ശിശുദിനത്തില്‍ നാലാം ക്ലാസുകാരന്റെ ഗൂഗിള്‍ ലോഗോ
Discourse
ശിശുദിനത്തില്‍ നാലാം ക്ലാസുകാരന്റെ ഗൂഗിള്‍ ലോഗോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th November 2009, 10:30 pm

ദല്‍ഹി: നവംബര്‍ 14 ശിശുദിനമാണ്. ജവര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം കുട്ടികള്‍ പല വിധത്തില്‍ ആഘോഷിച്ചു. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനും നാലാം ക്ലാസുകാരന്‍ പുരു പ്രതാപ് സിങും ശിശുദിനം ശരിക്കങ്ങ് ആഘോഷിച്ചു കളഞ്ഞു. ശിശുദിനമായ ശനിയാഴ്ച ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്റെ ഹോം പേജില്‍ ലോഗോ പ്രതാപ് സിങ് വരച്ച “മൈ ഇന്ത്യ” എന്ന ചിത്രമാണ്. പ്രത്യേക ദിവസങ്ങളില്‍ വെക്കാനുള്ള ലോഗോക്കായി ഗുഗിള്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് അമിറ്റി സ്‌കൂളിലെ ഈ മിടുക്കനായിരുന്നു.

ഗൂഗിള്‍ എന്നതിന്റെ ഓരോ ഇംഗ്ലീഷ് അക്ഷരങ്ങളും വ്യത്യസ്ത ആശയങ്ങളെ പ്രതിനിധീകരിക്കുന്നതായിരുന്നു. മയിലിന്റെ ആകൃതിയില്‍ വരഞ്ഞ “ജി” എന്ന അക്ഷരം ഇന്ത്യയിലെ വിവിധ സംസ്‌കാരങ്ങളെ സൂചിപ്പിക്കുന്നതാണ്. ആദ്യത്തെ “ഒ” ഇന്തയുടെ സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്നു. രണ്ടാമത്തെ “ഒ” ചന്ദ്രനിലെ ജന സാന്നിധ്യം കണ്ടെത്തിയതില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞനുള്ള പങ്കിനെ സൂചിപ്പിക്കുന്നു. അടുത്ത “ജി” ജമ്മുകാശ്മീരിലെ സമ്പന്നമായ സംസ്‌കാരിത്തെ സൂചിപ്പിക്കുന്നു. “എല്‍” ഇന്ത്യ ഗേറ്റിലെ അമര്‍ജ്യോതിയെ സൂചിപ്പിക്കാനാണ്. “ഇ” എന്ന അക്ഷരം മഹാത്മാഗാന്ധിയുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു.

ചിത്രരചനക്കൊപ്പം പഠനത്തിലും പ്രതാപ് മിടുക്കനാണെന്ന് അധ്യാപികയായ അവന്റെ അമ്മ പറയുന്നു. പ്രതാപിന്റെ പിതാവ് ഇവിടത്തെ പ്രധാന കമ്പനിയുടെ അഡീഷണല്‍ ജനറല്‍ മാനേജറാണ്. പഠിച്ച് ശാസ്ത്രജ്ഞനാകാനാണ് പ്രതാപിന്റെ ആഗ്രഹം.