എഡിറ്റര്‍
എഡിറ്റര്‍
സംഗീതത്തിന്റെ നൊസ്റ്റാല്‍ജിയയുമായി ഗ്രാമഫോണ്‍ എക്‌സ്‌പോ
എഡിറ്റര്‍
Saturday 19th May 2012 11:55am

കോഴിക്കോട്: ഗ്രാമഫോണ്‍ ഒരു തലമുറയുടെ സംഗീത ഓര്‍മയാണ്. ഈ ഓര്‍മകളുടെ ചരിത്രം അനുസ്മരിപ്പിക്കുന്ന വേദിയാവുകയായിരുന്നു പോലിസ് റിക്രിയേഷന്‍ ക്ലബ്ബില്‍ നടന്ന ‘ഗ്രാമഫോണ്‍’ എക്‌സ്‌പോ. ഒട്ടനവധി ഗ്രാമഫോണുകളും വാള്‍വ് റേഡിയോകളും ടേപ്പ് റെക്കാര്‍ഡുകളും വയര്‍ റെക്കാര്‍ഡുകളും നാനൂറില്‍പരം റെക്കോര്‍ഡുകളുമായി നടന്ന ഗ്രാമഫോണ്‍ എക്‌സ്‌പോ വ്യത്യസ്തമായൊരു അനുഭവമായി.

വ്യത്യസ്ത വലിപ്പങ്ങളിലുള്ള ഗ്രാമഫോണുകളാണ് കാഴ്ച്ചക്കാര്‍ക്കായി ഒരുക്കിയിരുന്നത്. പെന്‍സില്‍ ബോക്‌സ് മുതല്‍ അലമാരയുടെ വലിപ്പമുള്ളവ വരെ അവയില്‍ ഉള്‍പ്പെടുന്നു. ഗ്രാമഫോണുകളുടെ വിവിധ ഭാഗങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഗ്രാമഫോണുകളുടെ അപൂര്‍വ്വശേഖരമായിരുന്നു മേളയില്‍ കാണാനായത്. 1898ല്‍ എമിലി ബിര്‍ലിനര്‍ കണ്ടുപിടിച്ച ആദ്യ റെക്കോര്‍ഡ് കോപ്പിമുതല്‍ 1970കളില്‍ ഇറങ്ങിയവവരെയുള്ള ഗ്രാമഫോണുകള്‍ കാഴ്ച്ചകാരില്‍ കൗതുകം ജനിപ്പിക്കുന്നവയായിരുന്നു.

കേരള വികസന കോര്‍പ്പറേഷന്‍ ഡിവിഷന്‍ മനാനേജര്‍ സണ്ണി മാത്യു, കോഴിക്കോട്ടെ ഗ്രാമഫോണ്‍ വേള്‍ഡ് എന്ന ഗ്രാമഫോണ്‍ റിപ്പയറിങ്ങ് ഷോപ്പുടമ കെ.എം ഷാഫി എന്നിവരുടെ ശേഖരങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. 36 വര്‍ഷം കൊണ്ടാണ് സണ്ണി മാത്യ തന്റെ 25000ത്തോളം വരുന്ന ഡെക്കോര്‍ഡുകളുടെ കളക്ഷന്‍ സമ്പാതിച്ചത്. ഷാഫിയുടെ അമൂല്യമായ സിഫോണിയം എന്ന ഗ്രാമഫോണ്‍ 100 വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. ഇപ്പോഴും സംഗീതമൊഴുകുന്ന സിഫോണിയം മൈസൂര്‍ മയൂസിയത്തിനു പോലും നല്‍കാതെ ഷാഫി സൂക്ഷിക്കുന്ന ഒരപൂര്‍വ്വതയാണ്.

കൈതപ്പുറം ദാമോദരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ വെച്ച് ജില്ലാകളക്ടര്‍ കെ.വി.മോഹന്‍ കുമാര്‍ എക്‌സിബിഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലബാര്‍ ഹോസ്പിറ്റല്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോക്ടര്‍ പി.എ.ലളിത, മുംബൈ സൊസൈറ്റി ഓഫ് ഇന്ത്യന്‍ റെക്കോര്‍ഡ് കളക്ടേഴ്‌സ് സെക്രട്ടറി ഡോ.സുരേഷ് ചാന്ദ് വങ്കര്‍ എന്നിവര്‍ സംസാരിച്ചു. മനോരമ ചീഫ് സബ് എഡിറ്റര്‍ ആര്‍.മധുശങ്കര്‍ സ്വാഗതവും സണ്ണി മാത്യ നന്ദിയും പറഞ്ഞു.

മേളയുടെ ഭാഗമായി ‘ഗ്രാമഫോണ്‍ ചരിത്രവും സംസ്‌ക്കാരവും’, ‘അരിക്കോസ്റ്റിക്ക് റെക്കോര്‍ഡുകള്‍’, ‘ഇലക്ട്രിക് റെക്കോര്‍ഡുകളുടെ കാലഘട്ടം’ എന്നീ വിഷയങ്ങളെ പറ്റിയുള്ള സെമിനാറുകളും നടന്നു.

Advertisement