സീറോ അവര്‍/പി.ജെ ജെയിംസ്

pj james cpiml keralaപോപ്പ് കഴിഞ്ഞാല്‍ കത്തോലിക്കാസഭയിലെ പരമോന്നതപദവിയാണ് കര്‍ദ്ദിനാളന്മാരുടേത്. ഇക്കഴിഞ്ഞ ദിവസം ഇറ്റലിയിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദ്ദിനാളായി സ്ഥാനാരോഹണം നടത്തിയ കേരളത്തില്‍ നിന്നുള്ള മാര്‍ ആലഞ്ചേരി താന്‍ ആ പദവിക്ക് എന്തുകൊണ്ടും സര്‍വഥാ യോഗ്യനാണെന്ന് ഉടന്‍ തെളിയിക്കുകയും ചെയ്തു. ഉപജീവനത്തിനായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുകയായിരുന്ന നിസ്വരും നിസ്സഹായരുമായ രണ്ടു മത്സ്യത്തൊഴിലാളികളെ ‘എന്റിക്ക ലെക്‌സി’യെന്ന ഇറ്റാലിയന്‍ കപ്പലിലെ രണ്ടു നാവികര്‍ വെടിവെച്ചു കൊലപ്പെടുത്തിയ സന്ദര്‍ഭത്തിലായിരുന്നു ആലഞ്ചേരിയുടെ കര്‍ദ്ദിനാള്‍ അഭിഷേകച്ചടങ്ങ്.

കുറ്റവാളികളായ നാവികരെ അറസ്റ്റ്‌ചെയ്ത് കൊലക്കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം വിചാരണ നടത്തണമെന്ന പൊതുജനാഭിപ്രായം ഇന്ത്യയില്‍ ശക്തമാകുന്നുവെന്ന വിവരം അറിഞ്ഞയുടനെ തന്റെ പ്രവാചകദൗത്യം നന്നായി അറിയുന്ന ആലഞ്ചേരി വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘ഫിദേസി’ലൂടെ പ്രസ്താവന പുറപ്പെടുവിക്കുകയായിരുന്നു. ഫിദേസ് ഏജന്‍സി പിന്നീട് ഈ വാര്‍ത്ത പിന്‍വലിച്ചതായി പറയുന്നുണ്ടെങ്കിലും വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്താപോര്‍ട്ടലില്‍ ആലഞ്ചേരിയുടെ പ്രസ്താവന ഇതെഴുതുമ്പോഴും കാണാവുന്നതാണ്.

ആലഞ്ചേരിയുടെ പ്രസ്താവനയുടെ ചുരുക്കമിതാണ്. മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം ദു:ഖകരമാണ്. അബദ്ധങ്ങള്‍ സംഭവിച്ച ഈ കാര്യത്തില്‍ ഗവണ്‍മെന്റ് ധൃതിപിടിച്ച് നീക്കങ്ങള്‍ നടത്തരുതെന്ന് കേരളത്തിലെ കത്തോലിക്ക മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടല്‍ കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചു. പിറവം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യശക്തികളുടെയും അമേരിക്കന്‍ ആധിപത്യത്തിന്റെയും പേര് പറഞ്ഞ് പ്രതിപക്ഷകക്ഷി ഇതില്‍ നിന്നു മുതലെടുക്കും. കത്തോലിക്കനും ഉന്നത ധാര്‍മ്മിക നിലവാരവും കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളില്‍ വമ്പിച്ച സ്വാധീനവുമുള്ള മന്ത്രി കെ.വി.തോമസുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. അദ്ദേഹം ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യുമെന്നു ഉറപ്പുതന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരുമായി നിരന്തരമായ ഇടപെടല്‍ നടത്തുമെന്നു ഞാന്‍ ഉറപ്പു നല്‍കുന്നു.

ആലഞ്ചേരിയുടെ വിശദമായ പ്രസ്താവനയുടെ സംക്ഷിപ്ത രൂപമാണ് മേല്‍ ഉദ്ധരിച്ചത്.പട്ടിണി പാവങ്ങളും ക്രിസ്ത്യാനികളുമായ രണ്ടു മത്സ്യത്തൊഴിലാളികളുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരാനോ കുടുംബത്തിന്റെ അത്താണി നഷ്ടപ്പെട്ട നിരാലംബരായ അവരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കാനോ തന്റെ പ്രസ്താവനയില്‍ ഒരിടത്തും യേശുക്രിസ്തുവിന്റെ ഈ പ്രതിപുരുഷന്‍ മിനക്കെട്ടതുമില്ല. ഏറ്റവും മര്‍ദ്ദിതരും സമൂഹത്തിന്റെ പുറംപോക്കുകളില്‍ കഴിഞ്ഞിരുന്നവരുമായ പന്ത്രണ്ട് മുക്കുവന്മാരെ അഥവാ മത്സ്യത്തൊഴിലാളികളെയായിരുന്നു യേശുക്രിസ്തു ശിഷ്യന്മാരാക്കുകയും പിന്നീട് ആലഞ്ചേരി ഇപ്പോള്‍ വഹിക്കുന്ന പദവിയായ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയതും എന്നാണ് വിശ്വാസം. ആ നിലക്ക് സഭാ പാരമ്പര്യമനുസരിച്ച് മത്സ്യത്തൊഴിലാളികളും തന്റെ പദവിയുമായുള്ള ബന്ധത്തെപ്പറ്റി അനുസ്മരിക്കാന്‍ കിട്ടിയ അതിദാരുണമായ ഈ സന്ദര്‍ഭം ഉപയോഗിക്കാന്‍ പോലും കഴിയാത്തവിധം മര്‍ദ്ദിതരുടെ ശത്രുവും സാമ്രാജ്യത്വത്തിന്റെ ഏജന്റുമായി ആലഞ്ചേരി സ്വയം പ്രഖ്യാപിക്കുകയായിരുന്നു.

