പോര്‍ട്ടോ പ്രിന്‍സ്:  ഹെയ്ത്തിയുടെ തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിലെ ജയിലിലും കോളറ പടരുന്നതായി റിപ്പോര്‍ട്ട്. ജയിലില്‍ കഴിയുന്ന മുപ്പതോളം തടവുകാര്‍ക്ക് രോഗം ബാധിച്ചതായും ഏതാനും ദിവസങ്ങള്‍ക്കിടെ 13 പേര്‍ ഇവിടെ മരിച്ചതായും ജയില്‍ മേധാവി അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ജയിലാണ് പോര്‍ട്ടോ പ്രിന്‍സിലുള്ളത്. എങ്കിലും ഇവിടെ തടവുകാരെ കുത്തിനിറച്ച അവസ്ഥയാണ് . രണ്ടായിരത്തോളം തടവുകാരാണ് ഇവിടെയുള്ളത്. ഈ സാഹചര്യം ഇവിടെ കൂടുതല്‍ മരണത്തിനു ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ജയില്‍ മേധാവി ജീന്‍ റോണാള്‍ഡ് സെലസ്റ്റിന്‍ പറഞ്ഞു.

കഴിഞ്ഞ മാസം മുതല്‍ പടര്‍ന്നു പിടിച്ച കോളറ ഇതുവരെ 1200ഓളം പേരുടെ ജീവന്‍ അപഹരിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച മാത്രം 76 പേരാണ് മരിച്ചത്.