മുംബൈ: ഡൗ കെമിക്കല്‍സിനെ ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സ്‌പോണ്‍സര്‍ ആക്കിയതില്‍ തെറ്റില്ലെന്ന് ഷൂട്ടിംഗ് താരം ഗഗന്‍ നരംഗ്. ഡൗ കെമിക്കല്‍സിനെ പിന്തുണച്ച് രംഗത്തുവരുന്ന ആദ്യത്തെ ഇന്ത്യന്‍ അത്‌ലറ്റാണ് ഗഗന്‍ നരംഗ്.

ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സ്‌പോണ്‍സര്‍മാരാകാന്‍ ഡൗ കെമിക്കല്‍സിനെ അനുവദിക്കണമെന്ന് നരഗ് പറഞ്ഞു. 1984ലെ ഭോപ്പാല്‍ ഗ്യാസ് ദുരന്തവുമായി ബന്ധമുള്ളവരാണ് ഡൗ കെമിക്കല്‍സ്. ഒളിമ്പിക്‌സിന് സ്‌പോണ്‍സര്‍ ആവാന്‍ അനുവദിക്കുന്നതുവഴി ഡൗ കെമിക്കല്‍സിന് ‘പാപ വിമുക്തമാകാന്‍’ അവസരം നല്‍കണമെന്നാണ് അദ്ദേഹം  ആവശ്യപ്പെട്ടത്.

Subscribe Us:

‘ഭോപ്പാല്‍ ദുരന്തത്തിന് ഇരയാവേണ്ടി വന്നവര്‍ക്കുവേണ്ടി ഞാന്‍ വേദനിക്കുന്നു. ആ ദുരന്തത്തിന് ഉത്തരവാദികളായ ആളുകള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്.’ നരഗ് പറഞ്ഞു. ഡൗ കെമിക്കല്‍സിന് ദുരന്തത്തില്‍ പങ്കുണ്ടെന്ന് നമ്മള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഒളിമ്പിക്‌സ് സ്‌പോണ്‍സര്‍ഷിപ്പ് അവര്‍ക്കൊരു ശിക്ഷയാണ്. ഏതെങ്കിലുമൊരു കമ്പനിയോ വ്യക്തിയോ പാപവിമുക്തനാകാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് നമ്മള്‍ അവസരം നല്‍കണം. ഇക്കാരണം കൊണ്ട് ഗെയിംസ് ബഹിഷ്‌കരിക്കാന്‍ അത്‌ലറ്റുകളോട് ആവശ്യപ്പെടുന്നത് ഇത്രയും കാലം ഈ വലിയ മത്സരത്തിനായി ഒരുക്കം നടത്തുന്ന താരങ്ങളെ വിഷമിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോമണ്‍വെല്‍ക്ക് ഗെയിംസില്‍ നാല് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ താരമാണ് ഗഗന്‍ നരംഗ്.

ലണ്ടന്‍ ഗെയിംസ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാരും ഈ പ്രശ്‌നത്തില്‍ ഇടപെടുകയും ഇക്കാര്യം അന്തര്‍ദേശീയ ഒളിമ്പിക് അസോസിയേഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു.

25,000ത്തോളം ആളുകളുടെ മരണത്തിനിടയാക്കിയ ദുരന്തമാണ് ഭോപ്പാലില്‍ ഉണ്ടായത്. ഇന്നും 100,000 ആളുകള്‍ ഈ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി കഴിയുകയാണ്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയോ, ഇവര്‍ക്കു വേണ്ട ചികിത്സാ സഹായം നല്‍കുകയോ ചെയ്യാത്ത ഡൗ കെമിക്കല്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഒളിമ്പിക്‌സില്‍ ഇന്ത്യ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

Malayalam new, Kerala news in English