ഏറെ വിസ്മയകരമായ ഒന്നാണ് പറക്കും തളിക. പറക്കും തളികയെന്താണെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഒരു നിര്‍വചനം കണ്ടെത്താന്‍ ആയിട്ടില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ പറക്കും തളികകളെ കുറിച്ച് മനുഷ്യര്‍ കേട്ടിരുന്നു എന്നാണ് അറിയുന്നത്. ഏതാണ്ട് ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ ഹുവാന്‍ പ്രദേശങ്ങളിലെയും മറ്റും രചനകളില്‍ പറക്കും തളികകള്‍ക്ക് സമാനമായ ആകാശയാനങ്ങളുടെ ചിത്രങ്ങള്‍ മനുഷ്യര്‍ കൊത്തിവെച്ചിട്ടുണ്ട്.

എ ഡി നാലാം നൂറ്റാണ്ടിലും മറ്റും ഇറ്റലിക്കാര്‍ ഇത്തരം ആകാശയാനങ്ങളെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും ഇത്തരം വാഹനങ്ങള്‍ കണ്ടതായി രേഖപ്പെടുത്തുന്നു.

ഇതോടെ തന്നെ അന്യഗ്രഹജീവികളും പറക്കും തളികകളും വെറും കെട്ടുകഥയല്ലെന്നതിന് തെളിവായി. ഇതോടെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പറക്കും തളികകള്‍ പ്രത്യക്ഷപ്പെട്ടതായി കഥകളും കേട്ടുതുടങ്ങി. ഈ കഥകള്‍ പലതും അവതരിപ്പിക്കപ്പെട്ടത് ചിത്രങ്ങള്‍ തുടങ്ങിയ ശാസ്ത്രീയ പിന്‍ബലത്തോടെയാണ്. ഒന്നിലേറെ പേര്‍ ഒരേസമയം പറക്കും തളികകളെ കണ്ടതായും കഥകള്‍ വന്നു. സോസര്‍ ആകൃതിയിലുള്ള ഈ ആകാശയാനങ്ങളുടെ യാഥാര്‍ത്ഥ്യമറിയാനായി ചിലര്‍ വര്‍ഷങ്ങളോളം ചിലവഴിച്ചു.

ഒരുകാലത്ത് ചൊവ്വ തുടങ്ങിയ അന്യഗ്രഹങ്ങളില്‍ മനുഷ്യന് തുല്യരായ ജീവികള്‍ ഉണ്ടായിരുന്നുവെന്ന്് തന്നെയാണ് ലോകം വിശ്വസിച്ചത്. ചൊവ്വയിലുള്ള ആളുകള്‍ ഭൂമിയിലിറങ്ങിവന്ന് മനുഷ്യരോട് സംസാരിച്ചെന്നു വരെ ആളുകള്‍ അന്ന് പറഞ്ഞിരുന്നു. തളികയില്‍ ഭൂമിയില്‍ വന്നിറങ്ങിയ അന്യഗ്രഹ ജീവികളെ വിവരിച്ചത് പലരും പലതരത്തിലായിരുന്നു. അതില്‍ ചിലരുടെ അനുഭവങ്ങള്‍ പറയാം.

1952 സെപ്റ്റംബര്‍ 12 ന് വെസ്റ്റ് വെര്‍ജീനിയയിലെ ഒരു ഗ്രാമത്തില്‍ എട്ടുപേരടങ്ങുന്ന ഒരു സംഘം ഒരു അത്ഭുത കാഴ്ച കണ്ടു. രാത്രി ചുവന്ന വെളിച്ചം താഴ്ന്നു വരുന്നു. അതെന്തെന്നറിയാന്‍ സംഘം അവിടേക്കു ചെന്നു. അവിടെ രണ്ട് വലിയ കണ്ണുകള്‍. സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടി ടോര്‍ച്ച് തെളിയിച്ചപ്പോള്‍ മൂന്ന് മീറ്റര്‍ ഉയരമുള്ള ഒരു രൂപം കണ്ടു. കുറച്ചകലെയായി ചുവന്ന വെളിച്ചവുമായി താഴെയിറങ്ങിയ വാഹനവും. ആ രൂപം ആളുകളെ കണ്ട് അടുത്തേക്ക് വന്നപ്പോള്‍ എല്ലാവരും ജീവനും കൊണ്ടോടി. വിവരമറിഞ്ഞ് പോലീസെത്തി ആ പ്രദേശം മുഴുവന്‍ തിരഞ്ഞെങ്കിലും പറക്കും തളിക പോയിട്ട് ഒരു തളിക പോലും കാണാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് ആ വാഹനം ഇറങ്ങിയതിന്റെ അടയാളം വ്യക്തമായി കാണാന്‍ കഴിഞ്ഞു.

