 28 എണ്ണത്തില്‍ സിറ്റി ജയിച്ച് കയറിയപ്പോള്‍ 5 മത്സരങ്ങള്‍ തോല്‍വിയിലും അത്രതന്നെ മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു. സിറ്റിയോടൊപ്പം മഞ്ചസ്റ്റര്‍ യുണൈറ്റഡിനും സമാനമത്സരഫലങ്ങളുമായി 89 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ സിറ്റി, ചെങ്കുപ്പായക്കാരെ പിന്തള്ളുകയായിരുന്നു.അങ്ങിനെ കഴിഞ്ഞ തവണത്തെ ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ സിറ്റിക്കായി.

കഴിഞ്ഞതവണ പോയിന്റ് നിലയില്‍ ചെല്‍സിക്കൊപ്പമെത്തിയെങ്കിലും ഗോള്‍ ശരാശരിയുടെ കണക്കെടുപ്പില്‍ സിറ്റി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇത്തവണ എതിരാളികളുടെ വലയ്ക്കുള്ളില്‍ 93 ഗോളുകള്‍ നിക്ഷേപിച്ച സിറ്റി 29 ഗോളുകള്‍ വഴങ്ങുകയും ചെയ്തപ്പോള്‍ യുണൈറ്റഡിന് എതിര്‍ പോസ്റ്റിലേക്ക് 89 തവണ നിറയൊഴിക്കാനേ സാധിച്ചുള്ളൂ. 33 ഗോളുകള്‍ വഴങ്ങുകയും ചെയ്തു.

മഞ്ചസ്റ്റര്‍ ഡര്‍ബി എന്നറിയപ്പെടുന്ന പരസ്പരമുള്ള പോരില്‍ യുണൈറ്റഡിനെതിരെ നേടിയ ഉജ്ജ്വല വിജയങ്ങളും സിറ്റിയുടെ കിരീടനേട്ടത്തിന്റെ പകിട്ട് വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ 6-1 ന് ജയിച്ചു കയറിയ സിറ്റി ഏപ്രിലില്‍ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 1-0 ന് ജയം ആവര്‍ത്തിച്ചു.

1955ന് ശേഷം ആദ്യമായാണ് സ്വന്തം തട്ടകത്തില്‍ ഇത്രയും കനത്ത പരാജയം യുണൈറ്റഡിന് ഏറ്റ് വാങ്ങേണ്ടി വന്നത്. ഏപ്രിലില്‍ സ്വന്തം തട്ടകമായ എത്തിഹാദിലും യുണൈറ്റിഡിനെ തോല്‍പ്പിക്കാനായതോടെ ഗോള്‍ ശരാശരിയിലും അവരെ മറി കടക്കാന്‍ സിറ്റിക്കായി. പിന്നീടങ്ങോട്ട് പോയിന്റ് നിലയിലും ഗോള്‍ ശരാശരിയിലും പിറകോട്ട് പോകാതിരുന്ന സിറ്റി, നിര്‍ണായകമായ അവസാന മത്സരത്തില്‍ ക്യൂന്‍സ് പാര്‍ക്ക് റോഞ്ചേഴ്‌സിനെ 3-2ന് പരാജയപ്പെടുത്തിയാണ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഉജ്ജ്വല നേട്ടം കൈവരിച്ചത്.

കിരീട നേട്ടത്തിന് ക്യു പി ആറിനെതിരെ വിജയം അനിവാര്യമായിരുന്ന സിറ്റി നിശ്ചിതസമയം അവസാനിച്ചപ്പോള്‍ 2-1 ന് പിന്നിലായിരുന്നു.എന്നാല്‍ സ്വന്തം തട്ടകത്തില്‍ തങ്ങളുടെ പ്രിയ ടീമിന്റെ വിജയത്തിനായി ആര്‍ത്തലച്ച് ഒടുവില്‍ ജയത്തിനായി കണ്ണീര്‍ പൊഴിച്ച് നിശബ്ദ പ്രാര്‍ത്ഥനയില്‍ മുഴുകിയ പതിനായിരങ്ങള്‍ക്കനുകൂലമായിരുന്നു അന്തിമ വിധിയെഴുത്ത്, ഇന്‍ജുറി ടൈമില്‍ തുടരെ നേടിയ രണ്ട് ഗോളികള്‍ക്ക് ക്യു പി ആറിനെ തോല്‍പ്പിച്ച സിറ്റി, മഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അപ്രമാദിത്വ തേരോട്ടത്തിന് വിലങ്ങിട്ട്, 4 ദശാബ്ദത്തിന് ശേഷം വീണ്ടും പ്രീമിയര്‍ ലീഗ് കിരീടം ചൂടി.