 ആലഞ്ചേരി സവര്‍ണ്ണ വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നതെങ്കില്‍ അതിനോട് കടുത്ത എതിര്‍പ്പുള്ളവരും മര്‍ദ്ദിത-അവര്‍ണ്ണ പക്ഷത്തെ പ്രതിനിധീകരിക്കുന്ന, സാമ്പത്തിക-രാഷ്ട്രീയ അധികാരത്തിന് പുറത്തുള്ള മറ്റൊരു വിഭാഗവും സഭയ്ക്കകത്തുണ്ട്

ആലഞ്ചേരിയുടെയും ഇറ്റാലിയന്‍ ഭരണകൂടത്തിന്റെയും നിര്‍ദേശമനുസരിച്ചാണ് കെ.വി തോമസ് പ്രവര്‍ത്തിക്കുന്നതെന്ന് പിന്നീടുള്ള പ്രവര്‍ത്തനം പരിശോധിച്ചാല്‍ മനസ്സിലാകും. ഇറ്റാലിയന്‍ വിദേശ മന്ത്രി കൊല്ലത്തെത്തിയ അന്ന് തന്നെ കൊല്ലപ്പെട്ട വ്യക്തിയുടെ വീട്ടിലെത്തി രണ്ട് ലക്ഷം രൂപ ബ്ലഡ് മണിയായി കെ.വി തോമസ് കൈമാറിയതില്‍ നിന്ന് ഇത് വ്യക്തമാണ്.

വാസ്തവത്തില്‍ കത്തോലിക്ക സഭയില്‍ നിലനില്‍ക്കുന്ന സവര്‍ണ്ണ അവര്‍ണ്ണ വിവേചനത്തിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് ഇപ്പോഴത്തെ സംഭവം. ആലഞ്ചേരി സവര്‍ണ്ണ വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നതെങ്കില്‍ അതിനോട് കടുത്ത എതിര്‍പ്പുള്ളവരും മര്‍ദ്ദിത-അവര്‍ണ്ണ പക്ഷത്തെ പ്രതിനിധീകരിക്കുന്ന, സാമ്പത്തിക-രാഷ്ട്രീയ അധികാരത്തിന് പുറത്തുള്ള മറ്റൊരു വിഭാഗവും സഭയ്ക്കകത്തുണ്ട്. ആലഞ്ചേരി സാമ്രാജ്യത്വത്തിന് വിടുപണി ചെയ്യുമ്പോള്‍ ഈ വിഭാഗം മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്.

ഇറ്റാലിയന്‍ കപ്പല്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കാണിച്ച് സെക്രട്ടേറിയേറ്റില്‍ മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുമ്പോള്‍ അത് ഉദ്ഘാടനം ചെയ്ത സൂസെപാക്യം ഈ അവര്‍ണ്ണ വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇറ്റലിക്ക് വേണ്ടി ആലഞ്ചേരി രംഗത്തെത്തിയപ്പോള്‍ സൂസെപാക്യം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതെ തുടര്‍ന്ന് കൂടിയാണ് ആലഞ്ചേരിക്ക് പിന്നീട് നിലപാട് മാറ്റേണ്ടി വന്നത്.

ഐക്യരാഷ്ട്രസഭ അംഗീകരിച്ച  അന്താരാഷ്ട്ര നിയമപ്രകാരവും ഇന്ത്യന്‍ നിയമ പ്രകാരവും ശിക്ഷാവിധിക്കു വിധേയമാകേണ്ട രണ്ടു ക്രിമിനലുകളെ രക്ഷിച്ചെടുക്കാനുള്ള വ്യഗ്രതമാത്രമല്ല ആലഞ്ചേരിയുടെ പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്നത്, മറിച്ച് കര്‍ദ്ദിനാളെന്ന നിലയിലുള്ള അയാളുടെ സാമ്രാജ്യത്വ വിധേയത്വവും സമ്പന്നവര്‍ഗ്ഗ പക്ഷപാതിത്വവുമാണ്. വളരെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു രാജ്യമെങ്കിലും ചരിത്രപരമായി ഇറ്റലി ഒരു സാമ്രാജ്യത്വരാജ്യമാണ്. സംഭവം നടന്നതു മുതല്‍ ഇറ്റാലിയന്‍ ഭരണകൂടം പ്രകടമാക്കിവരുന്നത് സാമ്രാജ്യത്വത്തിന്റെ ഹുങ്കും ധിക്കാരവുമാണ്. അതിനു കുടപിടിക്കാനും തന്നില്‍ നിക്ഷിപ്തമായ സാമ്രാജ്യത്വദൗത്യം തക്കസമയത്ത് വിനിയോഗിക്കാനുമാണ് ആലഞ്ചേരി ശ്രമിച്ചത്.

