ആകാശത്തിലൂടെ ഒന്ന് പറക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പറവകളും പക്ഷികളും എത്ര നിസാരമായാണ് ആകാശത്തിലൂടെ പറക്കുന്നത്. ചിറകില്ലെങ്കിലും ആകാശത്തിലൂടെ പറക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് വിമാനങ്ങളുടെ കണ്ടുപിടിത്തവും നടന്നത്. ലോകത്ത് ആദ്യമായി വിമാനം പറത്തിയ സഹോദരന്‍മാര്‍ ആരാണെന്നും അത് എവിടെയാണെന്നും കൂട്ടുകാര്‍ക്ക് അറിയാമോ..?

1903 ഡിസംബര്‍ 17 നാണ് ആ ചരിത്ര സംഭവം നടന്നത്. അമേരിക്കയിലെ ഓര്‍ വെല്‍ റൈറ്റ്, വില്‍ബര്‍ റൈറ്റ് എന്നീ സഹോദരങ്ങള്‍ ഫ്‌ളെയര്‍ 1 എന്ന വിമാനം അത്‌ലാന്റിക് സമുദ്രതീരത്തുവെച്ച് ആകാശത്തേക്ക് പറത്തിയത്. 12 സെക്കന്റുകൊണ്ട് രണ്ടുപേരും 37 മീറ്റര്‍ ദൂരം വിമാനത്തില്‍ സഞ്ചരിച്ചു. ഇതാണ് ലോകത്തെ ആദ്യ വിമാനയാത്ര. ഒരു പക്ഷേ അവര്‍ അന്ന് അങ്ങനെയൊരു പരീക്ഷണം നടത്തിയില്ലായിരുന്നെങ്കില്‍ ഇന്നത്തെ നമ്മുടെ ആകാശ യാത്ര മറ്റേതെങ്കിലും തരത്തിലായേനെ.

Subscribe Us:

പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ലാത്ത റൈറ്റ് സഹോദരന്‍മാര്‍ക്ക്  പഠിത്തത്തേക്കാള്‍ താത്പര്യം യന്ത്രനിര്‍മ്മാണത്തോടായിരുന്നു.ആദ്യമായി സൈക്കിള്‍ നിര്‍മ്മാണ രംഗത്താണ് അവര്‍ കാലുറപ്പിച്ചത്. സ്വന്തമായി സൈക്കിള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയതോടെ അവരുടെ ജീവിതത്തില്‍ പലമാറ്റങ്ങളും സംഭവിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കെ അച്ചടിയന്ത്രം ഉണ്ടാക്കുന്നതിനെ കുറിച്ചും അവര്‍ ആലോചിച്ചു തുടങ്ങി. കുറച്ചുനാള്‍ പിന്നെ അച്ചടിയുടെ ലോകത്തായിരുന്നു അവര്‍.

അങ്ങനെയിരിക്കെയാണ് വിമാനം എന്ന ആശയം ഇവരില്‍ ഉണ്ടായത്. അതിനുപിന്നിലും ഒരു കഥയുണ്ട്. ജര്‍മ്മനിയില്‍ ” ഓട്ടോ ലിലിയന്തോള്‍ ‘ എന്ന ശാസ്ത്രഞ്ജന്‍ ഗ്ലൈഡിംഗ് വിജയകരമായി പരിശീലിപ്പിച്ചു എന്ന വാര്‍ത്തയാണ് അവരെ വിമാനം എന്ന സ്വപ്‌നത്തിലേക്ക് എത്തിച്ചത്. ഇന്ധന സാങ്കേതിക വിദ്യയും ശാസ്ത്ര വിഭാഗവും ഏതാണ്ട് വികസിച്ചുകഴിഞ്ഞ സമയമായിരുന്നു അത്. അതുകൊണ്ടു തന്നെ വിമാനം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാനുള്ള സാധ്യതയും ഏറെയായിരുന്നു.

1899ലാണ് റൈറ്റ് സഹോദരന്‍മാര്‍ ആദ്യമായി വിമാനത്തിന്റെ പ്രഥമ മാതൃകയുണ്ടാക്കുന്നത്. 1900,1901,1902 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് ഗ്ലൈഡറുകള്‍ ഉണ്ടാക്കി അവയില്‍ പരീക്ഷണം നടത്തി വേണ്ട മുന്‍കരുതലുകളൊക്കെ എടുത്തു. അങ്ങനെ് 1903 ല്‍ ഇന്ധനം കൊണ്ടുപ്രവര്‍ത്തിക്കുന്ന ആദ്യത്തെ വിമാനം പറത്തി ഇവര്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

പിന്നീട് വന്ന വര്‍ഷങ്ങള്‍ വിമാനത്തിന്റെ വികസനകാലമായിരുന്നു. അമേരിക്കയിലും യൂറോപ്പിലും ഇവരുടെ വിമാനം ഏറെ പ്രചാരം നേടി. ആകാശയാത്രയെന്ന സ്വപ്്‌നം യാഥാര്‍ത്ഥ്യമാക്കിയ റൈറ്റ് സഹോദരങ്ങളെ ലോകമൊട്ടാകെ അഭിനന്ദിച്ചു. റൈറ്റ് സഹോദരന്‍മാരില്‍ ഇളയവനായ വില്‍ബര്‍ റൈറ്റ് 1912 മെയ് 20 ന് ടൈഫോയിഡ് ബാധിച്ച് മരിച്ചു. മൂത്ത സഹോദരനായ ഓര്‍വില്‍ റൈറ്റ് 1948 ജനുവരി 30 ന് ഈ ലോകത്തോട് വിടപറഞ്ഞു..വ്യോമയാന മേഖലയില്‍ ഇത്രയേറെ സംഭാവനകള്‍ നല്‍കിയ ആ മഹാത്മാക്കളെ കുറിച്ചോര്‍ത്ത് നമുക്ക് അഭിമാനിക്കാം.