1968 ലാണ് അവസാനമായി സിറ്റി ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് ഫസ്റ്റ് ഡിവിഷനില്‍ ജേതാക്കളാവുന്നത്. അറുപതുകളും എഴുപതുകളും സിറ്റിയുടെ നല്ല കാലമായിരുന്നു. ഇക്കാലയളവില്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് ,എഫ്.എ കപ്പ് ,യൂറോപ്യന്‍ കപ്പ് ,ലീഗ് കപ്പ് എന്നിവ സ്വന്തമാക്കാന്‍ സിറ്റിക്കായി. എന്നാല്‍ പിന്നീടങ്ങോട്ട് പിന്നോക്കം പോയ സിറ്റി, 1998 ല്‍ ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായി മൂന്നാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടു. വീണ്ടും പ്രീമിയര്‍ ലീഗിലെത്താന്‍ സാധിച്ചെങ്കിലും പറയത്തക്ക നേട്ടങ്ങളൊന്നും ആവര്‍ത്തിക്കാന്‍ സിറ്റിക്ക് കഴിഞ്ഞില്ല.

2008-ല്‍ എണ്ണപ്പണത്തിന്റെ കിലുക്കവുമായി അബുദാബി രാജകുടുംബം വിലക്കെടുത്തതോടെയാണ് സിറ്റിയുടെ തലവര വീണ്ടും തെളിഞ്ഞ് തുടങ്ങിയത്. പണമല്ല പ്രശ്‌നം നേട്ടമാണ് നോട്ടം എന്ന പ്രഖ്യാപിത നയവുമായി ക്ലബ്ബ് മാനേജ്‌മെന്റ് രംഗത്തെത്തിയതോടെ സിറ്റിയുടെ വളര്‍ച്ചയുടെ ഗ്രാഫ് ഉയരാന്‍ തുടങ്ങി. പുതിയ മുതലാളിമാര്‍ നിര്‍ലോഭം പണമിറക്കാന്‍ തുടങ്ങിയതോടെ റോബിഞ്ഞോ, റോക്കി സാന്താക്രൂസ് , ഇമ്മാനുവല്‍ അഡൊബൊയാര്‍, കാര്‍ലോസ് ടെവസ്, സെര്‍ജിയോ അഗ്വീറോ, സമീര്‍ നസ്രി, മരിയ ബലാറ്റോലി, ഡാനിയല്‍ സില്‍വ, യായ ടുറെ തുടങ്ങിയ ലോകോത്തര താരങ്ങള്‍ ആകാശനീല ജഴ്‌സിയണിഞ്ഞ് ക്ലബ്ബിനായി ബൂട്ട് കെട്ടിയിറങ്ങി. ഇതോടെ പടിപടിയായി നേട്ടങ്ങള്‍ സിറ്റിയെ തേടിയെത്തി.

2008-ല്‍ പ്രീമിയര്‍ ലീഗില്‍ പത്താം സ്ഥാനത്തെത്തിയ സിറ്റി അടുത്ത വര്‍ഷം അഞ്ചാം സ്ഥാനത്തെത്തി. 2009-ല്‍ മ3ര്‍ക്ക് ഹ്യൂഗ്‌സിന് പകരം കോച്ചായി ഇറ്റലിയുടെ റോബോര്‍ട്ടോ മാന്‍സീനി എത്തിയതോടെ ക്ലബ്ബിന്റെ നേട്ടങ്ങള്‍ ത്വരിതഗതിയിലായി. 30 വര്‍ഷത്തിന് ശേഷം ആദ്യമായി എഫ്.എ കപ്പ് ഫൈനലിലെത്തിയ സിറ്റി ഫൈനലില്‍ സ്റ്റോക്ക് സിറ്റിയെ തറപറ്റിച്ച് കിരീടമുയര്‍ത്തി. പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്തിയ സിറ്റി അതോടെ യുവേഹ ചാമ്പ്യന്‍ഷിപ്പിലേക്ക് നേരിട്ട് പ്രവേശനം നേടുകയും ചെയ്തു

കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനത്തില്‍ നിന്ന് ഇത്തവണ  ചാമ്പ്യന്‍മാരായി ഉയര്‍ന്ന ക്ലബ്ബിന്റെ അടുത്ത ലക്ഷ്യം യൂവേഹ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ്. പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തിന് പിന്നാലെ നടന്ന പ്രസ്സ് മീറ്റില്‍ കോച്ച് മാന്‍സിനീ ഇക്കാര്യം സംശയ ലേശമന്യേ വ്യക്തമാക്കുകയും ചെയ്തു. ‘അടുത്ത ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ് കിരീടമാണ്. ആദ്യ ലക്ഷ്യം എഫ്.എ കപ്പായിരുന്നു. പിന്നീടത് പ്രീമിയര്‍ ലീഗ് കിരീടമായി. രണ്ട് കിരീടങ്ങളും ഷോക്കേസിലെത്തിക്കാന്‍ ഞങ്ങള്‍ക്കായി. ഇനി യൂറോപ്യന്‍ കിരീടമാണ് ലക്ഷ്യം.അതിനായി ടീമെന്ന നിലയില്‍ ഇനിയുമേറെ മെച്ചപ്പെടണമെന്നെനിക്കറിയാം. ലക്ഷ്യപ്രാപ്തി കൈവരിക്കാന്‍ കഴിയുമെന്ന് തന്നെയാണ് എന്റെ വിശ്വാസം’ മാന്‍സീനി പറഞ്ഞു.

ലക്ഷ്യ സാക്ഷാത്കാരത്തിനായി രണ്ടോ മൂന്നോ മികവുറ്റ താരങ്ങളെക്കൂടി കൂടാരത്തിലെത്തിക്കാനാണ് മന്‍സീനിയുടെ ശ്രമം. ഇക്കാര്യത്തില്‍ ഓരോ വര്‍ഷവും രണ്ടും മൂന്നും പ്രമുഖ താരങ്ങളെ പാളയത്തിലെത്തിക്കുന്ന റയല്‍ മാഡ്രിഡിനെയും ബാര്‍സിലോനയെയും മാത്യകയാക്കാനാണ് കോച്ചിന്റെ തീരുമാനം. ഇതിനായുള്ള ശ്രമങ്ങള്‍ക്ക് മാന്‍സീനി തുടക്കമിട്ടു കഴിഞ്ഞു. കോച്ചിന്റെ ശ്രമങ്ങള്‍ക്ക് പണമൊരു പ്രശ്‌നമല്ലാത്ത ക്ലബ്ബ് മാനേജ്‌മെന്റും പച്ചക്കൊടി കാട്ടിക്കഴിഞ്ഞു.

ആര്‍സലിനായി കഴിഞ്ഞ രണ്ട് സീസണുകളില്‍ ഗോളുകള്‍ അടിച്ച് കൂട്ടിയ റോബിന്‍ വാന്‍പേഴ്‌സിയിലാണ് മാന്‍സീനിയുടെ നോട്ടം. കഴിഞ്ഞ തവണ 18 ഗോളുകളോടെ ടോപ്‌സ്‌കോറര്‍ പട്ടികയില്‍ മൂന്നാമതെത്തിയ വാന്‍പേഴ്‌സി ഇത്തവണ 30 ഗോളുകളോടെ ഒന്നാമതാണ്. സിറ്റിയിലെത്തി ആദ്യവര്‍ഷം തന്നെ 23 ഗോളോടെ ടോപ്‌സ്‌കോററായ അഗ്യൂറോക്കൊപ്പം വാന്‍പേഴ്‌സി കൂടി നീലനിരയില്‍ അണിനിരക്കുമ്പോള്‍ ലക്ഷ്യം അപ്രാപ്യമാവില്ലെന്ന് തന്നെയാണ്് കോച്ചിന്റെ വിശ്യാസം.

കുറിച്ച് വച്ച നേട്ടങ്ങളൊന്നൊന്നായി കൈവരിച്ച ചരിത്രമുള്ള കോച്ചിന്റെ വിശ്വാസം തെറ്റാനിടവരില്ലെന്നാണ് സിറ്റി ആരാധകരുടെയും പ്രതീക്ഷ. അങ്ങിനെയെങ്കില്‍ ആകാശനീല ജേഴ്‌സിയണിഞ്ഞ് ആകാശത്തോളം സ്വപ്നം കാണാന്‍ പഠിപ്പിച്ച മന്‍സീനിയുടെ ശിഷ്യര്‍ അധികം വൈകാതെ ചാമ്പന്യന്‍സ് ലീഗ് കിരീടത്തിലും മുത്തമിടുക തന്നെ ചെയ്യും. വീണ്ടുമൊരിക്കല്‍ക്കൂടി മഞ്ചസ്റ്റര്‍ നഗരം നീലചമയങ്ങളാല്‍ കുളിച്ച് നില്‍ക്കുന്ന നയനമനോഹരമായ കാഴ്ചക്കായി കാത്തിരിക്കാം.

Advertisement