സ്വവര്‍ഗലൈംഗികതയെ പാപമായും പ്രകൃതിവിരുദ്ധമായൊക്കെ കണ്ട സദാചാര പോലീസുകള്‍ പിന്‍വലിയുന്നെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഹരിയാന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിന്റല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍ നടത്തിയ പഠനത്തിലാണ് സ്വവര്‍ഗാനുരാഗത്തോടുള്ള ഇന്ത്യന്‍ ജനതയുടെ മനോഭാവത്തില്‍ മാറ്റംവന്നതായി കണ്ടെത്തിയിരിക്കുന്നത്.

2009 ജൂലൈയില്‍ സ്വവര്‍ഗാനുരാഗികളോട് വിവേചനം കാണിക്കുന്നത് നിരോധിച്ചുകൊണ്ട് ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പുറത്തുവന്നിരുന്നു. അതിനുശേഷം ഇവരെ സമൂഹം അംഗീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്.

Subscribe Us:

ദല്‍ഹി ഹൈക്കോടതിയുടെ വിധി സ്വവര്‍ഗാനുരാഗികളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. ‘ സ്വവര്‍ഗാനുരാഗികള്‍ക്ക് സമൂഹത്തില്‍ അംഗീകാരം ലഭിക്കുന്നത് കൂടിവരികയാണ്. സ്വവര്‍ഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറിയെന്നും, ആളുകള്‍ തങ്ങളെ ആദരവോടെയാണ് കാണുന്നതെന്നുമാണ് അവര്‍ പറയുന്നത്.’ ലോ സ്‌കൂളിലെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ലോ, എത്തിക്‌സ് ആന്റ് ടെക്‌നോളജി വിഭാഗത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈക്കോടതി വിധിക്കുശേഷം ആദ്യമായാണ് ഇത്തരത്തിലൊരു പഠനം നടക്കുന്നത്. വിധി ചോദ്യം ചെയ്തുകൊണ്ട് ആന്റി ഗേ റൈറ്റ്‌സ് ഗ്രൂപ്പ് നല്‍കിയ ഹരജിയില്‍ സുപ്രീംകോടതിയും സ്വവര്‍ഗാനുരാഗികളെ പിന്തുണക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.

ഇന്ത്യന്‍ പീനല്‍കോഡിലെ 377 സെക്ഷന്‍ പ്രകാരം സ്വവര്‍ഗാനുരാഗം കുറ്റമായിരുന്നു. എന്നാല്‍ ദല്‍ഹി ഹൈക്കോടതി ഇത് ക്രിമിനല്‍കുറ്റമല്ലെന്ന് വിധിക്കുകയായിരുന്നു.