1955 ല്‍ അമേരിക്കയിലെ കെന്റക്കിലും സമാനമായ സംഭവം നടന്നു. ഒരാള്‍ കിണറില്‍ നിന്നും വെള്ളം എടുക്കുകയായിരുന്നു. അപ്പോഴാണ് ആകാശത്തു നിന്നും വെളിച്ചമുള്ള ഒരു വസ്തു താഴേക്ക് വന്നിറങ്ങുന്നത് കണ്ടത്. ആ വാഹനത്തില്‍ നിന്നിറങ്ങിയ ജീവി ആ വീടിനടുത്തേക്ക് ചെന്നു. ഇതുകണ്ട വീട്ടുകാര്‍ തോക്കെടുത്ത് വെടിവെച്ചപ്പോഴേക്കും അത് രക്ഷപ്പെട്ടു. ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി നോക്കുമ്പോള്‍ പ്രകാശമുള്ള ഒരു വാഹനം പറന്നു പോകുന്നതാണ് കണ്ടത്. ഇങ്ങനെ നിരവധി കഥകള്‍ പറക്കും തളികയെ ചുറ്റിപ്പറ്റിയുണ്ട്

പറക്കും തളികാ ചിത്രങ്ങളില്‍ ഒട്ടേറെയെണ്ണം കൃത്യമായി രൂപകല്‍പ്പന നടത്തി ഉണ്ടാക്കിയെടുത്തവയാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും ചിലതെങ്കിലും വിശ്വസിനീയമാണെന്ന് അഭിപ്രായമുണ്ട്. പറക്കും തളികയുടെ കഥയിലെ ആദ്യത്തെ രക്തസാക്ഷി മെല്‍ബണിലെ വ്യോമപരിശീലകനാണെന്നാണ് പറയുന്നത്. ഓസ്‌ട്രേലിയയിലെ മൊറാബിന്‍ എയര്‍പോട്ടില്‍ 1978 ഒക്ടോബര്‍ 21 ന് രാത്രി ഏഴ് മണിക്ക് തന്റെ കൊച്ചു വിമാനത്തില്‍ പറന്നു പൊങ്ങിയ ഫ്രെഡറികിനെ പിന്നീട് ആരും കണ്ടിട്ടില്ല. വിമാനം പൊന്തി ഒരു മണിക്കൂറിന് ശേഷം എയര്‍പോര്‍ട്ടിലെ കണ്‍ട്രോള്‍ ടവറിലേക്ക് തന്റെ നേര്‍ക്ക് ഒരു കൂറ്റന്‍ വിചിത്ര വാഹനം പറന്നു വരുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹം പറഞ്ഞതുപോലൊരു വാഹനം ഭൂമിയില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയിട്ടില്ല എന്ന് കണ്‍ട്രോള്‍ ടവറിലുള്ളവര്‍ക്ക് ഉറപ്പായിരുന്നു. പിന്നെ ഈ അത്ഭുത വാഹനം എവിടെ നിന്നു വന്നു. എന്തായാലും ഫ്രെഡറികിനേയും അദ്ദേഹത്തിന്റെ വാങ്ങനത്തെയും പിന്നീടാരും കണ്ടിട്ടില്ല.

Malayalam News

Kerala News In English