മുംബൈ: ലിബിയയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യസംഘം ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തല്‍ എത്തി. ഇന്ത്യയുടെ എയര്‍ബസ് എ-170 വിമാനത്തില്‍ രാത്രി 11.50നാണ് സംഘമെത്തിയത്.

290 പേര്‍ ഉള്‍പ്പെട്ട സംഘത്തില്‍ 30 ഓളം പേര്‍ മലയാളികളാണ്. തിരിച്ചെത്തിയ മലയാളികളെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലേക്ക് വിമാനമാര്‍ഗം എത്തിക്കും. കേന്ദ്ര വിദേശകാര്യമന്ത്രി ഇ.അഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ മടങ്ങിയെത്തിയവരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

നാവികസേനയുടെ കപ്പലുകളായ ഐ.എന്‍.എസ് ജലാശ്വ, ഐ.എന്‍.എസ് മൈസൂര്‍ എന്നിവയും ലിബിയയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി ഇപ്പോള്‍ മെഡിറ്ററേനിയന്‍ കടലിലുള്ള യാത്രക്കപ്പലിന്റെ സഹായവും തേടിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 1,600 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ കപ്പല്‍.

18,000 ഇന്ത്യക്കാരാണ് ലിബിയയിലുള്ളത്. രാജ്യത്തിന്റെ പലഭാഗങ്ങളിലായുള്ള ഇവരെ മുഴുവന്‍നാട്ടിലെത്തിക്കാന്‍ 10മുതല്‍ 12 ദിവസം വരെയെടുക്കും.