ഇറ്റലിയുടെ ഇന്നത്തെ താരതമ്യേന പരിക്ഷീണമായ സ്ഥിതി വെച്ചുനോക്കുമ്പോള്‍ ആലഞ്ചേരിയെ ഉപയോഗപ്പെടുത്താനും അയാള്‍ വഴി ഇന്ത്യന്‍ ഭരണകൂടത്തെ സ്വാധീനിക്കാനും അതു ശ്രമിക്കുക സ്വാഭാവികമാണുതാനും. നേരെമറിച്ച് ഇന്ത്യയിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നാമമാത്രമായ ചില നടപടി ക്രമങ്ങള്‍ക്കു തയ്യാറായിട്ടുള്ളത് ആലഞ്ചേരി ഉല്‍കണ്ഠപ്പെട്ടതുപോലെ പിറവം തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തിലാണെന്ന് ന്യായമായും കരുതാവുന്നതാണ്. വാസ്തവത്തില്‍, സാമ്രാജ്യത്വത്തിന്റെ ആത്മീയ ശക്തിയും കോര്‍പ്പറേറ്റ് മൂലധനത്തിന്റെ പാദസേവകനും നിന്ദിതരെയും പീഡിതരെയും അടിച്ചമര്‍ത്തുന്നതില്‍ ഭരണ പങ്കാളിയുമെന്ന നിലയില്‍ ഔദ്യോഗിക കത്തോലിക്ക നേതൃത്വത്തിന്റെ ഭൂതവും വര്‍ത്തമാനവും അറിയുന്നവര്‍ ആലഞ്ചേരിയുടെ പ്രസ്താവനയില്‍ അത്ഭുതപ്പെടുകയില്ല. എന്തുകൊണ്ടും കര്‍ദ്ദിനാള്‍ പദവിയിലിരിക്കാന്‍ സര്‍വ്വഥാ യോഗ്യനാണ് ഇദ്ദേഹം.

തന്റെ ദൗത്യ നിര്‍വ്വഹണത്തിന് മന്ത്രി കെ.വി.തോമസിനെ ആലഞ്ചേരി കൂട്ടുപിടിച്ചത് ‘ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്’ എന്നതുപോലെയാണ്. എന്‍ഡോസള്‍ഫാന്‍ മൂലം കാസര്‍കോട്ടെ ജനങ്ങള്‍ മരിച്ചു വീഴുകയും കൊടിയ ദുരന്തങ്ങള്‍ക്ക് ഇരയാവുകയും കേരളീയ പൊതുസമൂഹം എന്‍ഡോസള്‍ഫാനെതിരെ നിലപാടെടുക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അവിടെച്ചെന്ന് ബഹുരാഷ്ട്രകുത്തകകള്‍ക്കു അനുകൂലമായി സംസാരിക്കുകയും എന്‍ഡോസള്‍ഫാന്‍ വിശിഷ്ടമാണെന്നു പറയുകയും ചെയ്ത ഒരേയൊരു മാന്യന്‍ കെ.വി.തോമസാണ്. കുപ്രസിദ്ധമായ ഫ്രഞ്ചുചാരക്കേസിലൂടെ രാഷ്ട്രീയ ശ്രദ്ധനേടി ക്രമേണ കേരളത്തിലെ കോണ്‍ഗ്രസ്സുകാരുടെ തലക്കുമീതെ സോണിയാഗാന്ധിയുടെ തിണ്ണനിരങ്ങി കേന്ദ്രമന്ത്രിയായ തോമസിന്റെ ‘ധാര്‍മ്മിക നിലവാരം’ തിരിച്ചറിയാന്‍ തീര്‍ച്ചയായും ആലഞ്ചേരിക്ക് മാത്രമേ കഴിയൂ. അതോടൊപ്പം തോമസിന്റെ ഇറ്റാലിയന്‍ സ്‌നേഹത്തെപ്പറ്റിയും ആലഞ്ചേരിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. മത നേതാവായാലും രാഷ്ട്രീയ നേതാവായാലും ‘ചോറിവിടെയും കൂറവിടെയും’ എന്ന ഈ പുത്തന്‍ അധിനിവേശാവസ്ഥ നിസ്സാരമായി തള്ളിക്കളയേണ്ടതല്ലെന്ന് ദേശാഭിമാനികളും മനുഷ്യസ്‌നേഹികളും ആലോചിക്കേണ്ടതുണ്ട്.